കരിയറിന്റെ പീക്കിൽ, അവസാന സിനിമകൾ എല്ലാം ഹിറ്റ്; എന്നിട്ടും അഭിനയം നിർത്തി വിക്രാന്ത് മാസി, കാരണം?
അവസാനമിറങ്ങിയ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റ്, ആരാധകർക്ക് ഇടയിൽ വലിയ സ്വീകാര്യത, അടുത്ത ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ, ഇതൊക്കെയാവും ഏതൊരു നടന്റെയും സ്വപ്‌നം. ഒരു അഭിനേതാവ് എന്ന നിലയിൽ ഏതൊരാളും ആഗ്രഹിക്കുന്ന പീക്കിൽ എത്തി നിൽക്കെ വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ വിക്രാന്ത് മാസി.
സബർമതി റിപ്പോർട്ട് എന്ന ചിത്രമാണ് വിക്രാന്ത് മാസിയുടേതായി അവസാനമായി പുറത്തിറങ്ങിയത്. നവംബർ പതിനഞ്ചിന് ചിത്രം തിയേറ്ററുകളിൽ എത്തി മികച്ച പ്രതികരണവും ബോക്‌സ് ഓഫീസ് കളക്ഷനും ഒക്കെയായി മുന്നേറവെയാണ് താരം അഭിനയം നിർത്തുന്നതായി പ്രഖ്യാപിച്ചത്. തന്റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെ ആയിരുന്നു താരം സുപ്രധാന പ്രഖ്യാപനം നടത്തിയത്.

വെറും മുപ്പത്തിയേഴാം വയസിൽ അഭിനയ ജീവിതത്തിന് വിരമിടാനുള്ള കൃത്യമായ കാരണം വിക്രാന്ത് മാസി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടിയാണ് ഈ തീരുമാനമെന്ന് നടൻ പറഞ്ഞുവയ്ക്കുന്നു. കുടുംബത്തിന്റെ തന്റെ ചുമതലകൾ നിർവഹിക്കേണ്ട സമയമായി എന്നാണ് അദ്ദേഹം പറയുന്നത്.
വിക്രാന്ത് മാസിയുടെ കുറിപ്പ്:
'കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ അസാധാരണമാണ് എനിക്ക്. നിങ്ങളുടെ മായാത്ത പിന്തുണയ്ക്ക് ഞാൻ ഓരോരുത്തരോടും നന്ദി പറയുന്നു. എന്നാൽ ഞാൻ മുന്നോട്ട് നീങ്ങുമ്പോൾ, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് ഞാൻ മനസിലാക്കുന്നു, ഒരു ഭർത്താവ്, പിതാവ്, മകൻ എന്ന നിലയിലും ഒപ്പം ഒരു അഭിനേതാവ് എന്ന നിലയിലും' വിക്രാന്ത് കുറിച്ചു.
'അതിനാൽ 2025ൽ നമ്മൾ പരസ്‌പരം അവസാനമായി കാണും, സമയം ശരിയാണെന്ന് തോന്നുന്നത് വരെ. കഴിഞ്ഞ 2 സിനിമകളും ഒരുപാട് വർഷത്തെ ഓർമ്മകൾക്കും വീണ്ടും നന്ദി. എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും' വിക്രാന്ത് മാസി തന്റെ ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ കുറിച്ചു. നിരവധി ആരാധകരാണ് ഇതിൽ വളരെയധികം ദുഃഖവും ഞെട്ടലും രേഖപ്പെടുത്തിയത്.
വിക്രാന്ത് മാസി: സിനിമാ ജീവിതം
കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി ബോളിവുഡ് സിനിമകളിലും ടെലിവിഷൻ സീരീസുകളിലും നിറ സാന്നിധ്യമായിരുന്നു വിക്രാന്ത് മാസി. 2007ൽ പുറത്തിറങ്ങിയ ധൂം മച്ചാവോ ധൂം എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റ അരങ്ങേറ്റം. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ ചിത്രങ്ങളിൽ സഹ നടനായും സ്വഭാവ വേഷങ്ങളിലും ഒക്കെ വിക്രാന്ത് തിളങ്ങുകയുണ്ടായി.
എ ഡെത്ത് ഇൻ ദി ഗഞ്ച് എന്ന ചിത്രമാണ് പിന്നീട് താരത്തിന്റെ ജീവിത മാറ്റിമറിച്ചത്. 2017ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ഇതിനിടെ മിർസാപൂർ അടക്കമുള്ള വെബ് സീരീസുകളിലും താരം പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ യഥാർത്ഥ കഥയെ ആസ്‌പദമാക്കി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 12th ഫെയിൽ എന്ന ചിത്രമാണ് മാസിയെ പാൻ ഇന്ത്യൻ ലെവലിൽ പരിചിതനാക്കിയത്. സെക്‌ടർ 32വിലൂടെ തന്റെ കരിയർ മറ്റൊരു തലത്തിലേക്ക് എത്തിച്ച ശേഷമാണ് ഇപ്പോൾ താരം വിരമിക്കുന്നത്.












Click it and Unblock the Notifications