'എന്റെ ശരീര ഭാഗങ്ങൾ വരെ പരാമർശിച്ച മോശം കമന്റുകൾ കാണേണ്ടി വന്നു, ഡിപ്രഷനിൽ ആയി'; ഹണി റോസ്
മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഹണി റോസ്. അധികം ചിത്രങ്ങളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും താരത്തെ അറിയാത്ത മലയാളികൾ വളരെ കുറവാണ്. ഒരുകാലത്ത് ഉദ്‌ഘാടന വേദികളിൽ താരമായി തിളങ്ങി നിന്നിരുന്ന ഹണി റോസിനെതിരെ സൈബർ ആക്രമണവും വളരെയധികം ഉയർന്നിരുന്നു. വസ്ത്രധാരണത്തിന്റെ പേരിലുള്ള കളിയാക്കലുകളും വിമർശനങ്ങളും ഹണി ഒരുപാട് നേരിട്ടിരുന്നു.
എന്നാൽ അടുത്തിടെയാണ് ഹണി റോസ് ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നത്. ഓൺലൈൻ അധിക്ഷേപങ്ങൾ നടത്തുന്നവർക്ക് എതിരെ താരം പോലീസിൽ പരാതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി പരാതി നൽകിയത്. ഇതിൽ ബോബി അറസ്‌റ്റിലാവുകയും റിമാൻഡിൽ കഴിയുകയും ഒക്കെ ചെയ്‌തിരുന്നു.

ഇപ്പോഴിതാ വിവാദങ്ങൾക്ക് ശേഷം മനസ് തുറക്കുകയാണ് ഹണി റോസ്. ബോബി ചെമ്മണ്ണൂർ അനുകൂലികൾ ഹണിക്കെതിരെ രംഗത്ത് വന്നതിന് പിന്നാലെയാണ് താരം മനസ് തുറന്നത്. മനോരമ ന്യൂസിലെ 'നേരെ ചൊവ്വേ' എന്ന പരിപാടിയിലാണ് താരം സംസാരിച്ചത്. താൻ നേരിട്ട സൈബർ ആക്രമണങ്ങളെ കുറിച്ചും പിന്നീട് വിഷാദത്തിലേക്ക് വഴിമാറിയതിനെ കുറിച്ചുമൊക്കെ ഹണി സംസാരിച്ചു.
ഹണി റോസിന്റെ വാക്കുകൾ
കോവിഡിന് ശേഷം ഏറ്റവും കൂടുതൽ സൈബർ ബുള്ളിയിങ് നേരിട്ട ആളാണ് ഞാൻ. എന്റെ ശരീര ഭാഗങ്ങൾ പരാമർശിച്ച് വളരെ മോശം കമന്റുകളും മെസേജുകളും വീഡിയോകളുമാണ് ഒക്കെ കാണേണ്ടി വന്നിട്ടുണ്ട്. പൊതുവെ കുറച്ച് സമാധാനം ഇഷ്‌ടപ്പെടുന്ന ആളായത് കൊണ്ടാണ് ഞാൻ ഇതുവരെ പ്രതികരിക്കാതെ നിന്നത്. എന്നാൽ ക്ഷമയുടെ നെല്ലിപ്പലക കണ്ടതോടെ പ്രതികരിക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നെ സ്‌നേഹിക്കുന്ന എന്റെ അച്ഛനും അമ്മയും പിന്നെ കുറച്ച് ആളുകളും ഉളളതുകൊണ്ട് മാത്രമാണ് പ്രതികരിക്കാൻ ഞാൻ തയ്യാറായത്. പ്രതികരിക്കാത്തതിന് അവരുടെ ഭാഗത്ത് നിന്ന് എപ്പോഴും വഴക്ക് കേട്ടിരുന്നു. ഞാൻ നൽകിയ പരാതിക്ക് പൂർണമായ പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. എന്റെ തീരുമാനത്തെ അഭിനന്ദിക്കാൻ സിനിമാരംഗത്ത് നിന്നുതന്നെ ആളുകൾ ഉണ്ടായിരുന്നു. അമ്മ അസോസിയേഷനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഒക്കെ ഒപ്പം നിന്നു.
ജനങ്ങളിൽ നിന്നും നല്ല പിന്തുണയും സ്നേഹവും ലഭിച്ചിരുന്നു. ആളൊരു പാവം കുട്ടിയാണെന്നു തോന്നിക്കഴിഞ്ഞാൽ പലരും തലയിൽക്കയറി നിരങ്ങാൻ തുടങ്ങും. നേരത്തെ തന്നെ കേസിന് പോയിരുന്നെങ്കിൽ ഈ അടുത്ത് ഇത്രയും വിഷയങ്ങൾ ഉണ്ടാകില്ലായിരുന്നു. എനിക്കുണ്ടായ പ്രശ്‌നങ്ങൾ ഒന്നും സിനിമയിൽ നിന്ന് വന്നതല്ല.
ഡിപ്രഷന്റെ ഗുളിക വരെ കഴിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. പല അഭിമുഖങ്ങളിലും ഞാൻ സന്തോഷവതിയാണ് പ്രശ്‌നമൊന്നുമില്ലെന്ന് പറയാറാണ്. എന്നാൽ അങ്ങനെ പറയുമ്പോഴും മാനസികമായി ഇതെല്ലാം എന്നെ ബാധിക്കുകയായിരുന്നു. കുറച്ച് ഉത്കണ്ഠ കൂടുതലുള്ള ആളാണ് ഞാൻ. പക്ഷേ ഉള്ളിലൊരു പോരാളി കൂടിയുണ്ട്. അവസാനം പോരാടാൻ തീരുമാനിച്ചപ്പോൾ മനസിൽ നിന്നും വലിയൊരു ഭാരം ഇറക്കിവച്ചതുപോലെയായിരുന്നു.












Click it and Unblock the Notifications