'മമ്മൂക്ക രഞ്ജിത് സാറിന്റെ പടത്തിലേക്ക് എന്നെ വിളിപ്പിച്ചു, ആ വേഷം എന്റെ കരിയറിനെ ബാധിച്ചു'; ഷഫീഖ് റഹ്മാൻ
മലയാളത്തിലെ എണ്ണം പറഞ്ഞ കോമഡി ചിത്രങ്ങളിൽ ഒന്നാണ് അമർ അക്ബർ അന്തോണി. നാദിർഷ സംവിധാനം ചെയ്‌ത ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ താരനിര തന്നെയായിരുന്നു. യുവ സൂപ്പർതാരങ്ങളായ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവർ ഒരുമിച്ച് ചിത്രം റിലീസ് സമയത്ത് ഏറെ കൊണ്ടാടിയിരുന്നു. ബിബിൻ ജോർജ്- വിഷ്‌ണു ഉണ്ണികൃഷ്‌ണൻ എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിലെ വില്ലൻ വേഷം ചെയ്‌ത യുവാവ് അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു.
ചിത്രത്തിലെ അതിഥി തൊഴിലാളിയായ വില്ലന്റെ വേഷം ചെയ്‌തത് ഒരു മലയാളി ആയിരുന്നുവെന്ന് പലർക്കും അറിയില്ലായിരുന്നു. കാരണം തന്റെ വേഷവിധാനത്തിലും മാനറിസങ്ങളും ഒക്കെ അത്രയും കൃത്യമായി പകർത്തിയ ആ നടൻ ശരിക്കും എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഷഫീഖ് റഹ്മാൻ ആയിരുന്നു ആ നടൻ. എന്നാൽ പിന്നീട് പ്രതീക്ഷിച്ചത് പോലെ കരിയറിൽ മികച്ച വേഷങ്ങൾ ചെയ്യാൻ ഷഫീഖിന് സാധിച്ചില്ല എന്നതാണ് മറ്റൊരു കാര്യം.

ഇപ്പോഴിതാ കരിയറിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഷഫീഖ്. പൃഥ്വിരാജ്, ഇന്ദ്രജിത് തുടങ്ങിയ താരങ്ങളുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. നേരത്തെ രഞ്ജിത് സംവിധാനം ചെയ്‌ത ഒരു ചിത്രത്തിലേക്ക് മമ്മൂട്ടി തന്നെ വിളിച്ചെങ്കിലും അവസാന നിമിഷം മറ്റൊരു വേഷം നൽകി അവർ തഴഞ്ഞെന്നും താരം പറയുന്നു. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷഫീഖ് റഹ്മാന്റെ വാക്കുകൾ
പൃഥ്വിരാജ് ഒക്കെ ഒരു പടം എടുക്കുമ്പോൾ ആദ്യം പരിഗണിക്കണം എന്നില്ല. കാരണം അതിന് കഥാപാത്രം നമുക്ക് ആപ്റ്റ് ആണോ എന്ന് അറിയണം. ഒരാൾക്ക് കഥാപാത്രം കൃത്യമായി ഇണങ്ങുമെങ്കിൽ മാത്രമല്ലെ അത് ചെയ്യാൻ പറ്റുകയുള്ളൂ. എനിക്ക് രാജുവിനേക്കാളും കൂടുതൽ അടുപ്പം ഇന്ദ്രൻ ചേട്ടനോട് ആയിരുന്നു. സിനിമയിൽ ഞാൻ സജീവമാവുന്നതിന് മുൻപ് തന്നെ ക്രിക്കറ്റ് കളിക്കുന്നത് കൊണ്ട് അദ്ദേഹത്തെ അറിയാമായിരുന്നു. രാജുവിനെ സെറ്റിൽ കാണുമ്പോൾ നല്ല രീതിയിൽ സംസാരിക്കാറുണ്ട്.
