'എമ്പുരാന്‍ റീ എഡിറ്റും കട്ടും വേണം... പെട്ടെന്ന് സ്റ്റുഡിയോയിലേക്ക് വാ എന്ന് പറഞ്ഞ് വിളിച്ചു'; എഡിറ്റര്‍

വിവാദങ്ങള്‍ക്ക് പിന്നാലെ എമ്പുരാന്‍ റീ എഡിറ്റ് ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയിരുന്നില്ല എന്ന് എമ്പുരാന്റെ എഡിറ്റര്‍ അഖിലേഷ് മോഹന്‍. സിനിമ മൊത്തത്തില്‍ നിന്ന് പോകരുത് എന്ന് മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നും റീ എഡിറ്റ് ചെയ്‌തെങ്കിലും ആദ്യമായി കാണുന്നവര്‍ക്ക് ഏതെങ്കിലും തരത്തില്‍ കല്ലുകടി ഉണ്ടാകില്ല എന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. റീ എഡിറ്റ് ചെയ്യുമ്പോള്‍ നന്നായി ചെയ്യണം എന്നേ ഉണ്ടായിരുന്നുള്ളൂ എന്നും സിനിമ മുഴുവനായി ചെയ്‌തെടുക്കാന്‍ വന്ന ബുദ്ധിമുട്ടൊന്നും റീ എഡിറ്റിംഗിന് വന്നിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അഖിലേഷ് മോഹന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

Empuraan

'റീ എഡിറ്റ് ചെയ്യണം എന്ന് പറഞ്ഞ സമയത്ത് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഡയറക്ടറും പ്രൊഡ്യൂസറും എല്ലാം തീരുമാനിച്ച് അസോസിയേറ്റിലൂടെയാണ് ഞാന്‍ അറിയുന്നത്. ഇങ്ങനെ കട്ട് ചെയ്യേണ്ടതായിട്ടുണ്ട്. പെട്ടെന്ന് സ്റ്റുഡിയോയിലേക്ക് വരണം എന്ന് പറഞ്ഞു. ആ സമയത്ത് നമ്മള്‍ മറ്റൊന്നിനേയും കുറിച്ച് ചിന്തിക്കുകയല്ലല്ലോ വേണ്ടത്. ഇത്രയും പൈസ മുടക്കിയെടുത്ത സിനിമ.

ഒരുപാട് വര്‍ഷത്തെ അതായത് ഷൂട്ട് തുടങ്ങുന്നതിന് മുന്‍പ് തന്നെ റൈറ്ററും ഡയറക്ടറും കൂടിയിരുന്നിട്ടുള്ള വലിയ ദിവസങ്ങളുണ്ട്. അത് കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങി കഴിയുന്നത് ഒരു വര്‍ഷമെടുത്താണ്. ഒരു വര്‍ഷത്തില്‍ 145 ദിവസം ഷൂട്ട് ചെയ്തു. പക്ഷെ ഷൂട്ടിംഗിന് വേണ്ടിയുള്ള യാത്രകളും മറ്റ് വെച്ചിട്ട് ഒരു വര്‍ഷത്തെ പ്രയത്‌നമുണ്ട്. അതിനിടയില്‍ കാലാവസ്ഥ പ്രകാരമുള്ള ബുദ്ധിമുട്ടുകള്‍ നേരിട്ടു.

കാലാവസ്ഥ കാരണമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍. എല്ലാം തരണം ചെയ്ത് ആളുകളിലേക്ക് ലൂസിഫറിന്റെ സെക്കന്റ് പാര്‍ട്ട് എല്ലാവരും ഇഷ്ടപ്പെടണം എന്ന് കരുതി എത്തിക്കുകയല്ലേ. അങ്ങനെ എത്തിച്ചു. അതിന് ശേഷമുള്ള പ്രശ്‌നങ്ങള്‍ കാരണം ഇങ്ങനെയുള്ള തീരുമാനം എടുത്തപ്പോള്‍ അത് നല്ലതിന് വേണ്ടിയായിരിക്കും എന്ന് കരുതി. അത് ചെയ്യുക എന്ന് മാത്രമെ ഉള്ളൂ. അതിന് മറ്റൊരു ചിന്ത കൊടുക്കേണ്ടതില്ല എന്ന് തോന്നി.

