'പൃഥ്വിരാജിന്റെ പടം ഇഷ്‌ടമല്ലെങ്കിൽ അത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, വെറുതെ കുടുംബത്തെ പറയരുത്'; ഷാഫി കൊല്ലം
ഒരുകാലത്ത് മാപ്പിള പാട്ട് ആൽബങ്ങളിലൂടെ കേരളം ഒന്നാകെ തരംഗ സൃഷ്‌ടിച്ച ഗായകർ ഒരുപാട് പേരുണ്ടായിരുന്നു. അതിൽ മുൻനിരയിൽ ഇടം പിടിച്ച ഗായകനായിരുന്നു ഷാഫി കൊല്ലം. മൊബൈൽ ഫോൺ യുഗത്തിന് മുൻപ് തന്റെ ആലാപന മികവിലൂടെയും ഗാനരചനാ പാടവത്തിലൂടെയും ഷാഫി ആരാധകരെ സ്വന്തമാക്കിയിരുന്നു. അന്ന് ഷാഫിയുടെ പാട്ടുകളിൽ ഏതെങ്കിലും മൂളി നടക്കാതെ മലയാളികൾ ചുരുക്കം.
വർഷങ്ങൾ പലത് പിന്നിട്ടെങ്കിലും സംഗീതത്തിന്റെയും എഴുത്തിന്റെയും ഒക്കെ ലോകത്ത് തന്നെയാണ് ഇപ്പോഴും ഷാഫി കൊല്ലം. ഹിറ്റ് ആൽബങ്ങളിലൂടെ മലയാളികളുടെ മനംകവർന്ന പ്രിയഗായകൻ പിന്നീട് സിനിമകളിൽ ഉൾപ്പെടെ വേഷമിട്ടിരുന്നു. തല്ലുമാല എന്ന ടൊവിനോ ചിത്രത്തിൽ ഉൾപ്പെടെ ശ്രദ്ധേയമായ വേഷമാണ് ഷാഫി കൊല്ലം കൈകാര്യം ചെയ്‌തത്.

വിവിധ റിയാലിറ്റി ഷോകളിൽ ഉൾപ്പെടെ ഇപ്പോഴും വിധികർത്താവായും മറ്റും ഷാഫി എത്താറുണ്ട്. ആൽബങ്ങൾ പൊതുവെ കുറവാണെങ്കിലും മലയാളി മറക്കാനിടയില്ലാത്ത പേരാണ് ശാഫിയുടേത്. ഇപ്പോഴിതാ സിനിമകൾ ഉൾപ്പെടെ നേരിടുന്ന വിമർശനത്തെ കുറിച്ചും അതിന്റെ രീതികളിലെ പോരായ്‌മകളെ കുറിച്ചും മനസ് തുറക്കുകയാണ് ഷാഫി.ഫൺ വിത്ത് സ്‌റ്റാർസിന് നൽകിയ അഭിമുഖത്തിലാണ് ഷാഫി ഇക്കാര്യം വ്യക്തമാക്കിയത്.
കൊല്ലം ഷാഫിയുടെ വാക്കുകൾ
നൂറിൽ പത്തെണ്ണം മാത്രമാണ് നെഗറ്റീവ് കമന്റ്സ് ആയിട്ട് വരുന്നത്. അപ്പോൾ അതിൽ നിന്ന് നമ്മൾ എന്ത് മനസിലാക്കണം, 90 ശതമാനം പേരും നമ്മളെ സ്‌നേഹിക്കുകയും ഇഷ്‌ടപ്പെടുകയും ഒക്കെ ചെയ്യുന്നുണ്ട്. ആ പത്ത് ശതമാനത്തിന്റെ കൂടി ഇഷടം പിടിച്ചുപറ്റുകയല്ല വേണ്ടത്. ഇനി അവർ ഇങ്ങനെ ചെയ്യാതിരിക്കാൻ, കലാകാരൻമാർ ആണെന്ന് കരുതി നെഞ്ചത്ത് കയറാമെന്ന് കരുതരുത്.
കലാകാരന്മാരും മനുഷ്യരാണ്, പലപ്പോഴും പരിപാടികളുടെ തിരക്കിനിടയിലും മറ്റുമൊക്കെയായിരിക്കും ആരാധകർ നമ്മളെ കാണുന്നത്. അവരുടെ ഇഷ്‌ടം പോലെ, അവർ പ്രതീക്ഷിക്കുന്നത് പോലെയൊക്കെ വേഷമിട്ട് ചെയ്‌തു കൊടുക്കാൻ ചിലപ്പോൾ ഒരു കലാകാരന് കഴിയണമെന്നില്ല. ആ അവസ്ഥയിൽ നിന്നുകൊണ്ടാണ് അവർക്ക് വെറുപ്പ് വരുന്നത്.
ഇപ്പോൾ ഒരു നടനെ ഇഷ്‌ടമല്ലെന്ന് വച്ചോ, ഉദാഹരണത്തിന് പൃഥ്വിരാജിനെ എടുത്തോളൂ. പൃഥ്വിരാജിന്റെ പടം ഒരുത്തൻ കണ്ടു, അയാൾ ഉദ്ദേശിച്ച പോലെ ഇഷ്‌ടപ്പെട്ടില്ല. ഇല്ലാന്ന് പറയാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകൻ എന്ന നിലയിലുണ്ട്. എന്നാൽ നാട് മുഴുവൻ നടന്ന്, അയാളെ വ്യക്‌തിഹത്യ ചെയ്യുന്ന രീതിയിൽ കുടുംബത്തെ ഒക്കെ ആക്ഷേപിക്കുന്ന രീതി മനോരോഗമാണ്. കഥാപാത്രം ഇഷ്‌ടമായില്ലെങ്കിൽ അയാളുടെ വരാനിരിക്കുന്ന സിനിമകൾ കാണാതിരിക്കുക.
എന്നാൽ എന്താണ് ഇവിടെ ചെയ്യുന്നത്, കരുതിക്കൂട്ടി തിയേറ്ററിൽ പോയിട്ട് ഒരു നടനെ അവഗണിക്കാൻ വേണ്ടി കൂക്കി വിളിക്കുന്ന ആൾക്കാരെ എനിക്കറിയാം. അധ്വാനിച്ചു കഷ്‌ടപെട്ട് ഉണ്ടാക്കിയ പണത്തിന്റെ വലിയൊരു ഭാഗം ഈ പടത്തിന്റെ ടിക്കറ്റിന് ചിലവാക്കി, വരി നിന്ന് കാണുമ്പോൾ കൂവുന്നത് കൊണ്ട് ആ നടന് എന്ത് ബാധിക്കാനാണ്? ഒരാളെ ഇഷ്‌ടമല്ലെങ്കിൽ അയാളെ ആ വഴിക്ക് വിടുക.












Click it and Unblock the Notifications