'ഹണി റോസ് ആയാലും രേണു ആണെങ്കിലും നല്ല അഭിനേത്രികൾ വിളിച്ചാൽ ഞാൻ ഇനിയും പോവും'; ദാസേട്ടൻ കോഴിക്കോട്
അടുത്തിടെയാണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ റൊമാന്റിക് റീൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായത്. ദിലീപിന്റെ സൂപ്പർഹിറ്റ് ചലച്ചിത്രമായ ചാന്തുപൊട്ടിലെ ഗാനത്തിന് കടൽത്തീരത്ത് നൃത്തം വയ്ക്കുകയായിരുന്നു രേണുവും സോഷ്യൽ മീഡിയ സെലിബ്രിറ്റിയായ ദാസേട്ടൻ കോഴിക്കോട് എന്ന ഷൺമുഖദാസും. ലക്ഷക്കണക്കിന് പേരാണ് ഈ വിഡിയോകൾ ഇൻസ്‌റ്റഗ്രാമിലൂടെ കണ്ടത്.
എന്നാൽ പ്രതീക്ഷിച്ച പ്രതികരണമല്ല വീഡിയോയുടെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഒക്കെ ലഭിച്ചത് എന്നതാണ് കൗതുകകരമായ കാര്യം. വീഡിയോക്ക് താഴെ നിരവധി പേരാണ് മോശം കമന്റുകളുമായി എത്തിയത്. സുധിയുടെ മരണ ശേഷം ചെയ്യുന്ന റീൽ ആയതിനാൽ തന്നെ രേണുവിനെതിരെ ആയിരുന്നു പ്രധാനമായും സൈബർ ആക്രമണം. ഇതൊക്കെ സുധിയുടെ ആത്മാവ് കാണുന്നുണ്ടാവുമെന്നും ചിലർ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ വിഷയത്തിൽ പ്രതികരണവുമായി രേണു തന്നെ രംഗത്ത് എത്തിയിരുന്നു. തനിക്കും കുടുംബത്തിനും ജീവിക്കണമെന്നും അഭിനയമാണ് തന്റെ തൊഴിലെന്നും രേണു പറയുന്നു. ഇപ്പോഴിതാ വീഡിയോയിൽ രേണുവിന് ഒപ്പം പ്രത്യക്ഷപ്പെട്ട ദാസേട്ടൻ കോഴിക്കോടും തന്റെ നിലപാട് വ്യക്തമാക്കുകയാണ്. രേണു എന്നല്ല ഏത് നല്ല അഭിനേത്രി വിളിച്ചാലും താൻ അഭിനയിക്കാൻ പോവുമെന്നാണ് ദാസേട്ടൻ പറയുന്നത്.
എന്റെ കൂടെ ഒരുപാട് സ്ത്രീകൾ അഭിനയിച്ചിട്ടുണ്ട്, അതിലൊരാൾ മാത്രമാണ് രേണു. ഒരു സഹോദരി, അത്ര മാത്രമേ ഉള്ളൂ. ഇത്രമാത്രം വിവാദങ്ങൾക്ക് വഴി തെളിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്തിനാണ് വിവാദം ഉണ്ടാക്കുന്നത് എന്നും എനിക്കറിയില്ല. ഒന്നോ രണ്ടോ നെഗറ്റീവ് ഉണ്ടാവുമെന്നേ കരുതിയുള്ളൂ, പക്ഷേ ഇത് വേറെയൊരു രീതിയിലേക്ക് മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കുന്ന ഒരു ഏർപ്പാട് ഉണ്ടായിരുന്നു. എന്ത് വിവരക്കേടാണ് ഇവരൊക്കെ പറയുന്നത്. ഭർത്താവ് മരിച്ച സ്ത്രീയ്ക്ക് എന്താ ജീവിക്കണ്ടേ. കാര്യമായി ജോലി ചെയ്‌തു ജീവിക്കുന്ന എത്ര സ്ത്രീകളുണ്ട് ധാരാളം. ഇത് 2025 ആണ്, ഇപ്പോൾ ഇത്തരം കാര്യങ്ങൾക്ക് ഒന്നും ഒരു പ്രസക്തിയുമില്ല. ഒരാൾ ഇൻഡിവിജ്വൽ ആവുമ്പോൾ അയാൾക്ക് എങ്ങനെ വേണമെങ്കിലും ജീവിക്കാം.
മലയാള സിനിമയിൽ ഭർത്താവ് മരിച്ച എത്രയോ സ്ത്രീകൾ തുടർന്നും അഭിനയിച്ചിട്ടുണ്ട്. കെപിഎസി ലളിത ചേച്ചി ഭരതേട്ടൻ മരിച്ചപ്പോൾ അഭിനയിച്ചില്ലേ, മല്ലിക ചേച്ചി സുകുമാരൻ സർ മരിച്ച ശേഷവും അഭിനയിച്ചില്ലേ. അവരുടെ രണ്ട് മക്കളും ഇന്ന് മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളാണ്. മാധ്യമങ്ങളാണ് നെഗറ്റിവിയും പോസിറ്റിവിറ്റിയും പ്രചരിപ്പിക്കുന്നത്.
എന്നെ പൊട്ടൻ എന്നൊക്കെ പണ്ടേ വിളിക്കാൻ തുടങ്ങിയതാണ്. അതൊന്നും എന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല. രേണുവുമായിട്ട് ഞാൻ ഇനിയും അഭിനയിക്കും. രേണു എന്നല്ല അതിപ്പോൾ ആര് വിളിച്ചാലും അഭിനയിക്കും. ഹണി റോസ് ആയാലും രേണു ആയാലും നല്ല അഭിനേത്രിമാർ വിളിച്ചാലും ഉറപ്പായും അഭിനയിക്കാൻ പോവും; ദാസേട്ടൻ കോഴിക്കോട് വ്യക്തമാക്കി.
അതിനിടെ രേണുവും ദാസേട്ടനും ഒന്നിച്ച രണ്ടാമത്തെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഈ വീഡിയോക്കും ഒട്ടേറെ മോശം കമന്റുകൾ വരുന്നുണ്ട്. ഡൈലാമോ ഡൈലാമോ എന്ന പാട്ടിനാണ് ഇരുവരും ചുവടുവച്ചത്. കടുത്ത വിമർശനമാണ് ഈ വീഡിയോക്ക് താഴെയും കമന്റായി ഒരു വിഭാഗം പ്രേക്ഷകർ രേഖപ്പെടുത്തുന്നത്.












Click it and Unblock the Notifications