ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുന്നു? വിവാദ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെലിബ്രിറ്റി ദമ്പതികളിൽ മുൻനിരയിൽ തന്നെയുള്ളവരാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ലോക സുന്ദരിപ്പട്ടം നേടിയിട്ടുള്ള മോഡലും അഭിനേത്രിയുമായ ഐശ്വര്യക്കും സാക്ഷാൽ അമിതാഭ് ബച്ചന്റെ മകനായ അഭിഷേകിനും പക്ഷേ ഇത് നല്ല കാലമല്ല, അതിന്റെ കാരണം കൂടുതൽ ശക്തമായി കൊണ്ടിരിക്കുന്ന അവരുടെ വിവാഹമോചന വാർത്തകൾ തന്നെയാണ്. ഇന്നും ഇന്നലെയും തുടങ്ങിയ അഭ്യൂഹങ്ങളല്ല ഇത്.
ഏറെക്കാലമായി ഇരുവരും അകൽച്ചയിൽ ആണെന്നും വൈകാതെ വേർപിരിയുമെന്നും ഒകെ ചില മാധ്യമങ്ങൾ ഇടക്കാലത്ത് റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ ഇപ്പോഴിതാ ഒരുപടി കൂടി കടന്ന് ഐശ്വര്യ റായിയുമായുള്ള വിവാഹബന്ധം താൻ വേർപെടുത്തുകയാണ് എന്ന് അഭിഷേക് ബച്ചൻ നേരിട്ട് പ്രഖ്യാപിക്കുന്ന ഒരു വീഡിയോ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.

ശരിക്കും ആ വീഡിയോയിൽ ഒരു യാഥാർഥ്യവും ഇല്ലെന്നതാണ് വാസ്‌തവം. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ ആണിതെന്നാണ് സൂചന. നിരവധി സോഷ്യൽ മീഡിയ ഉപഭോക്താക്കളും ഇക്കാര്യം ശരിവയ്ക്കുന്നുണ്ട്. ഒരു ആരാധക അക്കൗണ്ട് പങ്കിട്ട ഒരു വൈറൽ വീഡിയോയിൽ, അഭിഷേക് ബച്ചൻ ഐശ്വര്യ റായിയിൽ നിന്ന് വിവാഹമോചനം നേടിയതായി പ്രഖ്യാപിക്കുന്നത് കാണാം.
വീഡിയോയിൽ മകൾ ആരാധ്യ ബച്ചനെപ്പോലും താരം പരാമർശിക്കുന്നുണ്ട്. ".. ഈ ജൂലൈയിൽ ഞാനും ഐശ്വര്യയും വിവാഹമോചനം നേടാൻ തീരുമാനിച്ചു." എന്നായിരുന്നു വീഡിയോയിൽ പറഞ്ഞിരുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി അത്ര നല്ല സമയമല്ലെന്നും വീഡിയോയിൽ അഭിഷേക് ബച്ചൻ പറയുന്നത് കാണാമായിരുന്നു.
എന്നാൽ ഈ വീഡിയോ മറ്റേതോ അഭിമുഖത്തിൽ നിന്നും വെട്ടിയെടുത്ത ശേഷം ലിപ് സിങ്ക് നടത്തിയതാണെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. വിഷയത്തിൽ ഇതുവരെയും ഐശ്വര്യ റായിയോ അഭിഷേക് ബച്ചനോ തങ്ങളുടെ പ്രതികരണം അറിയിച്ചിട്ടില്ല. വിവാഹ മോചന വാർത്തകളോട് താരങ്ങൾ ഇതുവരെ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് വ്യാജ വീഡിയോ വലിയ രീതിയിൽ വൈറലായി മാറിയത്.
നേരത്തെ തന്നെ ഇരുവരും തമ്മിൽ ഭിന്നതകൾ ഉണ്ടെന്നതും വിവാഹ മോചിതർ ആവാൻ പോവുകയാണെന്നും ഉള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പിന്നീട് ഇവ ഒന്ന് അടങ്ങിയിരുന്നു. എന്നാൽ അടുത്തിടെ വീണ്ടും ഈ വിവാദങ്ങൾ ഉയർന്നുവന്നത് അംബാനി കുടുംബത്തിലെ ഇളമുറക്കാരനായ ആനന്ദ് അംബാനിയുടെ പ്രൗഢഗംഭീരമായ വിവാഹ ചടങ്ങുകളോടെയാണ്.
ജൂലൈ 12ന് ചടങ്ങിൽ ഐശ്വര്യ റായ് ബച്ചൻ കുടുംബത്തോടൊപ്പമായിരുന്നില്ല പങ്കെടുത്തത്. ഇതോടെയാണ് വാർത്തകൾ പ്രചരിച്ചത്. ബച്ചൻ കുടുംബം ഒന്നാകെ എത്തിയപ്പോൾ ഐശ്വര്യ ഒറ്റയ്ക്കാണ് വന്നത്, ഒറ്റയ്‌ക്കെന്ന് പറഞ്ഞാൽ അഭിഷേക് ഇല്ലാതെ മകൾ ആരാധ്യയ്ക്ക് ഒപ്പം. ഇത് തന്നെയാണ് വീണ്ടും ഇരുവരുടെയും വിവാഹ മോചന വാർത്തകൾക്ക് ഇന്ധനം പകർന്നത്.
എന്തായാലും വിവാഹ മോചന വാർത്തകളിൽ ഇരുവരും ഇതുവരെ പ്രതികരിക്കാത്ത സാഹചര്യത്തിൽ വാർത്തകളിൽ സത്യമില്ലെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പതിനേഴ് വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരുടേതും എന്നതിനാൽ തന്നെ വേർപിരിയൽ വാർത്തകൾ ആരാധകരെ സംബന്ധിച്ച് വലിയ ഞെട്ടലാണ് ഉണ്ടാക്കുന്നത്. എന്തായാലും പ്രചരിച്ച വീഡിയോ വ്യാജം ആണെന്നതിന്റെ ആശ്വാസത്തിലാണ് അവരിപ്പോൾ.












Click it and Unblock the Notifications