റി റിലീസില്‍ ഗില്ലി മാജിക്, ഒറ്റദിവസത്തില്‍ ബജറ്റ് തിരിച്ചുപിടിച്ചു; വിജയ് വാങ്ങിയ പ്രതിഫലം ഇത്ര
തമിഴ് സിനിമയില്‍ ഇപ്പോള്‍ റി റീലീസുകളുടെ കാലമാണ്. പല ചിത്രങ്ങളും നേരത്തെ വീണ്ടും റിലീസ് ചെയ്തിരുന്നു. വിജയിയുടെ ഗില്ലിയാണ് ഏറ്റവുമൊടുവില്‍ റി റിലീസ് ചെയ്തിരിക്കുന്നത്. 2004ല്‍ പുറത്തിറങ്ങിയ ചിത്രം അന്ന് അന്‍പത് കോടിയോളം ബോക്‌സോഫീസില്‍ നിന്ന് വാരിയിരുന്നു. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു ഗില്ലി.
വിജയിയുടെയും തൃഷയുടെയും കരിയറിലെ നിര്‍ണായക ചിത്രമായി ഗില്ലി മാറിയിരുന്നു. വിജയ് ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ ആയതും അതുപോലെ തമിഴിലെ മുന്‍നിര നടിയായി തൃഷ മാറിയതും ഈ ചിത്രത്തോടെയാണ്. ധരണി സംവിധാനം ചെയ്ത ചിത്രത്തില്‍ ഗില്ലി എന്ന ശരവണവേല്‍ ആയിട്ടാണ് വിജയ് എത്തിയത്. ധനലക്ഷി എന്ന കഥാപാത്രമായി തൃഷയും എത്തി.

ഇരുപത് വര്‍ഷത്തിന് ശേഷവും ചിത്രത്തിന്റെ സ്വീകാര്യതയില്‍ ഇടിവ് വന്നിട്ടില്ലെന്നാണ് തെളിയിക്കുന്നത്. ആദ്യ ദിനം തന്നെ പതിനൊന്ന് കോടിയോളം ആഗോള ബോക്‌സോഫീസില്‍ നിന്ന് ചിത്രം കളക്ട് ചെയ്തുവെന്നാണ് ട്രാക്കര്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം എട്ട് കോടിയോളം നേടിയെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
അതേസമയം റി റിലീസില്‍ ഒരു ഇന്ത്യന്‍ ചിത്രം എക്കാലത്തെയും മികച്ച കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ ചിത്രം നേടിയ കളക്ഷന്‍ ഗില്ലിയുടെ ബജറ്റിനും മുകളിലാണ്. എട്ട് കോടി രൂപയ്ക്കാണ് ഗില്ലി 2004ല്‍ ഒരുക്കിയത്. അതിനെ മറികടക്കുന്ന പ്രകടനമാണ് ചിത്രം ബോക്‌സോഫീസില്‍ കാഴ്ച്ചവെക്കുന്നത്.
ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോയില്‍ മാത്രം ഒന്നര ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. ആദ്യ ദിനത്തില്‍ നാല് ലക്ഷത്തിലേറേ ടിക്കറ്റുകളാണ് വിറ്റുതീര്‍ത്തത്. അതേസമയം ചിത്രത്തിനുള്ള ടിക്കറ്റ് നിരക്കുകളും കുറവാണ്. അറുപത് രൂപയ്ക്ക് വരെ ടിക്കറ്റുകള്‍ വില്‍ക്കുന്നുണ്ട്.
പരമാവധി 200 രൂപ വരെയാണ് ചെന്നൈയിലെ നിരക്കുകള്‍. ഈ വര്‍ഷം പുറത്തിറങ്ങിയ പല ചിത്രങ്ങളുടെയും കളക്ഷനെ മറികടന്നിരിക്കുകയാണ് ചിത്രം. അതേസമയം പ്രീ സെയിലിലൂടെ മാത്രം ചിത്രം നേടിയത് മൂന്ന് കോടി രൂപയായിരുന്നു. കുറച്ച് ദിവസങ്ങള്‍ കൂടി ചിത്രം മികച്ച കളക്ഷനുമായി തിയേറ്ററില്‍ തുടരുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
ചിത്രം 2004ലെ റിലീസ് സമയത്തെ കളക്ഷനെ മറികടക്കുമോ എന്നാണ് കണ്ടറിയാനുള്ളത്. വിജയിയുടെ ആരാധകര്‍ വലിയ ആവേശത്തോടെയാണ് ചിത്രത്തിന്റെ റി റിലീസിനെ സ്വീകരിച്ചത്. ആരാധകര്‍ തിയേറ്ററില്‍ ഡാന്‍സ് കളിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ചിത്രത്തില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തിയത് പ്രകാശ് രാജായിരുന്നു.
തെലുങ്ക് ചിത്രമായ ഒക്കഡുവിന്റെ റീമേക്കായിരുന്നു ഗില്ലി. മഹേഷ് ബാബുവായിരുന്നു ഒക്കഡുവിലെ നായകന്‍. ഇത് തെലുങ്കില്‍ വമ്പന്‍ ഹിറ്റായിരുന്നു. മഹേഷ് ബാബുവിനെ താരമാക്കിയതും ഈ ചിത്രമാണ്. അതുപോലെ തെലുങ്കില്‍ പ്രകാശ് രാജ് തന്നെയായിരുന്നു വില്ലന്‍. അതേസമയം വിജയ് ഗില്ലിക്കായി 4 കോടിയാണ് പ്രതിഫലം വാങ്ങിയത്. ഇന്ന് 200 കോടി പ്രതിഫലം വാങ്ങുന്ന താരമാണ് വിജയ്.












Click it and Unblock the Notifications