'ആദ്യ കുഞ്ഞിനെ നഷ്‌ടപ്പെട്ടു, അതോടെ ഞാൻ വിഷാദത്തിലായി, തിരിച്ചുവന്നത് ആ മമ്മൂക്ക ചിത്രത്തിൽ'; ശാന്തി കൃഷ്‌ണ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ശാന്തി കൃഷ്‌ണ. സിനിമയിൽ വന്നിട്ട് നാലര പതിറ്റാണ്ടോളമായ, അത്രയധികം അനുഭവ സമ്പത്തുള്ള ശാന്തി കൃഷ്‌ണയുടെ വേഷങ്ങളിൽ പലതും മലയാളികൾ എന്നും ഓർത്ത് വയ്ക്കുന്നവ ആയിരുന്നു. തുടക്കം തന്നെ ഭരതൻ എന്ന ഇതിഹാസ സംവിധായകന്റെ ചിത്രത്തിലൂടെ ആയിരുന്നു എന്നതിനാൽ തന്നെ ശാന്തി കൃഷ്‌ണയ്ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
കരിയറിന്റെ ഒന്നിലേറെ ഘട്ടങ്ങളിൽ പക്ഷേ ശാന്തി കൃഷ്‌ണ ഇടവേളകൾ എടുത്തിരുന്നു എന്ന കാര്യം പലർക്കും അറിയില്ല. ഇടക്കാലത്ത് ചില വർഷങ്ങളിൽ അവർ സിനിമയിൽ നിന്ന് മാറി നിന്നിരുന്നു. വ്യക്തി ജീവിതത്തിലെ പല പ്രശ്‌നങ്ങളും കാരണമായിരുന്നു അവയെന്ന് പിന്നീട് അവർ തന്നെ വെളിപ്പെടുത്തുകയുണ്ടായി. സിനിമയിലെ നായകനായിരുന്ന ശ്രീനാഥ് ആയിരുന്നു ശാന്തി കൃഷ്‌ണയുടെ ആദ്യ ഭർത്താവ്.

എന്നാൽ ഇവർ പിന്നീട് പിരിഞ്ഞു. ഇത് വലിയ വേദനയുണ്ടാക്കുന്ന സംഭവമായിരുന്നു എന്ന് ശാന്തി കൃഷ്‌ണ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആദ്യത്തെ കുഞ്ഞ് നഷ്‌ടമായപ്പോൾ തനിക്കുണ്ടായ വേദനയും വിഷാദവും ഒക്കെ വളരെ വലുതായിരുന്നു എന്നാണ് ശാന്തി കൃഷ്‌ണ പറയുന്നത്. പിന്നീട് സിനിമയിലേക്ക് തിരിച്ചുവന്നത് മമ്മൂട്ടിയുടെ നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെയായിരുന്നുവെന്നും അവർ പറയുന്നു. മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അവരുടെ പ്രതികരണം.
ശാന്തി കൃഷ്‌ണയുടെ വാക്കുകൾ
എന്റെ ആദ്യത്തെ കുഞ്ഞിന്റെ വിട പറയൽ എന്നും ദുഃഖമായ കാര്യമാണ്. അത് പറയാൻ എനിക്ക് താൽപര്യമുള്ള കാര്യമല്ല. അത് ശരിക്കും വേദനിപ്പിക്കുന്ന കാര്യമാണ്. അന്ന് മമ്മൂക്ക നിർബന്ധിച്ചില്ലായിരുനെങ്കിൽ സിനിമയിലേക്ക് തിരിച്ചു വരില്ലായിരുന്നു. നയം വ്യക്തമാക്കുന്നു ആയിരുന്നു ആ സിനിമ. നേരത്തെ പറഞ്ഞ എന്റെ കുഞ്ഞ് നഷ്‌ടമായ സമയമായിരുന്നു അത്. അപ്പോൾ ഞാൻ ഭയങ്കര ഡിപ്രഷനിൽ ആയിരുന്നു.
അത് കഴിഞ്ഞിട്ടാണ് എനിക്ക് നയം വ്യക്തമാക്കുന്നു എന്ന സിനിമയിൽ അവസരം വന്നത്. ഞാൻ അഭിനയിക്കാൻ ഇല്ലെന്നായിരുന്നു പറഞ്ഞത്. കാരണം ഞാൻ ഒട്ടും ആത്മവിശ്വാസത്തിൽ ആയിരുന്നില്ല. ആദ്യത്തെ പടം നിദ്രയിൽ അഭിനയിച്ചത് പോലെ അല്ലാലോ. പിന്നീട് ഇത്രയും വർഷം കഴിഞ്ഞ് ആകെ മാറിയിട്ടാണ് വരുന്നത്. അതും നല്ലൊരു മാനസികാവസ്ഥയിൽ പോലും അല്ലായിരുന്നു. ഡിപ്രഷനിൽ ഇരിക്കുന്ന സമയവും.
പെട്ടെന്ന് കേറി അഭിനയിക്കുമ്പോൾ എന്തിനാണ് അത് നശിപ്പിക്കുന്നത് എന്നൊക്കെ ആയിരുന്നു എന്റെ മനസ്സിൽ. പറ്റില്ലെന്ന് തന്നെയാണ് പറഞ്ഞത്. പിന്നെ ഇതാണ് കൃത്യമായ സമയം എന്നായിരുന്നു അവരൊക്കെ പറഞ്ഞത്. സെറ്റിൽ വന്നാൽ മതി, പറ്റുവാണെങ്കിൽ നമുക്ക് ചെയ്യാം എന്നൊരു സമീപനം ആയിരുന്നു അവരുടേത്. അങ്ങനെ പോയി ആദ്യദിനം തന്നെ വലിയൊരു സീൻ എടുത്തുതന്നു, എന്തുകൊണ്ടോ അത് വർക്ക് ആയി.
ആദ്യമായി അഭിനയിക്കാൻ പോവുന്നത് പോലെ ആയിരുന്നില്ല ഇത്, നിദ്രയിൽ അഭിനയിക്കാൻ പോവുമ്പോൾ ഒരു പേടിയും ഉണ്ടായിരുന്നില്ല. അന്നൊന്നും അറിയില്ലായിരുന്നു. ഭരതേട്ടൻ പറയുന്നത് അതുപോലെ ചെയ്യുകയായിരുന്നു. പക്ഷേ നയം വ്യക്തമാക്കുന്നു ആവുമ്പഴേക്കും തിരിച്ചറിവ് വന്നിരുന്നു. അതുകൊണ്ട് ആദ്യ സിനിമയ്ക്ക് ഇല്ലാതിരുന്ന ടെൻഷൻ ഇതിനുണ്ടായിരുന്നു.
മോഹൻലാലിന്റെ അമ്മയായും സഹോദരിയായും ഭാര്യയായും അമ്മായിഅമ്മയായും ഒക്കെ അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്, അങ്ങനെ ചെയ്യാൻ പറ്റിയ അധികമാരും ഉണ്ടാവില്ല. തുടക്കം തൊട്ട് ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന ആളാണ് ലാൽ ഒക്കെ. പിൻഗാമിയിൽ അമ്മയായിരുന്നു. ചെങ്കോലിൽ അമ്മായി അമ്മയാണെന്ന് പറഞ്ഞപ്പോൾ ലാൽ ചിരിക്കുകയാണ് ചെയ്‌തത്.












Click it and Unblock the Notifications