തെലുങ്കില്‍ ഹാട്രിക്കടിച്ച് ദുല്‍ഖര്‍, ബോക്‌സോഫീസില്‍ ലക്കി ഭാസ്‌കര്‍ നേടിയത് 20 കോടി; പ്രതിഫലം ഇത്ര
ഹൈദരാബാദ്: ദുല്‍ഖര്‍ സല്‍മാന്റെ ലക്കി ഭാസ്‌കര്‍ ബോക്‌സോഫീസില്‍ കുതിക്കുകയാണ്. റിലീസിന് പിന്നാലെ വന്‍ അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ദുല്‍ഖര്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ചിത്രം റിലീസ് ചെയ്യുന്നത്. തെലുങ്കില്‍ ഈ വര്‍ഷത്തെ ഉയര്‍ന്ന ഗ്രോസറുകളിലൊന്നായി ലക്കി ഭാസ്‌കര്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ തുടര്‍ച്ചയായ മൂന്നാമത്തെ സോളോ ഹിറ്റിലേക്കാണ് ലക്കി ഭാസ്‌കര്‍ കുതിക്കുന്നത്. മുപ്പത് കോടി ബജറ്റിലാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മഹാനടിയായിരുന്നു ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രം. ഈ ചിത്രം ആഗോള തലത്തില്‍ 90 കോടിയോളം നേടിയിരുന്നു. രണ്ടാമത്തെ ചിത്രമായ സീതാരാമം 100 കോടിക്കടുത്താണ് നേടിയത്.

കല്‍ക്കിയില്‍ ക്യാമിയോ റോളിലും ദുല്‍ഖര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതും വലിയ ഹിറ്റായി മാറിയിരുന്നു. ആയിരം കോടിയില്‍ അധികമാണ് ചിത്രം കളക്ട് ചെയ്തത്. ലക്കി ഭാസ്‌കര്‍ ആദ്യ ദിനത്തില്‍ 12 കോടിയില്‍ അധികമാണ് വേള്‍ഡ് വൈഡായി കളക്ട് ചെയ്തത്. ഒന്നര ദിവസം കൊണ്ട് ഇരുപത് കോടിയോളം ചിത്രം ബോക്‌സോഫീസില്‍ നിന്ന് നേടിയിട്ടുണ്ട്.
മഹാനടിക്കും, സീതാരാമത്തിനും മുകളില്‍ ലക്കി ഭാസ്‌കര്‍ കളക്ട് ചെയ്യുമെന്നാണ് സൂചന. ദീപാവലിയായത് അവധി ദിനങ്ങളാണ് തുടരെയുള്ളത്. അത് ബോക്‌സോഫീസില്‍ നേട്ടമാകുമെന്ന് ഉറപ്പാണ്. ദീപാവലി അവധിക്കാലം കഴിയുമ്പോഴേക്ക് ബോക്‌സോഫീസില്‍ നിന്ന് ചിത്രം 50 കോടിയില്‍ അധികം നേടുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം 50 കോടിയില്‍ അധികം നേടിയാല്‍ തന്നെ ബോക്‌സോഫീസില്‍ ചിത്രം ഹിറ്റാവും. കേരളത്തില്‍ അടക്കം ലക്കി ഭാസ്‌കറിന്റെ സ്‌ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ചിട്ടുണ്ട്. ആദ്യ ദിനം കേരളത്തില്‍ രണ്ട് കോടിയില്‍ അധികം നേടിയിട്ടുണ്ട് ദുല്‍ഖറിന്റെ ലക്കി ഭാസ്‌കര്‍. ഡിക്യുവിന്റെ താരമൂല്യം കൂടി പരിഗണിക്കുമ്പോള്‍ കളക്ഷന്‍ രണ്ടാം ദിനം മൂന്ന് കോടി പിന്നിട്ടിേക്കും.
തെലുങ്കില്‍ ആദ്യ ദിനം 29.52 ആയിരുന്നു മോണിംഗ് ഷോകളുടെ ഒക്ക്യുപ്പെന്‍സി. ഉച്ചയ്ക്ക് ഇത് 48.24 ശതമാനമായി ഉയര്‍ന്നു. 32.83, 43.3 ശതമാനം എന്നിങ്ങനെയായിരുന്നു വൈകീട്ടത്തെയും രാത്രിയിലെയും ഷോകളുടെയും ഒക്ക്യുപ്പെന്‍സി. ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചതെന്ന് ഇതിലൂടെ വ്യക്തമാണ്.
അതേസമയം ദുല്‍ഖര്‍ ലക്കി ഭാസ്‌കറിനായി വാങ്ങിയ പ്രതിഫലവും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്. പത്ത് കോടിയാണ് ഈ ചിത്രത്തിനായി ദുല്‍ഖര്‍ വാങ്ങിയതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് ഔദ്യോഗിക കണക്കുകള്‍ അല്ല. നിര്‍മാണ കമ്പനി ഈ പ്രതിഫലം സ്ഥിരീകരിച്ചിട്ടില്ല.
അന്യഭാഷാ ചിത്രങ്ങള്‍ക്കായി ദുല്‍ഖര്‍ കൂടുതല്‍ പ്രതിഫലം വാങ്ങാറുണ്ട്. ആറ് കോടിയാണ് മലയാള ചിത്രങ്ങള്‍ക്ക് ദുല്‍ഖറിന്റെ പ്രതിഫലം. കാന്താ പോലുള്ള വമ്പന്‍ ചിത്രങ്ങളും അന്യഭാഷയില്‍ ദുല്‍ഖറിന്റെ ബാനറില്‍ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ നഹാസ് ഹിദായത്ത്, സൗബിന്‍ ഷാഹിര്‍ ചിത്രങ്ങള്‍ എന്നിവയാണ് ദുല്‍ഖര്‍ അഭിനയിക്കാന്‍ പോകുന്നത്.












Click it and Unblock the Notifications