ഗ്രാമിയില്‍ ഇന്ത്യന്‍ തിളക്കം; സക്കീര്‍ ഹുസൈനും ശങ്കര്‍ മഹാദേവനും പുരസ്‌കാരം
ലോസ് ആഞ്ചല്‍സ്: ഗ്രാമി പുരസ്‌കാര വേദിയില്‍ ഇന്ത്യക്ക് തിളക്കം. സംഗീതജ്ഞരായ ശങ്കര്‍ മഹാദേവനും, സക്കീര്‍ ഹുസൈന്റെ ബാന്‍ഡ് ശക്തിക്കും പുരസ്‌കാരം ലഭിച്ചു. ദിസ് മൊമന്റ് എന്ന ആല്‍ബത്തിനാണ് അംഗീകാരം. 66ാമത് ഗ്രാമി പുരസ്‌കാരമാണ് പ്രഖ്യാപിച്ചത്. ഓടക്കുഴല്‍ വിദഗ്ധന്‍ രാകേഷ് ചൗരസ്യക്കും പുരസ്‌കാരമുണ്ട്. ഇത്തവണത്തെ അംഗീകാരത്തോടെ സക്കീര്‍ ഹുസൈന് ഇത് മൂന്നാമത്തെ ഗ്രാമി പുരസ്‌കാരമാണ് ലഭിക്കുന്നത്.
രാകേഷ് ചൗരസ്യക്ക് രണ്ടാം തവണയാണ് ഗ്രാമി അംഗീകാരമെത്തുന്നത്. മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപെററി ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക്ക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് തബലിസ്റ്റ് ഉസ്താദ് സാക്കിര്‍ ഹുസൈന്‍ സ്വന്തമാക്കിയത്.

ശക്തി ബാന്‍ഡിന്റെ പുതിയ മ്യൂസിക് ആല്‍ബം ദിസ് മൊമെന്റിനാണ് പുരസ്‌കാരം ലഭിച്ചത്. ശങ്കര്‍ മഹാദേവനും, ഗണേഷ് രാജഗോപാലനും ഈ ബാന്‍ഡിലെ അംഗങ്ങളാണ്. തന്റെ ഭാര്യക്കാണ് ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് ശങ്കര്‍ മഹാദേവന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുപ്പതിനാണ് ദ മൊമെന്റ് പുറത്തിറങ്ങിയത്. എട്ട് ഗാനങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്.
ഗാനങ്ങള്‍ ആലപിച്ചത് ശങ്കര്‍ മഹാദേവനായിരുന്നു. ആസ് വി സ്പീക്ക് എന്ന ആല്‍ബത്തിലെ പഷ്‌തോ എന്ന ഗാനത്തിലൂടെ രാകേഷ് ചൗരസ്യ, ബെല ഫ്‌ളെക്ക്, എഡ്ഗാര്‍ മേയര്‍ എന്നിവരോടൊപ്പമാണ് സക്കീര്‍ ഹുസൈന്‍ മികച്ച ഗ്ലോബല്‍ മ്യൂസിക് പെര്‍ഫോമന്‍സിനുള്ള പുരസ്‌കാരം നേടിയത്. പ്രധാനമന്ത്രിയുടെ അബന്‍ഡന്‍സ് ഇന്‍ മില്ലെറ്റ്‌സ് എന്ന പ്രസംഗം ഉള്‍ക്കൊള്ളുന്ന ഗാനത്തെ പിന്തള്ളിയാണ് പഷ്‌തോ പുരസ്‌കാരം സ്വന്തമാക്കിയത്.
സക്കീര്‍ ഹുസൈന്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍, ബ്രിട്ടീഷ് ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫിന്‍ എന്നിവര്‍ ചേര്‍ന്നാണ് ദിസ് മൊമെന്റ് യാഥാര്‍ത്ഥ്യമാക്കിയത്. 1973ല്‍ ജോണ്‍ മക്ലാഫിനും സക്കീര്‍ ഹുസൈനും വയലിനിസ്റ്റ് എല്‍ ശങ്കറും താളവാദ്യ വിദഗ്ധന്‍ വിക്കു വിനായക് റാമും ചേര്‍ന്നാണ് ശക്തി എന്ന ഫ്യൂഷന്‍ ബാന്‍ഡിന് രൂപം നല്‍കിയത്.
2020ല്‍ മക്ലാഫിന്‍ ശങ്കര്‍ മഹാദേവനെയും, വിക്കു വിനായക് റാമിന്റെ മകനായ സെല്‍വ ഗണേഷിനെയും വയലിനിസ്റ്റ് ഗണേഷ് രാജഗോപാലനെയും ഉള്‍പ്പെടുത്തി മക്ലാഫിന്‍ ബാന്‍ഡ് പരിഷ്‌കരിക്കുകയായിരുന്നു.അതേസമയം മികച്ച ആല്‍ബത്തിനുള്ള പുരസ്‌കാരം ടെയ്‌ലര്‍ സ്വിഫ്റ്റ് സ്വന്തമാക്കി. ഇതേ കാറ്റഗറിയില്‍ നാല് തവണ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഗായികയായും ടെയ്‌ലര്‍ സ്വിഫ്റ്റ് മാറി.
ഫ്രാങ്ക് സിനാത്രയെ അടക്കമാണ് സ്വിഫ്റ്റ് മറികടന്നിരിക്കുന്നത്. ടൈറ്റാനിക് ഗായിക സെലിന ഡിയോണില്‍ നിന്നാണ് പുരസ്‌കാരം അവര്‍ സ്വീകരിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടെയാണ് അവര്‍ സ്റ്റേജിലെത്തിയത്. നേരത്തെ അപൂര്‍വ രോഗത്തെ തുടര്‍ന്ന് ലൈവ് പെര്‍ഫോമന്‍സുകള്‍ അടക്കം അവര്‍ റദ്ദാക്കിയിരുന്നു. മിലി സൈറസ്, ബില്ലി ഐലിഷ് എന്നിവരും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.












Click it and Unblock the Notifications