അര്‍ജുന്‍ റെഡ്ഡി വിട്ടു, ഇനി കുടുംബ നാഥന്‍, ഫാമിലി സ്റ്റാറില്‍ വിജയ് ദേവരകൊണ്ടയുടെ പ്രതിഫലം ഇത്ര
അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ ഇന്ത്യ മൊത്തം ആരാധകരെ ഉണ്ടാക്കിയ താരമാണ് വിജയ് ദേവരകൊണ്ട. ചിത്രത്തിലെ വിജയിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പല ഭാഷകളിലും ചിത്രം റീമേക്ക് ചെയ്ത് ജനപ്രിയമാവുകയും ചെയ്തു. വിജയ് ദേവരകൊണ്ട ആ ചിത്രത്തിലൂടെ തെലുങ്ക് സിനിമയില്‍ വലിയ താരമായി ഉയരുകയും ചെയ്തു.
അതിന് മുമ്പ് യെവഡെ സുബ്രഹ്‌മണ്യത്തില്‍ മികച്ചൊരു വേഷവും വിജയ് ചെയ്തിരുന്നു. അര്‍ജുന്‍ റെഡ്ഡി കൂടി വന്നതോടെ ക്ഷുഭിത യൗവ്വനം എന്ന പേരും വിജയ് ദേവരകൊണ്ടയ്ക്ക് ലഭിച്ചു. അത്തരം ചിത്രങ്ങളും താരത്തെ തേടി വരാന്‍ തുടങ്ങിയിരുന്നു. ഇനി വിജയിയുടെ റിലീസാവുന്ന ചിത്രം ഫാമിലി സ്റ്റാറാണ്. ഇതിനോടകം വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്.

അര്‍ജുന്‍ റെഡ്ഡി ഇമേജില്‍ നിന്ന് മാറിയുള്ള ചിത്രമാണ് വിജയ് ദേവരകൊണ്ട ചെയ്യുന്നത്. റൊമാന്റിക് ചിത്രങ്ങളില്‍ നിന്നൊരു മാറ്റമാണ് താരം മുന്നില്‍ കാണുന്നത്. അര്‍ജുന്‍ റെഡ്ഡി, പെല്ലി ചൂപ്പ്‌ലു, ഗീതാ ഗോവിന്ദം പോലുള്ള ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിലെ റൊമാന്റിക് ഹീറോയായി വിജയ് ദേവരകൊണ്ട മാറിയിരുന്നു.
ലൈഗറിലൂടെ ആക്ഷന്‍ ഹീറോയായി മാറാനുള്ള ശ്രമം വിജയ് നടത്തിയിരുന്നു. എന്നാല്‍ ചിത്രം വന്‍ പരാജയമായി മാറി. ഇതോടെ വലിയ തിരിച്ചടിയാണ് നേരിട്ടത്. വിജയ് ദേവരകൊണ്ടയുടെ താരമൂല്യത്തിനും ഇത് തിരിച്ചടിയായിരുന്നു. അതുകൊണ്ട് ഫാമിലി സ്റ്റാര്‍ വിജയിക്കേണ്ടത് വിജയിക്ക് ഏറെ നിര്‍ണായകമാണ്.
അതേസമയം ഫാമിലി സ്റ്റാര്‍ ബോക്‌സോഫീസില്‍ വിജയിക്കണം എന്ന് ഉറപ്പിച്ചാണ് ഇറക്കുന്നത്. അതുകൊണ്ട് വളരെ പരിമിതമായ ബജറ്റാണ് ചിത്രത്തിനുള്ളത്. വിജയ് ദേവരകൊണ്ടയും സംവിധായകന്‍ പരശുറാമും പ്രതിഫലത്തിന് പകരം ലാഭവിവിഹതമാണ് സ്വീകരിക്കുക. വലിയ പ്രതിഫലം വേണ്ടെന്ന് ഇരുവരും തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ഷൂട്ടിംഗില്‍ കാലതാമസം വന്നതോടെ ബജറ്റ് വര്‍ധിച്ചിട്ടുണ്ട്. നിര്‍മാതാവ് ദില്‍ രാജു അതില്‍ അതൃപ്തനുമാണ്. കാരണം ചിത്രം കുടുംബ പശ്ചാത്തലത്തിലുള്ളതാണ്. വലിയ ബജറ്റ് ചിത്രത്തിന് തിരിച്ചടിയാവും. 50 കോടിക്ക് മുകളിലെത്തിയിട്ടുണ്ട് ചിത്രത്തിന്റെ നിര്‍മാണ ചെലവ്.
വിജയ് ദേവരകൊണ്ട് പ്രതിഫലം വര്‍ധിപ്പിച്ചിട്ടുണ്ട്. ഖുശി ഹിറ്റായതാണ് ഇതിന് കാരണം. പതിനഞ്ച് കോടിക്ക് മുകളിലാണ് വിജയ് പ്രതിഫലമായി വാങ്ങിയത്. ഖുശിക്കായി 12 കോടിയായിരുന്നു വിജയിയുടെ പ്രതിഫലം. പരശുമാവും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രമായ ഗീതാ ഗോവിന്ദം വമ്പന്‍ ഹിറ്റായി മാറിയിരുന്നു.
അതേസമയം മൃണാല്‍ താക്കൂറാണ് ചിത്രത്തിലെ നായിക. നാല് കോടി പ്രതിഫലം മൃണാല്‍ വാങ്ങുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. തുടരെ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ തെലുങ്കില്‍ വന്നതാണ് മൃണാലിന്റെ താരമൂല്യം വര്‍ധിപ്പിച്ചത്. ഈ ചിത്രം ഹിറ്റായാല്‍ വിജയ് ദേവരകൊണ്ടയ്ക്ക് താരമൂല്യം തിരിച്ച് പിടിക്കാനാവും.












Click it and Unblock the Notifications