ബച്ചന് 20 കോടി, അര്‍ജുനനാവാന്‍ വിജയിയുടെ പ്രതിഫലം കോടികളോ? കല്‍ക്കിയില്‍ ദുല്‍ഖര്‍ വാങ്ങിയത് ഇത്ര
ഹൈദരാബാദ്: തെലുങ്കില്‍ നിന്നുള്ള കല്‍ക്കി 2898 എഡി ലോകത്താകെ വിസ്മയം തീര്‍ത്ത് കൊണ്ടിരിക്കുകയാണ്. വമ്പന്‍ ഹിറ്റിലേക്ക് ചിത്രം കുതിച്ച് കൊണ്ടിരിക്കുകയാണ്. അമിതാഭ് ബച്ചന്റെയും പ്രഭാസിന്റെയും കമല്‍ഹാസന്റെയും ദീപികയുടെയും പ്രകടനം ചിത്രത്തില്‍ ഏറെ പ്രശംസ നേടി കഴിഞ്ഞു. എന്നാല്‍ അതിലേറെ പല പ്രേക്ഷകരെയും ഞെട്ടിച്ചത് ചിത്രത്തിലെ ക്യാമിയോ വേഷങ്ങളാണ്.
നിരവധി താരങ്ങളാണ് ചെറിയ വേഷങ്ങളിലായി എത്തിയത്. മലയാളത്തിന്റെ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍ണായകമായ ഒരു വേഷം ചെയ്തിരുന്നു. അതുപോലെ വിജയ് ദേവരകൊണ്ട അര്‍ജുനനായിട്ടാണ് ചിത്രത്തിലെത്തിയത്. ഇത് ഏറെ പ്രശംസയും ആരാധകരില്‍ നിന്ന് നേടിയിരുന്നു.

മൃണാല്‍ താക്കൂര്‍, എസ്എസ് രാജമൗലി, രാംഗോപാല്‍ വര്‍മ എന്നിവരും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് ദുല്‍ഖറിന്റെയും വിജയിയുടെയും ക്യാമിയോ റോളുകള്‍ തന്നെയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ക്യാപ്റ്റന്‍ എന്ന റോളിലാണ് എത്തിയത്. പ്രഭാസിന്റെ ഭൈരവയെ എടുത്ത് വളര്‍ത്തുന്നയാളാണ് ദുല്‍ഖറിന്റെ കഥാപാത്രം.
ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഈചിത്രത്തിന് 600 കോടിയാണ് നിര്‍മാണ ചെലവ്. എന്നാല്‍ രണ്ട് ദിവസം കൊണ്ട് തന്നെ 300 കോടി രൂപയ്ക്കടുത്ത് ചിത്രം നേടി കഴിഞ്ഞു. ഹിന്ദിയില്‍ നിന്നടക്കം ചിത്രത്തിന് വലിയ കളക്ഷനാണ് ലഭിക്കുന്നത്. പാന്‍ ഇന്ത്യന്‍ ബ്ലോക്ബസ്റ്ററായി ചിത്രം മാറുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ക്യാമിയോ റോളില്‍ വന്നവര്‍ പ്രതിഫലം വാങ്ങിയിട്ടുണ്ടോ എന്ന കാര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഇതിന് പിന്നാലെ വിജയ് ദേവരകൊണ്ടയുടെ പ്രതിഫലം അടക്കം തെലുങ്ക് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കല്‍ക്കിയില്‍ ഫ്‌ളാഷ് ബാക്ക് ഭാഗങ്ങളിലാണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.
കല്‍ക്കിയുടെ സംവിധായകന്‍ നാഗ് അശ്വിന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളിലും വിജയ് ദേവരകൊണ്ടയ്ക്ക് മികച്ച വേഷങ്ങളുണ്ടായിരുന്നു. നാഗ് അശ്വിന്റെ ആദ്യ ചിത്രമായ എവഡെ സുബ്രഹ്‌മണ്യത്തിലൂടെയാണ് വിജയ് ദേവരകൊണ്ട ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. മഹാനടിയിലും മികച്ച വേഷം താരത്തിനുണ്ടായിരുന്നു. എന്നാല്‍ വിജയ് പ്രതിഫലമൊന്നും കല്‍ക്കിയില്‍ വാങ്ങിയിട്ടില്ല.
ഒരുരൂപ പോലും വാങ്ങാതെയാണ് അര്‍ജുനനായി വിജയ് കല്‍ക്കിയില്‍ അഭിനയിച്ചത്. ഇതാണെങ്കില്‍ രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ചിത്രത്തില്‍ കുറച്ച് നേരം മാത്രമേയുള്ളൂ വിജയ് എന്നാണ് പരാതി. എന്നാല്‍ കല്‍ക്കിയുടെ രണ്ടാം ഭാഗത്തില്‍ കൂടുതല്‍ റോള്‍ വിജയിക്കുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അതും മഹാഭാരത യുദ്ധം കാണിക്കുന്ന വേളയിലായിരിക്കാനാണ് സൂചന.
അതേസമയം വിജയ് മാത്രമല്ല ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ള ക്യാമിയോ റോള്‍ ചെയ്ത ഭൂരിഭാഗം നടന്‍മാരും ഒരുരൂപ പോലും ചിത്രത്തിനായി പ്രതിഫലം വാങ്ങിയിട്ടില്ല. ദുല്‍ഖര്‍ അതിന് പുറമേ കല്‍ക്കി കേരളത്തില്‍ വിതരണത്തിനെത്തിക്കുകയും ചെയ്തു. പ്രഭാസും ചിത്രത്തിനായി പ്രതിഫലം കുറച്ചിരുന്നു. 80 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം, അമിതാഭ് ബച്ചന്‍ 20 കോടിയും പ്രതിഫലമായി വാങ്ങി.












Click it and Unblock the Notifications