ഓസ്‌കാറില്‍ മികച്ച ചിത്രത്തെ തിരഞ്ഞെടുക്കുന്നത് ചില്ലറക്കളിയല്ല, സങ്കീര്‍ണത; വോട്ടെടുപ്പ് ഇങ്ങനെ
ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ എങ്ങനെയാണ് അക്കാദമി അവാര്‍ഡിലെ ഏറ്റവും മികച്ച ചിത്രത്തെ തിരഞ്ഞെടുക്കുന്നതെന്ന് അറിയുമോ? തീര്‍ത്തും സങ്കീര്‍ണമായ ഒരു പ്രക്രിയയാണിത്. സാധാരണ ഒരു അവാര്‍ഡ് നല്‍കുന്നതിനേക്കാള്‍ എത്ര ബുദ്ധിമുട്ടേറിയ കാര്യമാണിത്.
ഓസ്‌കാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിലെ ഏറ്റവും അവസാനത്തെ ഇനമാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം. പ്രിഫറന്‍ഷ്യല്‍ ബാലറ്റ് സിസ്റ്റം വഴിയുള്ള വോട്ടെടുപ്പിലൂടെയാണ് മികച്ച ചിത്രത്തെ തിരഞ്ഞെടുക്കുകയെന്ന് അമേരിക്കന്‍ മാഗസിനായ വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂയോര്‍ക്ക് സിറ്റിയിലെ ഇലക്ട്രല്‍ സിസ്റ്റവും പ്രിഫറന്‍ഷ്യല്‍ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തും.

മികച്ച ചിത്രത്തിനുള്ള കാറ്റഗറിയില്‍ മാത്രമാണ് അക്കാദമിയിലെ എല്ലാ അംഗങ്ങള്‍ക്കും വോട്ടിംഗിന് അനുമതിയുണ്ടാവുക. ഇവര്‍ നോമിനേഷന്‍ സമര്‍പ്പിക്കാം. മൊത്തം 10500 പേര്‍ അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ വോട്ടിംഗ് അംഗങ്ങളാണെന്ന് അക്കാദമിയുടെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും അക്കാദമി അവരുടെ അംഗത്വം വര്‍ധിപ്പിക്കും.
കഴിഞ്ഞ വര്‍ഷം സിനിമാ മേഖലയില്‍ നിന്ന് 400 പേരെയാണ് അക്കാദമിയില്‍ അംഗത്വത്തിനായി ക്ഷണിച്ചത്. മികച്ച ചിത്രത്തിനായി പരിഗണിക്കുന്നത് പത്ത് ചിത്രങ്ങളെയാണ്. ഹോള്‍ഡോവേഴ്‌സ്, അമേരിക്കന്‍ ഫിക്ഷന്‍, അനാട്ടമി ഓഫ് എ ഫോള്‍, ബാര്‍ബി, കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണ്‍, പാസ്റ്റ് ലൈവ്‌സ്, മയ്‌സ്‌ട്രോ, പുവര്‍ തിംഗ്‌സ്, ദ സോണ്‍ ഓഫ് ഇന്ററസ്റ്റ്, ഓപ്പണ്‍ഹൈമര്‍ എന്നിവയാണ് ഇത്തവണ മികച്ച ചിത്രങ്ങള്‍ക്കായി മത്സരിക്കുന്നത്.
ചില മാനദണ്ഡങ്ങള്‍ നാമനിര്‍ദേശം ചെയ്യപ്പെടാന്‍ ഒരു ചിത്രത്തിന് ആവശ്യമാണ്. നാല്‍പ്പത് മിനുട്ട് ദൈര്‍ഘ്യം ചിത്രത്തിനുണ്ടായിരിക്കണം. നിര്‍ബന്ധമായും തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കണം. യുഎസ്സിലെ നിലവാരങ്ങള്‍ക്കനുസരിച്ചുള്ളതായിരിക്കണം. ക്രിയേറ്റീവായിട്ടുള്ള നേതൃത്വം, പ്രേക്ഷകരുടെ പങ്കാളിത്തം അടക്കമുള്ള കാര്യങ്ങള്‍ ഇതിനായി പരിഗണിക്കാം. ഇവ തീര്‍ത്തും സങ്കീര്‍ണമാണ്.
അക്കാദമിയുടെ 17 ബ്രാഞ്ചിലുള്ള അംഗങ്ങള്‍ക്കെല്ലാം മികച്ച ചിത്രങ്ങളെ നാമനിര്‍ദേശം ചെയ്യാവുന്നതാണ്. 24 ഓസ്‌കര്‍ കാറ്റഗറികള്‍ ഉണ്ടെങ്കിലും അക്കാദമി അംഗങ്ങള്‍ സ്വന്തം വിഭാഗത്തില്‍ നിന്നുള്ള നോമിനികള്‍ക്കാണ് വോട്ട് ചെയ്യുക. അതായത് നടന്‍മാരാണെങ്കില്‍ നടന്‍മാരെ തന്നെ നോമിനേറ്റ് ചെയ്യും.
അവസാന വോട്ടെടുപ്പ് ഓണ്‍ലൈന്‍ വഴിയാണ് നടക്കുക. പ്രൈസ് വാട്ട് ഹൗസ് കൂപ്പേഴ്‌സാണ് ഫലം സമിതിയെ അറിയിക്കുക. അതായത് ഈ അക്കൗണ്ടിംഗ് കമ്പനിയിലെ രണ്ട് പാര്‍ട്ണര്‍മാര്‍ക്ക് മാത്രമാണ് ഫലത്തെ കുറിച്ച് അറിയുക. ചടങ്ങില്‍ മാത്രമാണ് ഈ ഫലം പ്രഖ്യാപിക്കുക. വോട്ടെടുപ്പാണ് സങ്കീര്‍ണം. കാരണം പലരും പല ചിത്രങ്ങളെയാവും പിന്തുണച്ചിട്ടുണ്ടാവുക. ഇവിടെയാണ് പ്രിഫറന്‍ഷ്യല്‍ ബാലറ്റ് നിര്‍ണായകമാകുക.
50 ശതമാനത്തില്‍ വോട്ട് ലഭിക്കുന്ന ചിത്രമായിരിക്കും ജേതാവാകുക. ഇനി ഒരു ചിത്രത്തിനും വോട്ട് 50 ശതമാനത്തിന് മുകളില്‍ ലഭിച്ചില്ലെങ്കില്‍ ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ച ചിത്രം ലിസ്റ്റില്‍ നിന്ന് പുറത്താവും.
തുടര്‍ന്ന് ആ ചിത്രത്തിന് വോട്ട് ചെയ്തവരുടെ രണ്ടാമത്തെ ചോയ്‌സ് വോട്ടായി രേഖപ്പെടുത്തും.ഇത് 50 ശതമാനത്തിലധികം ഒരു ചിത്രത്തിന് വോട്ട് കിട്ടുന്നത് വരെ തുടരും. ചിലപ്പോഴെല്ലാം ആളുകള്‍ ഇഷ്ടപ്പെടുന്ന ചിത്രങ്ങള്‍ മികച്ച ചിത്രമായി വരാത്തതും ഇതേ കാരണം കൊണ്ടാണ്.












Click it and Unblock the Notifications