എടാ മോനേ ഫഫ ആവേശത്തിലാണ്..; രജനി ചിത്രത്തിൽ പ്രതിഫലം ഇരട്ടിയാക്കി ഫഹദ്, 4 കോടിക്ക് മുകളിൽ?
പാൻ ഇന്ത്യൻ സ്‌റ്റാർ എന്ന് നിസംശയം വിശേഷിപ്പിക്കാൻ കഴിയുന്ന മലയാള സിനിമയിലെ താരമാണ് ഫഹദ് ഫാസിൽ. ലോകേഷ് കനകരാജ് ചിത്രമായ വിക്രം, സുകുമാർ ഒരുക്കിയ അല്ലു അർജുൻ ചിത്രമായ പുഷ്‌പ 2 എന്നിവയിലൂടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലെ പ്രേക്ഷകരെ അവിടെ പോയി കൈയിലെടുത്ത ഫഫ അടുത്തിടെ ആവേശം എന്ന മലയാള ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അന്യഭാഷ പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്‌തിരുന്നു.
ഈ താരപ്പൊലിമയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ ഇപ്പോൾ വരുന്ന ഏറ്റവും പ്രധാനപ്പെട്ടൊരു വാർത്ത ഫഹദിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടതാണ്. റിലീസ് കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമായ വേട്ടയാനിൽ ഫഫയും ഒരു നിർണായക വേഷം ചെയ്‌തിട്ടുണ്ട്. ഇതിന് താരം വാങ്ങിയ പ്രതിഫലം രണ്ടോ മൂന്നോ മലയാള ചിത്രങ്ങളുടെ ബജറ്റിന് സമാനമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സ്ഥിരീകരിക്കാത്ത ചില റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിലെ പാട്രിക് എന്ന കാഥാപാത്രം അവതരിപ്പിക്കാനായി ഫഹദ് പ്രതിഫലമായി വാങ്ങിയത് 4 കോടിക്ക് മുകളിലാണ്. അതായത് തന്റെ അവസാന ചിത്രമായ ആവേശത്തിൽ വാങ്ങിയ പ്രതിഫലത്തിന്റെ ഇരട്ടിയോളം വരുമിത്. എന്നാൽ ആവേശത്തിൽ ഫഹദ് തന്റെ പ്രതിഫലം കുറയ്ക്കാൻ മറ്റൊരു കാരണമുണ്ടെന്നതാണ് വസ്‌തുത.
ചിത്രത്തിന്റെ മൂന്ന് നിർമ്മാതാക്കളിൽ ഒരാളായിരുന്നു ഫഹദും എന്നതാണ് അതിന്റെ കാരണം. അതുകൊണ്ട് ഫഫ പകുതി ശമ്പളം മാത്രമാണ് കൈപ്പറ്റിയതെന്ന് വിവരങ്ങളുണ്ടായിരുന്നു. എന്നാൽ വേട്ടയാനിൽ ഈ കുറവ് താരം നികത്തിയെന്നതാണ് സത്യം. ആവേശത്തിന് ആകെ ചിലവായത് 30 കോടിയോളം രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എന്നാൽ ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയതാവട്ടെ 154 കോടിയോളം രൂപയാണ്, അതായത് അഞ്ചിരട്ടി. ഇതിൽ നെറ്റ് കളക്ഷൻ കണക്ക് കൂട്ടി, തിയേറ്റർ, ഡിസ്ട്രിബ്യൂട്ടർ ഷെയറുകൾ കുറച്ചാൽ പോലും വലിയ ലാഭം നിർമ്മാതാവെന്ന നിലയിൽ ഫഹദിന് സ്വന്തമായിട്ടുണ്ട്. ഈ നിലയ്ക്ക് നോക്കുമ്പോൾ ചിത്രത്തിലെ പകുതി പ്രതിഫലം എന്നത് ഫഹദിനെ സംബന്ധിച്ചൊരു നഷ്‌ടമേയല്ല.
വേട്ടയാനിൽ ഫഹദ് തന്റെ ശമ്പള കാര്യത്തിൽ പിശുക്ക് കാട്ടാത്തതിന് കൃത്യമായ കാരണങ്ങൾ ഉണ്ട് താനും. പാൻ ഇന്ത്യൻ താരമെന്ന നിലയിൽ ഫഹദിന് ജനപ്രീതി ഏറി വരുന്ന സമയം കൂടിയായതിനാൽ എത്ര പണം നൽകാനും നിർമ്മാതാക്കൾ തയ്യാറാണ്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ചിത്രങ്ങളിൽ താരം പ്രതിഫലം ഇനിയും ഉയർത്തിയില്ലെങ്കിൽ മാത്രമേ അത്ഭുതപ്പെടാനുള്ളൂ.
അതേസമയം, സൂര്യയെ നായകനാക്കി സംവിധാനം ചെയ്‌ത ജയ് ഭീം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ടിജി ജ്ഞാനവേൽ ഒരുക്കുന്ന പുതിയ സിനിമയാണ് വേട്ടയാൻ. രജനീകാന്ത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഫഹദിന് പുറമേ മലയാളത്തിൽ നിന്ന് ലേഡി സൂപ്പർസ്‌റ്റാർ മഞ്ജു വാര്യർ കൂടിയുണ്ട്. കൂടാതെ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള വലിയ താരനിര അണിനിരക്കുന്ന ചിത്രം ഒക്ടോബർ പത്തിനാണ് തിയേറ്ററുകൾ എത്തുന്നത്.












Click it and Unblock the Notifications