പരാതി പറഞ്ഞാല്‍ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തും, വിലക്കേര്‍പ്പെടുത്തും; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
തിരുവനന്തപുരം: മലയാള സിനിമാ മേഖലയില്‍ അടിമുടി സ്ത്രീവിരുദ്ധതയെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ മലയാളം സിനിമയിലെ മാഫിയ കരിയര്‍ നശിപ്പിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. എതിര്‍ത്താല്‍ അശ്ലീല ഭാഷയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വരും. നടിമാരുടെ വാതില്‍ മുട്ടുന്നത് പതിവാണ്. പലപ്പോഴും വാതില്‍ പൊളിച്ച് അകത്ത് വരുമോ എന്ന് പോലും ഭയമുണ്ടെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
നടിമാര്‍ക്ക് ശുചിമുറി പോലും നിഷേധിക്കപ്പെടുന്നു. സിനിമയിലെ പരാതികള്‍ കേള്‍ക്കുന്നതിനായി രൂപീകരിച്ച ഐസിസിക്ക് യാതൊരു അധികാരവുമില്ല. മലയാള സിനിമയിലെ മാഫിയകളുടെ മുന്നില്‍ ഇവര്‍ മുട്ടുമടക്കുന്നതാണ് രീതി.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഇടനിലക്കാരായി വലിയ ബുദ്ധിമുട്ടുകളാണ് നടിമാര്‍ക്ക് ഉണ്ടാക്കുന്നത്. പരാതിപ്പെടുന്ന നടിമാരുടെ കുടുംബാംഗങ്ങളെ വരെ ഭീഷണിപ്പെടുത്താറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സിനിമാ സെറ്റുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. പലരും മൂത്രമൊഴിക്കുന്നത് ഒഴിവാക്കാനായി വെള്ളം പോലും കുടിക്കാതെയാണ് ജോലി ചെയ്യുന്നത്.
പലര്‍ക്കും പരാതി പറയാന്‍ പോലും ഭയമാണ്. മലയാള സിനിമയിലേക്ക് കടന്നുവരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പോലും കടുത്ത ചൂഷണത്തിനാണ് ഇരയാവുന്നത്. താരങ്ങള്‍ക്കും നിര്‍മാതാക്കള്‍ക്കുമെല്ലാം വഴങ്ങിയാല്‍ സിനിമയില്‍ അവസരം നല്‍കാമെന്നാണ് ഇവരോട് പറയുന്നത്.
പലര്‍ക്കും ഭയന്നാണ് വഴങ്ങേണ്ടി വരുന്നത്. മലയാളത്തിലെ ഒരു നടിക്ക് ചൂഷണം ചെയ്തയാളുടെ ഒപ്പം അടുത്ത ദിവസം അഭിനയിക്കേണ്ടി വന്നു. ഈ നടന്റെ മുഖത്ത് നോക്കാന്‍ പോലും സാധിച്ചില്ല. അതുകൊണ്ട് 16 ടേക്കുകള്‍ വരെ പോകേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
പല നടിമാര്‍ക്കും കുടുംബത്തില്‍ ഉള്ളവരെ സെറ്റില്‍ കൊണ്ടുപോകേണ്ടി അവസ്ഥയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും വിവേചനമുണ്ട്. വഴങ്ങി കൊടുക്കുന്നവര്‍ക്ക് നല്ല ഭക്ഷണം ലഭിക്കും. സഹകരിക്കുന്നവര്‍ അറിയപ്പെടുക കോഡ് പേരിലാണ്.
സംരക്ഷിക്കാന്‍ ആളില്ലെങ്കില്‍ സിനിമാ ലോകം സുരക്ഷിതമല്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ഭയാനകമായ സാഹചര്യമാണ് സിനിമാ സെറ്റില്ലെന്ന് ഇവര്‍ പറയുന്നു. അവസരത്തിനായി കിടക്ക പങ്കിടേണ്ടതുണ്ട്. യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്.












Click it and Unblock the Notifications