"ദിലീപ് അന്ധവിശ്വാസി ആണോയെന്ന് അറിയില്ല, നടൻമാർ വന്നാൽ എഴുന്നേൽക്കണം, മമ്മൂട്ടി വരുമ്പോൾ ഞാൻ എണീറ്റില്ല"
മലയാളത്തിൽ ആയാലും തമിഴിൽ ആയാലും വമ്പൻ താരങ്ങൾ വന്നാൽ സെറ്റിൽ എഴുന്നേറ്റ് നിൽക്കേണ്ടി വരാറുണ്ടെന്ന് പറയുകയാണ് മുതിർന്ന നടൻ കെആർ പണിക്കർ. വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയുടെ ഒരു സിനിമയുടെ സെറ്റിൽ വച്ച് അദ്ദേഹം വന്നപ്പോൾ താൻ എഴുന്നേറ്റ് നിന്നില്ലെന്നും പണിക്കർ പറയുന്നു. മുൻപ് എംജിആർ വരുമ്പോൾ എണീക്കാതിരുന്ന മോഹൻ എന്ന നടന് സംഭവിച്ച വീഴ്ച്ചയും അദ്ദേഹം എടുത്തുപറഞ്ഞു. മാസ്‌റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു പണിക്കർ.
കെആർ പണിക്കരുടെ വാക്കുകൾ കേൾക്കാം. മലയാള സിനിമയിൽ ഞാൻ അടുത്തിടപഴകിയതിൽ ഏറ്റവും നല്ല മനുഷ്യനായി തോന്നിയത് നെടുമുടി വേണുവിനെയാണ്. അന്ന് ഒരു ഷൂട്ടിൽ ലിസി, കെപിഎസി ലളിത ഒക്കെയായി സംസാരിക്കാറുണ്ടായിരുന്നു. ഞാൻ ആരോടും അടുക്കാനോ ക്ലോസ് ആവാനോ ഒരിക്കലും പോയിരുന്നില്ല. എന്റെ ഡ്യൂട്ടി കഴിഞ്ഞാൽ മോളോ മോനോ ആരാണ് ഉള്ളതെന്ന് വച്ചാൽ അവരെയും കൊണ്ട് റൂമിലേക്ക് പോവും.

സിനിമയിലും ജീവിതത്തിലും അന്ധവിശ്വാസങ്ങൾ ഇപ്പോൾ അധികമാണ്. ദിലീപ് അന്ധവിശ്വാസിയാണോ എന്ന് പറയാൻ എനിക്ക് അറിയില്ല. ഒരിക്കൽ ചിലത് പറഞ്ഞുകൊടുത്തതിന് ശേഷം ഓരോന്നും എന്റെ അടുത്ത് വന്ന് ചോദിക്കുന്നില്ലല്ലോ. ഒരുപാട് കാര്യങ്ങൾ ഉണ്ടാവും ഇതൊക്കെ. പറയുന്നത് ഒക്കെ വിശ്വസിച്ച് വേറെ എവിടെയെങ്കിലും പോവുന്നുണ്ടോ എന്ന് എനിക്കറിയില്ല. മുൻപ് ഞാൻ ജയലളിതയ്ക്ക് വരെ കത്തയച്ചിട്ടുണ്ട്. നിങ്ങളുടെ സമയം മാറുകയാണ്, അതിന് മുൻപായി ചിലത് ചെയ്യേണ്ടതുണ്ട് എന്ന് പറഞ്ഞിരുന്നു.
അന്ന് ശശികല ആയിരിക്കുമല്ലോ പിഎ, അവർ കാണിച്ചിട്ട് പോലുമുണ്ടാവില്ല. ജയലളിത എന്നെക്കാളും പ്രായത്തിൽ താഴെയാണ്. ആ സമയത്ത് ഞാൻ എഴുതിയ കത്തിന് ഒരു മറുപടിയും വന്നില്ല. അവരൊന്നും ചെയ്‌തിട്ടില്ല. ചിലപ്പോ കത്ത് കണ്ടുപോലും തോന്നില്ല. മോഹൻലാൽ ആയിട്ട് ഒരിക്കൽ സംസാരിച്ചിരുന്നു. മേക്കപ്പ് റൂമിൽ വച്ച് രണ്ട് വാക്ക് സംസാരിച്ചിട്ടുണ്ട്. മമ്മൂട്ടിയായിട്ട് അത് പോലും സംസാരിക്കാൻ പറ്റിയിരുന്നില്ല.
