'അങ്ങനെ പ്രതികരിച്ചത് ഹണി റോസിന്റെ മാന്യത കൊണ്ട്, ബോചെ നല്ലതും ചെയ്യുന്നുണ്ട്, പക്ഷേ..'; പൊന്നമ്മ ബാബു
കേരളക്കരയെ ഇളക്കിമറിച്ച വിവാദങ്ങളിൽ ഒന്നാണ് ഹണി റോസും ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങൾ. ഏറെക്കാലത്തിന് ശേഷമാണ് കേരളീയ സമൂഹം വസ്ത്രധാരണത്തെ കുറിച്ചും അതിന്റെ അതിർ വരമ്പുകളെ കുറിച്ചുമൊക്കെയുള്ള ചർച്ചകൾ ആഴത്തിൽ നടത്തിയത്. ഹണിയുടെ പരാതിയും അതുമായി ബന്ധപ്പെട്ട തുടർ നടപടികളും ബൊചെയുടെ അറസ്‌റ്റും ഒക്കെ പല പ്രതികരണങ്ങൾക്കും ഇടയാക്കിയിരുന്നു.
അതിന് പിന്നാലെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്നുള്ളവർ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സിനിമയിൽ നിന്നും മാത്രമുള്ളവരല്ല രാഷ്ട്രീയ മേഖലയിൽ നിന്നുള്ളവരും അല്ലാത്തവരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി. രാഹുൽ ഈശ്വറിനെ പോലെയുള്ളവർ ബോബി ചെമ്മണ്ണൂരിന് പിന്തുണ അറിയിക്കുകയും ചെയ്‌തു. ഇപ്പോഴിതാ ഹണിയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി പൊന്നമ്മ ബാബു.

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പൊന്നമ്മ ബാബു തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. ഹണിയുടെ പ്രതികരണം മാന്യമായിരുന്നു എന്നും ഹണിക്ക് ഏത് വസ്ത്രവും ചേരുമെന്നും പൊന്നമ്മ ബാബു പറയുന്നുണ്ട്. ബോബി ചെമ്മണ്ണൂരിനെ കുറിച്ചും പൊന്നമ്മ ബാബു സംസാരിച്ചു. ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്യുന്നുണ്ടെങ്കിലും ഇത് ആർക്കായാലും വിഷമം ഉണ്ടാക്കുന്ന സംഭവം ആണെന്നും പൊന്നമ്മ പറയുന്നു.
പൊന്നമ്മ ബാബുവിന്റെ വാക്കുകൾ
മലയാളം സിനിമാ ഇൻഡസ്ട്രിയിൽ മക്കളെ പോലെ കാണുന്നതും തന്നെ സ്നേഹിക്കുന്നതുമായ നടിമാരുണ്ട്. അതിലൊരാളാണ് ഹണി റോസ്. ബോചെ എന്ന് പറയുന്ന ആള് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. അദ്ദേഹം എവിടെയോ ഇങ്ങനെ ഒന്ന് രണ്ട് കാര്യങ്ങൾ പറഞ്ഞു ബോഡി ഷെയിമിംഗ് രീതിയിൽ ഉള്ളത്. ഹണിയെ ചേർത്ത് തന്നെയാണ് സംസാരിച്ചത്. പുള്ളിയുടെ ആ പറച്ചിലിൽ നമുക്കായാലും വേദന തോന്നും.
എന്നെയാണ് അത് പറഞ്ഞതെങ്കിൽ എനിക്കത് വേദന തോന്നും. ഓരോരുത്തരും ഓരോരുത്തരെ പറ്റിയും ഓർക്കണം. പക്ഷേ ഹണി അത് വളരെ മാന്യതയോടെ കൈകാര്യം ചെയ്‌തു. ആ വേദിയിൽ നിന്നും മുഖം കറുപ്പിക്കാതെ പക്വതയോടെ പ്രതികരിച്ചു. മറ്റ് ചില ആർട്ടിസ്‌റ്റുകൾ ആണെങ്കിൽ ചിലപ്പോൾ അപ്പൊ തന്നെ റിയാക്റ്റ് ചെയ്‌തേക്കും. ഹണിയുടെ സ്ഥാനത്ത് വേറെ വല്ലവരും ആയിരുന്നെങ്കിലും ചിലപ്പോൾ അടി കിട്ടിയേനെ.
അങ്ങനെ വന്നാൽ അതൊക്കെ വലിയൊരു വിഷയത്തിലേക്ക് പോവത്തേ ഉള്ളൂ. വളരെ മാന്യമായിട്ട് തന്നെയാണ് ഹണി വേദി വിട്ടത്. അത് മറന്നൊരു വിഷയമായിരുന്നു. പിന്നീടുള്ള പറിച്ചിലിലാണ് അതിന് വിഷമം ഉണ്ടായത്. വേറെ ആരോ ചോദിച്ചപ്പോൾ വീണ്ടും അത് കുത്തി കുത്തി പറഞ്ഞു. എനിക്ക് അദ്ദേഹത്തോട് അടുപ്പവും പരിചയവും ഒന്നുമില്ല, ഒരു പാവം മനുഷ്യനായിട്ടാണ് തോന്നിയത്. പക്ഷേ അദ്ദേഹം പറഞ്ഞ വാക്കുകളാണ് പ്രശ്‌നമാവുന്നത്.
ആ വാക്കുകൾ ഒന്ന് സൂക്ഷിച്ചും കണ്ടും ഒക്കെയൊന്ന് പറഞ്ഞാൽ മതിയായിരുന്നു. ഡ്രസിന്റെ കാര്യം പറഞ്ഞാൽ, ഒരാൾക്ക് ഇഷ്‌ടമുള്ളത് ധരിക്കാം. നമുക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്. അത് നമ്മളാണ് തീരുമാനിക്കുന്നത് വേണോ വേണ്ടയോ എന്നൊക്കെ. ഹണി അവൾക്ക് ഇഷ്‌ടമുള്ള ഡ്രസ് ഇടുന്നു. പിന്നെ ആ കുട്ടി കാണാൻ നല്ല ഭംഗിയുള്ളതാണ്. ആ കുട്ടി അങ്ങനത്തെ ഡ്രസ് ഒക്കെ ഇടുമ്പോൾ അതിന് യോജിക്കുന്നുണ്ട് അതൊക്കെ.
നമ്മൾ പറയുന്ന വാക്കുകൾ ഒക്കെ ഒന്ന് ശ്രദ്ധിച്ചാൽ മതിയെന്നാണ് എനിക്ക് പറയാനുള്ളത്. അത് പെണ്ണിനെ മാത്രമല്ല തിരിച്ച് പുരുഷന്മാരെയും. ഒരു പെണ്ണ് ഇരുന്നിട്ട് ആണിനേയും മോശമായിട്ട് അങ്ങനെ പറയാൻ പാടില്ല. അതിൽ നമ്മൾ മര്യാദയും മാന്യതയും ഒക്കെ കൊടുക്കണം. ഹണി അങ്ങനത്തെ ഡ്രസ് ഇടുന്നു. ഹണി ആള് എന്ത് പാവം ക്യാരക്റ്റർ ആണെന്നോ, അതുകൊണ്ട് വസ്ത്രധാരണത്തിന്റെ പേരിൽ ആരെയും വിലയിരുത്തുന്നത് ശരിയല്ല.












Click it and Unblock the Notifications