സലാര്‍ ഇഫക്ടോ? ഹിരാനിയും ഷാരൂഖും ഒന്നിച്ചിട്ടും ഡങ്കിക്ക് റെക്കോര്‍ഡില്ല; ആദ്യ ദിന കളക്ഷന്‍ ഇത്ര
ബോളിവുഡില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ക്ലാഷാണ് സംഭവിച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ഡങ്കിയും പ്രഭാസിന്റെ സലാറും ഒരുമിച്ച് റിലീസ് ചെയ്തിരിക്കുകയാണ്. നേരിട്ടുള്ള ക്ലാഷ് ഒഴിവാക്കാന്‍ ഡങ്കി ഒരു ദിവസം നേരത്തെ എത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. ഇത്തവണ രണ്ട് 50 കോടിക്ക് മുകളില്‍ ഓപ്പണിംഗ് ഷാരൂഖ് ഖാന്റെ ചിത്രങ്ങള്‍ നേടിയിരുന്നു.
എന്നാല്‍ ഡങ്കിയുടെ കളക്ഷന്‍ വളരെ പിന്നിലാണ്. ആദ്യ ദിനം 28 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഈ വര്‍ഷത്തെ ഷാരൂഖ് ഖാന്റെ ഏറ്റവും മോശം ഓപ്പണിംഗാണിത്. ഹാട്രിക്ക് വിജയം ലക്ഷ്യമിട്ടിറങ്ങിയ ഷാരൂഖിന് അത് നേടാനാവുമോ എന്ന് രണ്ടാം ദിനം മുതല്‍ അറിയാനാവും. പശ്ചിമ ബംഗാളില്‍ നിന്ന് മാത്രം ചിത്രം രണ്ടര കോടി നേടിയിട്ടുണ്ട്. ഡല്‍ഹി എന്‍സിആര്‍, മുംബൈ സിറ്റി എന്നിവിടങ്ങളിലാണ് ചിത്രത്തിന് കൂടുതല്‍ കളക്ഷന്‍ ഉള്ളത്.

അതേസമയം രണ്ടാം ദിനം ചിത്രം തിരിച്ചടി നേരിടാന്‍ സാധ്യത കൂടുതലാണ്. സലാര്‍ ഇന്ന് റിലീസ് ചെയ്തിട്ടുണ്ട്. മാസ് മാര്‍ക്കറ്റുകളെല്ലാം സലാറിനാണ് മുന്‍തൂക്കം നല്‍കുന്നത്. ചിത്രം വമ്പന്‍ കളക്ഷന്‍ നേടുമെന്നാണ് പോസിറ്റീവ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. ഡങ്കിയുടെ കളക്ഷനില്‍ നല്ലൊരു ഭാഗം വരുന്നത് ദക്ഷിണേന്ത്യയില്‍ നിന്നാണ്. എന്നാല്‍ സലാര്‍ വരുന്നതോടെ ഇവിടെ കളക്ഷന്‍ കുറയുമെന്ന് ഉറപ്പാണ്. രാജ്കുമാര്‍ ഹിരാനിക്കൊപ്പം ചേര്‍ന്നിട്ടും ഷാരൂഖ് ഖാന്‍ ചിത്രത്തിന് വേണ്ടത്ര കളക്ഷന്‍ നേടാനായില്ല.
ഇതുവരെ ചെയ്ത ചിത്രങ്ങളെല്ലാം വമ്പന്‍ വിജയങ്ങളാക്കിയ സംവിധായകനാണ് രാജ്കുമാര്‍ ഹിരാനി. ത്രീ ഇഡിയറ്റ്‌സ്, പികെ, സഞ്ജു എന്നിവ വമ്പന്‍ ബ്ലോക്ബസ്റ്ററുകളായിരുന്നു. ആമിര്‍ ഖാനുമായുള്ള കൂട്ടുകെട്ടുകളായിരുന്നു ഇതില്‍ വലിയ വിജയങ്ങള്‍ നേടിയത്. കൊവിഡിന് ശേഷം എട്ടാമത്തെ വലിയ ഓപ്പണിംഗാണ് ഡങ്കി നേടിയത്. ജവാനാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് നേടിയ ചിത്രം. 63.87 കോടിയാണ് ചിത്രം നേടിയത്.
രണ്ടാം സ്ഥാനത്ത് 55 കോടി നേടിയ പഠാനാണ്. ആനിമല്‍, ടൈഗര്‍ 3, ഗദര്‍ 2, ആദിപുരുഷ്, എന്നിവയാണ് വലിയ ഓപ്പണിംഗ് നേടിയ ചിത്രങ്ങള്‍. ഇതില്‍ ആനിമല്‍, ഗദര്‍ എന്നിവര്‍ ഓള്‍ ടൈം ബ്ലോക്ബസ്റ്ററുകളായി മാറുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നാമത് ആയിരം കോടി എന്ന സ്വപ്‌നവുമായിട്ടാണ് ഷാരൂഖ് ഖാന്‍ ഡങ്കി റിലീസ് ചെയ്തത്. വ്യാഴാഴ്ച്ച ഡങ്കിയുടെ മൊത്തം ഒക്ക്യുപ്പെന്‍സി 29.94 ശതമാനമായിരുന്നു. അതേസമയം സലാറിന്റെ വരവ് ഡങ്കിയെ ബാധിച്ചാല്‍ ഷാരൂഖ് ചിത്രം ബോക്‌സോഫീസില്‍ പരാജയമാകാന്‍ സാധ്യത ഏറെയാണ്.
എന്നാല്‍ ചിത്രത്തിന് ബജറ്റ് കുറവാണ് എന്നത് ആശ്വസിക്കാവുന്ന കാര്യമാണ്. നോര്‍ത്ത് ഇന്ത്യയിലും, മഹാരാഷ്ട്രയിലും അടക്കം സലാറിനേക്കാള്‍ മുമ്പില്‍ ഡങ്കി തന്നെയാണ്. ക്രിസ്മസ് അവധിക്കാലമായതിനാല്‍ ഹിരാനി ചിത്രങ്ങള്‍ സാധാരണ കളക്ഷന്‍ നേടാറുണ്ട്. ഹിരാനിയുടെ ചിത്രങ്ങളില്‍ അധികവും ക്രിസ്മസ് റിലീസുകളായിരുന്നു. ഡങ്കിയും ആ മാജിക് ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കാം.












Click it and Unblock the Notifications