ബജറ്റ് കേട്ടാല്‍ ഞെട്ടും, രാജമൗലി പടത്തില്‍ മഹേഷ് ബാബുവിന് പ്രതിഫലം വേറെ ലെവല്‍; വാങ്ങുന്നത് ഇത്ര
ഗുണ്ടൂര്‍ കാരത്തിന്റെ ആവേശത്തിലാണ് മഹേഷ് ബാബു. മെഗാ ഓപ്പണിംഗാണ് ചിത്രത്തിന് ലഭിക്കാന്‍ പോകുന്നത്. ഇതിനോടകം ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്ന് കൊണ്ടിരിക്കുകയാണ്. തെലുങ്കിലെ മുന്‍നിര സംവിധായകനായ ത്രിവിക്രം ശ്രീനിവാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അതേസമയം മഹേഷ് ബാബുവിന്റെ അടുത്ത ചിത്രം ഇതിനോടകം ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.
സാക്ഷാല്‍ എസ്എസ് രാജമൗലിക്ക് ഒപ്പമാണ് മഹേഷിന്റെ അടുത്ത ചിത്രം. ദീര്‍ഘകാലമായി മഹേഷും ആരാധകരും കാത്തിരിക്കുന്ന ചിത്രമാണിത്. ഉറപ്പായും തെലുങ്കിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ഈ ചിത്രം തൂത്തെറിയുമെന്ന് ഉറപ്പാണ്.

കരിയറില്‍ ഒരു ഫ്‌ളോപ്പ് പോലുമില്ലാത്ത സംവിധായകനാണ് രാജമൗലി. അവസാനം ഇറങ്ങിയ അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങളില്‍ പാന്‍ ഇന്ത്യ തലത്തില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ വലിയ ഹിറ്റുകളായിരുന്നു. ബാഹുബലി എല്ലാ ഭാഷയിലും വമ്പന്‍ ഹിറ്റായി മാറി. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായും ബാഹുബലി സീരീസ് മാറിയിരുന്നു.
എന്നാല്‍ ഇതിന് ശേഷം വന്ന് ആര്‍ആര്‍ആര്‍ അതിലും വലിയ ഹിറ്റായിരുന്നു. ആഗോള ഹിറ്റ് എന്ന് തന്നെ പറയാമായിരുന്നു. ഹോളിവുഡില്‍ നിരവധി പേര്‍ ചിത്രം കണ്ട് അഭിനന്ദിച്ചിരുന്നു. ആയിരം കോടിയിലേറെ കളക്ട് ചെയ്ത് വലിയ ബ്ലോക്ക്ബസ്റ്ററായിരുന്നു. ഹിന്ദിയില്‍ നിന്നും ചിത്രം 250 കോടിയില്‍ അധികം കളക്ട് ചെയ്തിരുന്നു.
അതേസമയം മഹേഷ് ബാബു ചിത്രം രാജമൗലി ഇതുവരെ കാണാത്ത രീതിയിലാണ് ഒരുക്കാന്‍ പോകുന്നത്. ഹോളിവുഡ് ചിത്രങ്ങളുടെ അതേ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിഎഫ്എക്‌സിനടക്കം ചിത്രത്തില്‍ വലിയ പ്രാധാന്യമുണ്ടാവും. ആമസോണ്‍ കാടുകളുടെ പശ്ചാത്തലത്തില്‍ പറയുന്ന അഡ്വഞ്ചര്‍ സിനിമയായിരിക്കും ഇതെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.
ചിത്രത്തിന്റെ ബജറ്റ് ഇപ്പോള്‍ സിനിമാ പ്രേമികളുടെ മാത്രമല്ല സിനിമാ മേഖലയുടെ കണ്ണ് വരെ തുറപ്പിച്ചിരിക്കുകയാണ്. 1500 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ 500 കോടി ബജറ്റ് തന്നെ വളരെ കൂടുതലാണ്. അതിനിടയിലാണ് ഇത്രയും വലിയ ബജറ്റുമായി രാജമൗലി ഒരു ചിത്രം നിര്‍മിക്കാന്‍ പോകുന്നത്.
ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലൊക്കേഷനാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. മഹേഷ് ബാബു രാജമൗലി ചിത്രത്തിനായി പ്രതിഫലം വന്‍ തോതില്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. 110 കോടിയാണ് ചിത്രത്തിനായി മഹേഷ് ബാബു വാങ്ങുന്നത്.
ഗുണ്ടൂര്‍ കാരത്തിന് 70 കോടിക്കും 80നും ഇടയിലാണ് താരം വാങ്ങിയത്. അല്ലു അര്‍ജുനും പ്രഭാസിനുമൊപ്പം നൂറ് കോടിയിലേറെ പ്രതിഫലം വാങ്ങുന്ന താരമായി മഹേഷ് മാറിയിരിക്കുകയാണ്. രാജമൗലി ഈ ചിത്രത്തിനായി 200 കോടിയോളം പ്രതിഫലം വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ആര്‍ആര്‍ആറിന് ഇതേ പ്രതിഫലവും ലാഭവിഹിതവും അടക്കം 200 കോടിയിലേറെ രാജമൗലിക്ക് ലഭിച്ചിരുന്നു.












Click it and Unblock the Notifications