'നല്ലൊരു തീരുമാനമാണ് ഷൈൻ ചേട്ടൻ എടുത്തത്, ഈ മാറ്റം ഞാൻ ആഗ്രഹിച്ചത്, ആശുപത്രിയിൽ പോയി കണ്ടു'; തനൂജ
നടൻ ഷൈൻ ടോം ചാക്കോയുടെ ഇപ്പോഴത്തെ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. നേരത്തെ ലഹരി കേസുമായി ബന്ധപ്പെട്ട വിവാദത്തിൽ ശ്രദ്ധാ കേന്ദ്രമാവുകയും പിന്നാലെ നടി വിൻസി അലോഷ്യസ് പരാതി ഉന്നയിക്കുകയും ഒക്കെ ചെയ്‌തപ്പോൾ ഷൈൻ ഏറെ വിമർശനങ്ങൾക്ക് പാത്രമായിരുന്നു. എന്നാൽ അടുത്തിടെ ഉണ്ടായ അപകടത്തിൽ പിതാവിനെ നഷ്‌ടപ്പെടുക കൂടി ചെയ്‌തതോടെ ഷൈൻ ആളാകെ മാറിയിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട ഷൈനിന്റെ ശരീരഭാഷയിൽ പ്രകടമായ വ്യത്യാസം ഉണ്ടായിരുന്നു. നേരത്തെ പലപ്പോഴും അഭിമുഖങ്ങളിലും മറ്റും അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന, ചോദ്യങ്ങളോട് മറ്റൊരു രീതിയിൽ പ്രതികരിച്ചിരുന്ന ഷൈനിന്റെ ശൈലി ഒന്നാകെ മാറുന്ന കാഴ്‌ചയ്ക്കാണ് എല്ലാവരും സാക്ഷ്യം വഹിച്ചത്. സോഷ്യൽ മീഡിയയിലൂടെ സഹതാരങ്ങൾ ഉൾപ്പെടെ ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും ചെയ്‌തിരുന്നു.

ഇപ്പോഴിതാ ഇത് ശരിവയ്ക്കുകയാണ് ഷൈൻ ടോം ചാക്കോയുടെ മുൻ പങ്കാളി കൂടിയായിരുന്ന മോഡൽ തനൂജ. ഷൈനുമായുള്ള വിവാഹത്തിന് മുൻപ് തന്നെ ഇരുവരും പിരിഞ്ഞിരുന്നു. എന്നാൽ തനൂജ അപകടം പറ്റിയ ശേഷം ഷൈനിനെ ആശുപത്രിയിൽ സന്ദർശിക്കുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ഒക്കെ ചെയ്‌തിരുന്നു. ഷൈനിന് ഇപ്പോഴുണ്ടായ മാറ്റം താൻ ഏറെ ആഗ്രഹിച്ചിരുന്നുവെന്നാണ് തനൂജ പറയുന്നത്.
അപകടത്തിന് ശേഷം ഷൈൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നപ്പോൾ അവിടെ പോയി കണ്ടിരുന്നുവെന്ന് തനൂജ പറഞ്ഞു. 'ഷൈൻ ചേട്ടനെ ഞാൻ ആശുപത്രിയിൽ പോയി കണ്ടിരുന്നു. ഡാഡിയേയും പോയി കണ്ടു. കണ്ടപ്പോൾ സത്യത്തിൽ എനിക്ക് സംസാരിക്കാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു. കുറച്ച് സമയം അവിടെ ഇരുന്നു. സംസാരിച്ചു. തിരിച്ചു പോന്നു' തനൂജ വ്യക്തമാക്കി.
'ഷൈൻ ചേട്ടന് ഇപ്പോൾ വന്നിരിക്കുന്ന മാറ്റം ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്. മാറ്റിയെടുക്കാൻ ഞാൻ കുറേ ശ്രമിക്കുകയും ചെയ്‌തതാണ്. നല്ലൊരു തീരുമാനമാണ് ചേട്ടൻ ഇപ്പോൾ എടുത്തിട്ടുള്ളത്' തനൂജ പറയുന്നു. നേരത്തെ ലഹരി ഉപയോഗത്തിന്റെ പേരിൽ ഏറെ പഴികേട്ട ഷൈൻ ടോം ചാക്കോ അത് ഉപേക്ഷിക്കുകയാണെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ തനൂജയും ഷൈൻ ടോം ചാക്കോയും തമ്മിലുള്ള ബന്ധം വിവാഹത്തിന്റെ വക്കോളം എത്തിയിരുന്നു എങ്കിലും പിന്നീട് ചില കാരണങ്ങളാൽ ഇരുവരും വേർപിരിയുകയായിരുന്നു. വിവാഹ നിശ്ചയം ഉൾപ്പെടെ കഴിഞ്ഞിരുന്നെങ്കിലും തുടർന്ന് മുന്നോട്ട് പോവാൻ കഴിയില്ലെന്ന സാഹചര്യം വന്നതോടെയാണ് ഇവർ ബന്ധം വേർപെടുത്തിയത്.
എന്നാൽ ഇപ്പോൾ ഷൈൻ പുതിയ മനുഷ്യനായി വരുമ്പോൾ ഇരുവരും ഒന്നിക്കുമോ എന്നാണ് ആരാധകരുടെ പ്രധാന ചോദ്യം. അടുത്തിടെ തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ പാലക്കോടിന് സമീപം ഹൊസൂര്‍ ദേശീയപാതയിലുണ്ടായ അപകടത്തിലാണ് ഷൈനിന്റെ പിതാവ് സിപി ചാക്കോ മരണപ്പെട്ടതും താരത്തിന്റെ ഇടതുകൈക്ക് പരിക്കേൽക്കുകയും ചെയ്‌തത്. അമ്മ മേരി കാര്‍മലിനും സഹോദരന്‍ ജോ ജോണിനും അപകടത്തിൽ പരിക്ക് പറ്റിയിരുന്നു.
പിതാവിന്റെ മരണശേഷം കൂടുതൽ പക്വതയോടെയാണ് ഷൈൻ വേദികളിൽ പ്രത്യക്ഷപ്പെടുന്നത്. ലഹരി ഉപയോഗിക്കില്ലെന്ന തീരുമാനത്തിലേക്ക് എത്തിയത് തന്റെ കുടുംബത്തിനും തന്നെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടിയാണെന്ന് ഷൈൻ പറഞ്ഞു. ആത്മാര്‍ത്ഥമായി തന്നെ ലഹരി ഉപയോഗത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുകയാണെന്നും താരം പറഞ്ഞിരുന്നു.












Click it and Unblock the Notifications