പൃഥ്വിരാജിനെ വിളിക്കാറില്ല. മെസേജ് ചെയ്യാറാണ് പതിവ്. അമർ അക്ബർ അന്തോണി സിനിമയിൽ നല്ല രീതിയിൽ അവർ ഒക്കെ എന്നെ സപ്പോർട്ട് ചെയ്‌തിരുന്നു. അങ്ങനെ അവരുടെ പിന്തുണ ഉള്ളത് കൊണ്ടാണ് എനിക്കത് നന്നായി ചെയ്യാൻ കഴിഞ്ഞത്. ആ ഫീൽഡിൽ നമ്മൾ ഇങ്ങനെ അല്ലേ. അവർ അങ്ങനെ പറഞ്ഞു തരുമ്പോൾ നമുക്കത് വലിയ ഗുണമാണ്. ഫൈറ്റ് ഒക്കെ ചെയ്യുമ്പോൾ പുതിയ ഒരാളെന്ന നിലയിൽ നമ്മൾക്ക് മിസ്‌റ്റേക്ക് പറ്റരുത്.
ഇന്ദ്രൻ ചേട്ടനുമായാണ് കൂടുതൽ കമ്പനി, ജയേട്ടൻ കുറച്ചുകൂടി ഫ്രണ്ട്ലി ആണ്. തമാശകൾ ഒക്കെ പറയും. രാജു പിന്നെ കുറച്ചുകൂടി ടഫ് ആണ്. ഡ്രൈവിംഗ് ലൈസൻസ്, ടിയാനിലേക്ക് ഒക്കെ വിളിച്ചിരുന്നു. അതും രാജു ഒക്കെ ഫൈനലിസ് ചെയ്‌തത് കൊണ്ടാണ്. ആരുടെ അടുത്തും നമ്മൾ പേടിയോടെ നിക്കേണ്ടി വരില്ല, ബഹുമാനം മാത്രമേ വേണ്ടൂ. ലാലേട്ടനോടൊപ്പം ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഒരുമിച്ച് യാത്രകൾ ഒക്കെ ചെയ്‌തത് കൊണ്ട് ആ ഒരു അടുപ്പം കൂടുതലാണ്.
മമ്മൂക്ക പുത്തൻപണം എന്ന സിനിമയിൽ അഭിനയിക്കാൻ വേണ്ടി മമ്മൂക്ക പറഞ്ഞിട്ടാണ് എന്നെ വിളിക്കുന്നത്. മമ്മൂക്ക പുതിയ ആർട്ടിസ്‌റ്റുകളെ നോട്ട് ചെയ്യും. രഞ്ജിത് സാറിന്റെ പുത്തൻപണം എന്ന സിനിമയിലേക്കായിരുന്നു അന്ന് വിളിച്ചത്. അങ്ങനെയാണ് ഞാൻ അവിടെ ചെല്ലുന്നത്. പിന്നെ കുറച്ച് കഴിഞ്ഞിട്ടാണ് അതിന്റെ ഷൂട്ട് തുടങ്ങിയത്.
പക്ഷേ ഞാൻ അതിൽ ചെയ്‌തെങ്കിലും ഞാൻ ഉദ്ദേശിച്ച കഥാപാത്രം ആയിരുന്നില്ല കിട്ടിയത്, അതെനിക്ക് വല്ലാത്തൊരു വിഷമമായി. വിജയകുമാർ ചേട്ടൻ ചെയ്‌ത വേഷമായിരുന്നു എനിക്ക് പറഞ്ഞിരുന്നത്. മമ്മൂക്ക വിളിച്ചതും ആ വേഷത്തിനായിരുന്നു, വെറുതെ പിന്നിൽ ഇങ്ങനെ നിൽക്കാനുള്ള റോൾ ആയിരുന്നില്ല. പക്ഷേ കിട്ടിയത് വേറെയായിരുന്നു. ആരാണ് അതിന് കാരണം എന്ന് എനിക്ക് അറിയില്ല, എന്താണ് സംഭവിച്ചതെന്നും. അത് കരിയറിനെ ബാധിച്ചു.












Click it and Unblock the Notifications