'ലേലം കാണുമ്പോൾ സോമേട്ടന്റെ ഓരോ സീനിലും തിയേറ്ററിൽ ഞാൻ പൊട്ടിക്കരഞ്ഞു, എല്ലാവരും എന്നെ നോക്കി'; നന്ദു
മലയാള സിനിമയിൽ കഴിവുറ്റ ഒട്ടേറെ പ്രതിഭകളുണ്ട്. സ്വഭാവ വേഷങ്ങളിൽ തിളങ്ങുന്ന നടൻമാരിൽ മുൻപന്തിയിലുള്ള ആളാണ് നന്ദു എന്ന നന്ദലാൽ കൃഷ്‌ണമൂർത്തി. നായകനായല്ല, തുടക്കം മുതൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലാണ് നന്ദു തിളങ്ങിയത്. സംവിധായകൻ രഞ്ജിത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ സ്‌പിരിറ്റിലെ പ്ലംബർ മണിയനെ ആരും മറക്കാൻ ഇടയില്ല. പകരക്കാരില്ലാത്ത വിധം ഈ കഥാപാത്രത്തെ അനശ്വരമാക്കിയ നന്ദുവിന് മലയാളി പ്രേക്ഷകർക്ക് ഇടയിൽ വലിയ സ്ഥാനമുണ്ട്.
സിനിമയിൽ എത്തിയിട്ട് നാല് പതിറ്റാണ്ട് പിന്നിട്ടിട്ടും അടുത്തകാലത്താണ് താരത്തിന് അർഹമായ വേഷങ്ങളും പരിഗണനയും ലഭിച്ചു തുടങ്ങിയത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ ഒട്ടുമിക്ക മുൻനിര താരങ്ങളുമായും അദ്ദേഹത്തിന് അടുപ്പമുണ്ട്. ഇവരുടെ ഒക്കെ കൂടെ ഒട്ടേറെ വേഷങ്ങളിൽ അദ്ദേഹം വെള്ളിത്തിരയിൽ അഭിനയിച്ചിട്ടുമുണ്ട്.

ഇപ്പോഴിതാ സിനിമയിൽ എത്തുന്ന കാലത്തും അതിന് മുൻപും സീനിയർ താരങ്ങളുമായുള്ള അടുപ്പത്തെ കുറിച്ച് സംസാരിക്കുകയാണ് നന്ദു. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളായ സോമൻ, പ്രേംനസീർ, മാള, ആലുംമൂടൻ, തിക്കുറിശ്ശി സുകുമാരൻ നായർ എന്നിവർക്കൊപ്പമുള്ള അനുഭവങ്ങൾ നന്ദു വിവരിച്ചു. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ആയിരുന്നു താരത്തിന്റെ തുറന്ന് പറച്ചിൽ.
നന്ദുവിന്റെ വാക്കുകൾ ഇങ്ങനെ
സോമേട്ടൻ എന്റെ അമ്മാവന്റെ വലിയ സുഹൃത്തായിരുന്നു. സോമേട്ടനൊക്കെ വീട്ടിൽ വന്നിട്ടുണ്ട്. സീമ ചേച്ചിയും വന്നിരുന്നു. അതുകൊണ്ട് സോമേട്ടനുമായി നല്ല ബന്ധമുണ്ടായിരുന്നു. സ്വാഗതം എന്ന സിനിമയുടെ സമയത്ത് എനിക്ക് ഒരു ബൈക്കുണ്ടായിരുന്നു, സുസുക്കിയുടെ. ആ ബൈക്ക് സിനിമയിൽ അഭിനയിക്കുന്നുണ്ടായിരുന്നു. അശോകൻ ഉപയോഗിക്കുന്ന ബൈക്കായിരുന്നു അത്. ഞാൻ സിനിമയിൽ ഇല്ലെങ്കിലും ഞാൻ ലൊക്കേഷനിൽ വരണം.
അങ്ങനെ എല്ലാ ദിവസവും ഞാൻ അവിടെ തന്നെ ഉണ്ടായിരുന്നു. ആ സമയത്താണ് സോമേട്ടൻ എന്നോട് ഈ ബൈക്കിനെ കുറിച്ച് ചോദിച്ചത്. എടാ ഈ ബൈക്കിന് എത്ര രൂപയുണ്ടാവും എന്ന് ചോദിച്ചത്. ഞാൻ പറഞ്ഞു സെക്കൻഡ് ഹാൻഡ് ആണെങ്കിൽ ഒരു എട്ട് രൂപയൊക്കെ കൊടുക്കേണ്ടി വരുമെന്ന്. അന്ന് ആ ബൈക്കിന് പുതിയത് വാങ്ങാൻ തന്നെ പത്തോ പന്ത്രണ്ടോ രൂപയാണ് വേണ്ടത്. ഞാൻ പറഞ്ഞു യമഹ എന്ന് പറയുന്ന ഒരു വണ്ടിയുണ്ട് നല്ല പവർ ഉള്ളതാണെന്ന്.
