'ഹണി റോസ് അത്ര നിഷ്‌കളങ്ക ആണെന്ന് തോന്നുന്നില്ല, എന്തിനും തയ്യാറാവുന്ന നടിമാരുണ്ട് സിനിമയിൽ'; ഫറ ഷിബില
കേരളത്തെ ഒന്നാകെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു നടി ഹണി റോസും പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ. തുടർച്ചയായ അധിക്ഷേപങ്ങളിലൂടെ ബോബി അതിരുവിട്ടപ്പോഴാണ് ഹണി റോസ് നിയമനടപടികളിലേക്ക് ഉൾപ്പെടെ കടന്നത്. ഇതോടെ ബോബി ചെമ്മണ്ണൂർ പോലീസ് കസ്‌റ്റഡിയിൽ ആവുകയും പിന്നീട് റിമാൻഡിൽ ജയിലിൽ കഴിയുകയും ഒക്കെ ചെയ്‌തിരുന്നു.
എന്നാൽ ഈ വിവാദത്തിനും രണ്ട് പക്ഷമുണ്ടായിരുന്നു. ഹണി റോസിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ കമന്റുകളും അഭിപ്രായ പ്രകടനങ്ങളും വന്നിരുന്നു. ഹണി റോസിന്റെ വസ്ത്രത്തെ ഉൾപ്പെടെ വിമർശിച്ചു കൊണ്ടായിരുന്നു കൂടുതൽ പേരും രംഗത്ത് വന്നത്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട അഭിപ്രായ പ്രകടനം നടത്തിയ വ്യക്തിയായിരുന്നു നടിയായ ഫറ ഷിബില.

ഹണി റോസ് സ്വീകരിച്ച നിയമ നടപടിയെ അംഗീകരിക്കുമ്പോൾ തന്നെ താരത്തിന്റെ വീഴ്‌ചകൾ ഫറ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് താരം. ഹണി റോസ് അത്രത്തോളം നിഷ്‌കളങ്ക ആണെന്ന് തോന്നുന്നില്ലെന്നാണ് താരം പറയുന്നത്. കൂടാതെ മലയാള സിനിമയിൽ ഇപ്പോഴും കാസ്‌റ്റിങ് കൗച്ച് ഉണ്ടെന്നും ഫറ ഷിബില തുറന്നുപറയുന്നു. മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
ഫറ ഷിബിലയുടെ വാക്കുകൾ
ഞാൻ പറഞ്ഞ കാര്യങ്ങൾ അന്ന് വളരെ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. രാഹുൽ ഈശ്വർ പറഞ്ഞ കാര്യങ്ങൾ അല്ല ഞാൻ പറഞ്ഞത്. ഹണി റോസിന്റെ വസ്ത്രധാരണത്തെ കുറിച്ചോ അവരുടെ ശരീരത്തെ കുറിച്ചോ ഒന്നും ഞാൻ കമന്റ് ചെയ്‌തിട്ടില്ല. അങ്ങനെ കമന്റ് ചെയ്യുന്നൊരു ആളല്ല ഞാൻ. എന്നെ അറിയുന്നവർക്ക് അത് മനസിലാവും. ഞാൻ എന്താണ് ഉദ്ദേശിച്ചതെന്ന് 90 ശതമാനം ആളുകൾക്കും മനസിലായിട്ടില്ല.
ഇന്നത്തെ സമൂഹത്തിൽ ഹണി റോസ് ഒരു സ്ത്രീ ആയത് കൊണ്ട് മാത്രം അവർക്കെതിരെ സംസാരിക്കാൻ ആളുകൾ തയ്യാറാവുന്നില്ല എന്ന് മാത്രം. സെൽഫ് ഒബ്‌ജക്റ്റിഫിക്കേഷൻ എന്ന് പറയുന്നത് വളരെ തെറ്റായ ഒരു കാര്യമാണ്. ഞാനൊരു വസ്ത്രം ധരിക്കുമ്പോൾ അത് ചുറ്റുമുള്ളവർക്ക് ബുദ്ധിമുട്ടാണെങ്കിൽ അത് എന്റെ സ്വാതന്ത്ര്യം ആണെന്ന് പറയാൻ കഴിയില്ല. അതിലൊക്കെ നമുക്ക് ഒരുപാട് പരിമിതികൾ ഉണ്ടെന്നതാണ് സത്യം.
ഇൻസ്‌റ്റഗ്രാമിൽ ഉൾപ്പെടെ പലതും പ്രദർശനം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ബസിൽ ഇരിക്കുമ്പോൾ എന്നെ മുണ്ട് പൊക്കി കാണിച്ചവരുണ്ട്. ഞാൻ ഫോട്ടോഷൂട്ട് നടത്തിയത് ഒരു കൃത്യമായ ആവശ്യത്തിന് വേണ്ടിയാണ്. ഞാൻ വളരെയേറെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഹണി റോസ്. ബോബി ചെമ്മണ്ണൂർ പറഞ്ഞ ഒരു കമന്റും അവർ കേൾക്കേണ്ട ബാധ്യതയില്ല, അതിലൊന്നും എനിക്ക് ഒരു എതിർ അഭിപ്രായവുമില്ല.
സമൂഹത്തിന് ഒരു അപചയം ഉണ്ടെന്ന് അറിയാത്ത ആളല്ല ഹണി റോസ്. അതിനുള്ള ബുദ്ധി അവർക്കുണ്ട്. അത്രയ്ക്ക് നിഷ്‌കളങ്കയാണ് ഹണി റോസ് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഈ വ്യവസായത്തിൽ കഷ്‌ടപ്പെടുന്ന സ്ത്രീകൾക്ക് മോശം മാതൃകയാണ് ഹണി റോസ് ഉണ്ടാക്കുന്നത്. എനിക്ക് സിനിമ ഇല്ലെങ്കിലും ഇങ്ങനെ പൈസയുണ്ടാക്കാം എന്നൊരു ചിന്ത. വേശ്യകൾ പൈസയുണ്ടാക്കുന്നുണ്ട്, അത് പക്ഷേ ധാർമ്മികമായി തെറ്റായിട്ടാണ് എനിക്ക് തോന്നുന്നത്.
മലയാള സിനിമയിൽ കാസ്‌റ്റിങ് കൗച്ച് ഇപ്പോഴുമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഒട്ടും ഇല്ലെന്ന് പറയാൻ കഴിയില്ല. എങ്കിലും കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങളായി മാറ്റമുണ്ടെന്നാണ് തോന്നുന്നത്. പക്ഷേ എന്നെ വിളിച്ച് ഒരാൾ ഇത് ചോദിച്ചാൽ അത് ചെയ്യുന്നതിൽ എന്താണ് കുറ്റമെന്ന് ചോദിക്കുന്ന ആളുകളുണ്ട്. എന്റടുത്ത് പല സംവിധായകരും അക്കാര്യം പറഞ്ഞിട്ടുണ്ട്. അങ്ങനെ പറയുന്ന കുട്ടികളുണ്ട്. എന്ത് ചെയ്യാനും തയ്യാറാണെന്ന് പറയുന്ന നടിമാരുണ്ടെന്ന്.












Click it and Unblock the Notifications