ദിലീപിന്റെ ആദ്യ പ്രതിഫലം 3000 രൂപയോ..? ഇന്ന് കോടികളുടെ ബിസിനസ് സാമ്രാജ്യം, വൻ തുക പ്രതിഫലവും
മലയാളികളുടെ ജനപ്രിയ നായകൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന താരമായിരുന്നു ദിലീപ്. തൊണ്ണൂറുകൾക്ക് ശേഷം ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി ഉയർന്നുവന്ന ദിലീപിന് പക്ഷേ അടുത്ത കാലത്തായി ഉയർന്നുവന്ന ആരോപണങ്ങൾ തിരിച്ചടി ആയെന്ന് തന്നെയാണ് പല സിനിമകളുടെയും അന്തിമ വിധി വ്യക്തമാക്കുന്നത്.
എങ്കിലും രാംലീല പോലെയൊരു ചിത്രത്തിലൂടെ താരം തിരിച്ചുവരവ് നടത്തുമെന്നാണ് സോഷ്യൽ മീഡിയയിൽ ദിലീപ് ആരാധകർ തന്നെ പ്രതീക്ഷ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ സിനിമയിലേതിനേക്കാൾ കൂടുതൽ ദിലീപ് ബിസിനസിലാണ് സജീവമായി പ്രവർത്തിക്കുന്നത്. എന്നാൽ മറ്റേതൊരു താരത്തെയും പോലെയല്ല ദിലീപിന്റെ കരിയർ ഗ്രാഫ് എന്നത് ശ്രദ്ധേയമാണ്.

വെറും മൂവായിരം രൂപ പ്രതിഫലം വാങ്ങി സിനിമയിൽ അഭിനയിച്ചു തുടങ്ങിയ ദിലീപ് എന്ന നടൻ ഇന്ന് എത്തി നിൽക്കുന്നത് കോടികളുടെ ബിസിനസ് സാമ്രാജ്യം കൈയ്യാളുന്ന വ്യക്തിയായാണ്. മലയാള സിനിമയിൽ ബിസിനസിൽ ദിലീപിനോളം പരീക്ഷണം നടത്തിയവർ ഏറെയൊന്നും ഉണ്ടാവില്ലെന്ന് എടുത്ത് നോക്കിയാൽ നമുക്ക് തന്നെ കാണാം.
പിടക്കോഴി കൂവുന്ന നൂറ്റാണ്ട് മുതൽ പവി കെയർ ടേക്കർ വരെ
അടുത്തിടെ മലയാളത്തിലെ പ്രമുഖ സംവിധായകനായ വിജി തമ്പി പറഞ്ഞ ചില വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിൽ അഭിനയിക്കാൻ ദിലീപിനെ ശുപാർശ ചെയ്‌തത് നടി ഉർവശി ആണെന്നും അന്ന് ആദ്യമായി ദിലീപിന് കിട്ടിയ പ്രതിഫലം 3000 രൂപ ആയിരുന്നു എന്നും വിജി തമ്പി ഓർത്തെടുത്തു.
നന്നായി മിമിക്രി ഒക്കെ ചെയ്യുന്ന ഒരു പയ്യനുണ്ടെന്നും ആലുവക്കാരൻ ആണെന്നും പറഞ്ഞാണ് ഉർവശി ദിലീപിനെ പരിചയപ്പെടുത്തിയതെന്നും പിന്നീട് സെറ്റിൽ എല്ലാവരെയും ചിരിപ്പിക്കാൻ ദിലീപ് സമയം കണ്ടെത്തുമായിരുന്നു എന്നും വിജി തമ്പി പറയുകയുണ്ടായി. എന്നാൽ 1992ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ശേഷം ഏതാണ്ട് മൂന്ന് പതിറ്റാണ്ട് കടന്നപ്പോൾ ദിലീപിന്റെ സമ്പത്തും വരുമാനവും വലിയ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്.
കുറച്ച് വർഷങ്ങൾക്ക് മുൻപ് മലയാളത്തിലെ തന്നെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് പ്രകാരം 600 കോടിയുടെ ആസ്‌തി ദിലീപിന് ഉണ്ടെന്നാണ് ലഭ്യമായ വിവരം. എന്നാൽ ഈ കണക്കുകൾ എത്രത്തോളം ശരിയാണെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ലെങ്കിലും ദിലീപോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇക്കാര്യത്തിൽ പ്രതികരണം അറിയിച്ചിട്ടില്ല.
പവി ദി കെയർടേക്കറാണ് ദിലീപിന്റെ അവസാനം ഇറങ്ങിയ ചിത്രം. നിലവിൽ സിനിമകൾക്ക് പുറമെ കൂടുതൽ ബിസിനസ് സംരംഭങ്ങളും ദിലീപിന്റേതായി നടന്നുപോവുന്നുണ്ട്. സംവിധായകനും സുഹൃത്തുമായ നാദിർഷായുമായി ചേർന്ന് ദിലീപ് നടത്തുന്ന ദേ പുട്ട് റെസ്‌റ്റോറന്റ്, ആലുവയിലെ ഡി സിനിമാസ് തുടങ്ങിയവ ഇതിൽ ചിലത് മാത്രമാണ്.












Click it and Unblock the Notifications