ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്: ആട്ടം മികച്ച ചിത്രം, ബിജു മേനോനും വിജയരാഘവനും മികച്ച നടന്‍മാര്‍
തിരുവനന്തപുരം: 47ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ഇതേ ചിത്രത്തിന് ആനന്ദ് ഏകര്‍ഷിക്ക് ലഭിച്ചു. ബിജു മേനോനും, വിജയരാഘവനുമാണ് മികച്ച നടന്‍മാര്‍ക്കുള്ള പുരസ്‌കാരം നേടിയത്.
ഗരുഡനിലെ അഭിനയത്തിനാണ് ബിജു മേനോന് പുരസ്‌കാരം ലഭിച്ചത്. വിജയരാഘന് പൂക്കാലത്തിലെ പ്രകടനത്തിനാണ് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ പ്രകടനത്തിന് ശിവദയും ആട്ടത്തിലെ പ്രകടനത്തിന് സറിന്‍ ഷിഹാബും മികച്ച നടിമാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു. ഇരുവരും തമ്മില്‍ പുരസ്‌കാരം പങ്കിടും.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്, ജൂറി ചിത്രങ്ങള്‍ കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അതേസമയം സമഗ്രസംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന ചലച്ചിത്ര രത്‌നം പുരസ്‌കാരം നടനും മുതിര്‍ന്ന തിരക്കഥാകൃത്തും സംവിധായനുമായ ശ്രീനിവാസന് സമ്മാനിക്കും.
ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സംവിധായകന്‍ രാജസേനനാണ്. ചലച്ചിത്രം പ്രതിഭാ പുരസ്‌കാരം നടന്‍ മുകേഷ്, നിര്‍മാതാവ് കിരീടം ഉണ്ണി, നടന്‍ പ്രേംകുമാര്‍, ഫിലിം എഡിറ്റ ബീന പോള്‍, തെന്നിന്ത്യന്‍ നടി സുഹാസിനി എന്നിവര്‍ക്കും സമ്മാനിക്കും.
മികച്ച സഹനടനുള്ള പുരസ്‌കാരങ്ങള്‍ കലാഭവന്‍ ഷാജോണിനും, ഷെയ്ന്‍ നിഗത്തിനും ലഭിച്ചു. ആര്‍ഡിഎക്‌സ്, വേല എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ഷെയ്‌നിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇതുവരെ, ആട്ടം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ഷാജോണിന് പുരസ്‌കാരം നല്‍കാനായി പരിഗണിച്ചത്.












Click it and Unblock the Notifications