മമ്മൂട്ടി വരുമ്പഴേക്ക് എല്ലാവരും എഴുന്നേറ്റ് നിന്ന് ഭയങ്കര ബഹുമാനം കൊടുക്കണം എന്ന് ചിലർ പറഞ്ഞിരുന്നു. ഞാൻ സെറ്റിൽ ഇരിക്കുകയായിരുന്നു, പെട്ടെന്ന് മമ്മൂട്ടി അവിടേക്ക് വന്നപ്പോൾ മമ്മൂട്ടി സാർ എന്നൊക്കെ പറഞ്ഞ് എന്നോട് ബഹളം വച്ചത് കൊണ്ട് മാത്രം ഞാൻ എണീറ്റില്ല. ബാക്കി എല്ലാവരും എഴുന്നേറ്റു. ഞാനയാൾ വരുന്നത് പോലും ആ ഭാഗത്തേക്ക് നോക്കാതെ അവിടെ തന്നെ മറ്റെന്തോ ചെയ്‌തു കൊണ്ട് ഇരുന്നു.
ഒരാൾ വരുമ്പഴേക്ക് അങ്ങനെ എഴുന്നേൽക്കണം എന്നൊക്കെ പറഞ്ഞാൽ അത് ഭയങ്കരമാണ്. കാരണം എംജിആറിന്റെ കാലത്ത് ഇങ്ങനെയൊരു സംഭവം ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. എംജിആർ സെറ്റിൽ വരുമ്പോൾ എല്ലാവരും എഴുന്നേൽക്കണം. മോഹൻ എന്ന നടൻ എണീക്കാൻ നിന്നില്ല. അയാളും നടൻ ഞാനും നടൻ എന്നാണ് പറഞ്ഞത്. പക്ഷേ അതിന് ശേഷം അവൻ എണീക്കാനേ പാടില്ല എന്ന് എംജിആർ പറഞ്ഞത്രേ. ഇതൊക്കെ കേട്ട കഥകൾ മാത്രമാണ്.
ഞാൻ പറഞ്ഞു എണീക്കാനുമില്ല ഇരിക്കാനുമില്ല. എനിക്ക് തലചൊറിയാനോ കണ്ടയുടൻ മുണ്ട് അഴിച്ചിടാനോ ഒന്നും പഠിച്ചിട്ടില്ല. മമ്മൂട്ടിയൊന്നും അത് കണ്ടിട്ടുണ്ടാവില്ല. അയാൾ ഇതൊക്കെ നോക്കേണ്ട ആവശ്യമുണ്ടോ? ജനങ്ങൾ ആണെന്നെ, അല്ലാതെ നടൻമാർ അല്ല തെറ്റ്. ജനങ്ങൾ കാട്ടികൂട്ടുന്ന തെറ്റുകൾക്ക് അവരെ കുറ്റക്കാരാക്കി മാറ്റുകയാണ്. എല്ലാവരും സിനിമയിൽ വരുമ്പോൾ കോടീശ്വരൻ ആയിട്ടൊന്നും അല്ലാലോ വരുന്നത്.
ജഗതിക്ക് ഇങ്ങനൊരു ദുരവസ്ഥ വരുമെന്ന് അറിയില്ലായിരുന്നു. മൂപ്പർ ഷൂട്ടിനിടെ സ്വന്തം റൂമിൽ ഒറ്റയ്ക്ക് ഇരിക്കും. മറ്റൊരാളുടെ കൂടെ മദ്യപിക്കുകയോ ഒന്നും ചെയ്യില്ല. ആഹാരം കൊണ്ട് വന്നത് ഒക്കെ റൂമിന്റെ പുറത്ത് വയ്ക്കും. സീരിയസ് ആണോ എന്ന് ചോദിച്ചാൽ സിനിമയിലെ കോമാളി ഒന്നുമല്ല ജഗതി ശരിക്കും. വളരെ ഡീസന്റ് ആയി സംസാരിക്കും, ആരോടും അനാവശ്യം പറയില്ല.












Click it and Unblock the Notifications