ചെയ്യുകയാണെങ്കില്‍ അത് ഏറ്റവും നന്നായിട്ട് ചെയ്യുക, അത്ര സമയമേ നമുക്കുള്ളൂ. അത് വൃത്തിക്ക് ചെയ്ത് കൊടുത്തു. ഇപ്പോഴും അത് കണ്ട് കഴിഞ്ഞാല്‍ ആ കട്ട് വലിയ പ്രശ്‌നമില്ലാതെ തന്നെ വന്നിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ശ്രദ്ധിച്ചത് അതിനായിരുന്നു. വേറൊന്നും ഞാന്‍ ശ്രദ്ധിച്ചില്ല. ആ സൃഷ്ടി നിലനില്‍ക്കുക എന്നാണല്ലോ നമ്മള്‍ എല്ലാവരും ആലോചിക്കുന്നത്.

ഇത്രയും ചെലവിട്ടൊരുക്കിയ സിനിമയാണ്. അത് പല കാരണങ്ങളാല്‍ മുടങ്ങി പോകാന്‍ പാടില്ല. അത് മാത്രമെ ആ സമയത്ത് ചിന്തിച്ചിട്ടുള്ളൂ. സിനിമ മുഴുവനായി ചെയ്‌തെടുക്കാന്‍ വന്ന ബുദ്ധിമുട്ടൊന്നും റീ എഡിറ്റിംഗിന് വന്നിട്ടില്ല. നമ്മള്‍ നേരത്തെ ചെയ്തതില്‍ നിന്ന് മാറ്റങ്ങളല്ലേ വരുന്നുള്ളൂ. ആ സിനിമ മുഴുവനായിട്ട് എന്തെങ്കിലും ഇഷ്യൂസിലൂടെ കാണിക്കാതിരിക്കേണ്ടി വന്നാലാണ് ബുദ്ധിമുട്ടുണ്ടാകുക.

സിനിമ ആളുകളിലേക്ക് എത്താതിരിക്കുന്നതും ഒരുപാട് നെഗറ്റീവ് കമന്റ് വന്ന് ആളുകള്‍ കാണാതിരിക്കുകയും ചെയ്താലാണ് നമുക്ക് ബുദ്ധിമുട്ടുണ്ടാകുക. പ്രശ്‌നങ്ങളുണ്ടായി, അത് കഴിഞ്ഞു. ഡയറക്ടറും റൈറ്ററും കൂടി കഥ സംസാരിച്ചു. അത് പ്രൊഡക്ഷനെ ബോധ്യപ്പെടുത്തി. ആ സിനിമ ഷൂട്ട് ചെയ്തു. അതിന് ശേഷമാണ് നമ്മളെയൊക്കെ ഇതിലേക്ക് കൊണ്ടുവരുന്നത്. നമ്മളും കഥ കേട്ട് മറ്റൊരു കാര്യങ്ങളും ചിന്തിക്കുന്നില്ല.

ഇതൊരു കലയാണ്, കലയായി കണ്ട് കൊണ്ട് എല്ലാവരും മരിച്ച് പണിയെടുത്തു. പൊളിറ്റിക്‌സ് അല്ലാതെ ചില സിനിമകളില്‍ ക്ലൈമാക്‌സ് മാറ്റിയിട്ടുണ്ട്. പിന്നീട് ഷൂട്ട് ചെയ്ത് റിലീസ് ചെയ്തിട്ടുണ്ട്. ഹരികൃഷ്ണന്‍സ് എന്ന സിനിമ രണ്ട് ക്ലൈമാക്‌സൊക്കെ ഉണ്ടായിരുന്നു. റിലീസിന് ശേഷമുള്ള മാറ്റങ്ങള്‍ പലരീതിയില്‍ സംഭവിക്കുന്നതാണ്. അതൊന്നും മോശമായിട്ട് ഞാന്‍ ചിന്തിക്കുന്നില്ല'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+