മകൻ കുറേ കാലമായി ഒരു ബൈക്ക് വേണമെന്ന് വാശി പിടിക്കുന്നെന്ന് സോമേട്ടൻ പറഞ്ഞു. ഇതൊക്കെ വാങ്ങി കൊടുത്താൽ എവിടെങ്കിലും ഒക്കെ ചുറ്റിക്കറങ്ങി നിൽക്കുമെന്ന് പുള്ളി പറഞ്ഞു. അങ്ങനെയൊന്നും ഇല്ലെന്ന് ഞാൻ മറുപടി കൊടുത്തു. ഈ പ്രായത്തിൽ ഒക്കെയല്ലേ ഇങ്ങനെ ഒക്കെ പോവാൻ കഴിയൂ എന്നാണ് ഞാൻ പറഞ്ഞത്. അങ്ങനെ കുറച്ച് കാലത്തിന് ശേഷം ഞാൻ മറ്റൊരു പടത്തിന്റെ ഷൂട്ടിൽ വച്ച് ഞാൻ അതിനെ പറ്റി പുള്ളിയോട് ചോദിച്ചപ്പോൾ വാങ്ങിച്ചു കൊടുത്തെന്ന് പറഞ്ഞു.
പിന്നീട് സോമേട്ടൻ മരിച്ചപ്പോൾ ഞാൻ അടക്കവും ഒക്കെ കഴിഞ്ഞാണ് അവിടെ നിന്ന് പോന്നത്. ആ സമയത്ത് ലേലം സിനിമ തകർത്തോടുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷംസന്ധ്യ തിയേറ്ററിൽ ഞാനും ഭാര്യയും കൂടി സിനിമ കാണാൻ പോയി. സോമേട്ടന്റെ ഓരോ സീൻ വരുമ്പോഴും ഞാൻ പൊട്ടിക്കരയുകയായിരുന്നു. ഏങ്ങലടിക്കുകയായിരുന്നു. എല്ലാവരും എന്നെ തന്നെ നോക്കിയിരുന്നു. ചിലർ സഹതാപത്തോടെ നോക്കിയിട്ട് പോയി.
അതുപോലെ ഉമ്മറിക്കയുമായി നല്ല ബന്ധമുണ്ടായിരുന്നു. പുള്ളിയെ ചെറുപ്പത്തിൽ അഞ്ചോ ആരോ വയസുള്ളപ്പോൾ തന്നെ കണ്ടിരുന്നു. പിന്നീട് ഏറെക്കാലത്തിന് ശേഷം മറ്റൊരു ഷൂട്ടിൽ കണ്ടപ്പോൾ ഞാൻ അതിനെ കുറിച്ച് പറഞ്ഞിരുന്നു. അതുപോലെ ആലുംമൂടൻ സാർ, ഒരിക്കൽ ഷൂട്ട് കഴിഞ്ഞു മൂന്നര മണിക്കൂറോളം ഞങ്ങൾ സംസാരിച്ചിരുന്നു. അതുകഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് പുള്ളിയുടെ മരണം.
മാളച്ചേട്ടനുമായി വളരെയധികം ആത്മബന്ധം ഉണ്ടായിരുന്നു. നമ്മൾ തമ്മിൽ എന്തോ മുജ്ജന്മ ബന്ധമുണ്ടെന്നാണ് പുള്ളി പറയാറുള്ളത്. അവിടെ വീട്ടിൽ പോയി എപ്പോഴും അദ്ദേഹത്തോട് കുറെ നേരം സംസാരിച്ച് ഇരിക്കാറുണ്ടായിരുന്നു. തിക്കുറിശ്ശി സാറിനും എന്നോട് ഭയങ്കര സ്നേഹമായിരുന്നു. ജവഹർ നഗറിലെ ആ വീട്ടിൽ പോയി ഇരുന്ന് പുള്ളിയുടെ കഥകൾ കേൾക്കുമായിരുന്നു.












Click it and Unblock the Notifications