റീൽ ആണെങ്കിലും ഇത് റിയൽ ആണ്; രാജ്യസ്നേഹം സിരകളിൽ പടർത്തിയ വെള്ളിത്തിരയിലെ ചില മാജിക്കുകൾ!
ക്രിക്കറ്റും സിനിമയും ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരുപക്ഷേ രാജ്യസ്നേഹവുമായി അവർ എന്നും കൂട്ടിവായിച്ചിട്ടുള്ള രാഷ്ട്രീയത്തിൽ ഉപരിയായുള്ള മേഖലകൾ ആണിവയെന്നും നമുക്ക് പറയാം. എന്തെന്നാൽ പാകിസ്ഥാൻ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളുമായി തർക്കങ്ങൾ ഉണ്ടാവുമ്പോൾ ആദ്യം നിർത്തി വയ്ക്കുന്നതും ക്രിക്കറ്റും സിനിമയും തമ്മിലുള്ള കൈമാറ്റവും മത്സരങ്ങളുമാണ്. ഇന്ത്യൻ സിനിമ എന്ന് പറയുമ്പോൾ ബോളിവുഡ് എന്ന് മാത്രം കരുതിയിരുന്ന കാലമൊക്കെ എന്നോ ഇല്ലാതായി കഴിഞ്ഞിരിക്കുന്നു.
ഇത് റീജിയണൽ സിനിമകളുടെ കൂടി കാലമാണ്. ബോളിവുഡിന് പഴയ പ്രതാപമില്ലെന്ന് തന്നെ പറയാം. കണ്ടന്റ് കൊണ്ടും ക്വാളിറ്റി കൊണ്ടും ദക്ഷിണേന്ത്യൻ സിനിമകൾ ഒരുപടി മുന്നിൽ നിൽക്കുന്നു. അതിന് മലയാളം സിനിമയും ചുക്കാൻ പിടിക്കുന്നു. ഒരുകാലത്ത് ദേശസ്നേഹ സിനിമകൾ ട്രെൻഡ് ആയി നിന്നിരുന്ന സമയമുണ്ടായിരുന്നു.

എന്നാൽ യുദ്ധകാലത്തിന് ശേഷമോ അല്ലാതെ ഇത്തരം സംഘർഷങ്ങൾ ഉടലെടുക്കുമ്പോഴോ അല്ലാതെ ഇറങ്ങിയ ചില സിനിമകൾക്ക് ഇക്കാര്യത്തിൽ ഒരുപടി കൂടി മികച്ച കണ്ടന്റ് കണ്ടെത്താൻ നമുക്ക് കഴിയും. രാജ്യം എഴുപത്തിയൊമ്പതാം സ്വാതന്തൃദിനം ആഘോഷിക്കാൻ ഇരിക്കെ, ഇതുവരെ ശ്രദ്ധ നേടിയ ഏറ്റവും മികച്ച ചില ദേശസ്നേഹ സിനിമകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. പട്ടികയിൽ കൂടുതൽ ബോളിവുഡ് സിനിമകളാണ്, മലയാളത്തിൽ നിന്നും ഒരു സിനിമ ഇതിൽ ഇടം നേടിയിട്ടുണ്ട്.
ബോർഡർ: ഇന്ത്യയിലെ ദേശസ്നേഹ സിനിമകളുടെ പട്ടിക എടുത്താൽ മുൻനിരയിൽ തന്നെ കാണാൻ കഴിയുന്ന ചിത്രമാണ് ബോർഡർ. ലോംഗെവാല യുദ്ധത്തെ ആസ്‌പദമാക്കിയുള്ള ഈ ക്ലാസിക് യുദ്ധ സിനിമയിൽ ഇന്ത്യൻ പട്ടാളക്കാരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും നേർക്കാഴ്‌ച്ചയാണ് വരച്ചുകാട്ടുന്നത്. ജെപി ദത്ത സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ സണ്ണി ഡിയോൾ, ജാക്കി ഷറോഫ്, സുനിൽ ഷെട്ടി, അക്ഷയ് ഖന്ന എന്നിവർ പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നു.
കാലാപാനി:ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ റിലീസ് സമയത്ത് സാങ്കേതിക വിദ്യ കൊണ്ട് കാഴ്‌ചക്കാരെ വിസ്‌മയിപ്പിച്ച പ്രിയദർശൻ മാഗ്നം ഓപസ് എന്ന് ഇതിനെ വിളിക്കാം.ബ്രിട്ടീഷ് ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഗോവർധൻ എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രം ആൻഡമാനിലെ സെല്ലുലാർ ജയിലിലെ നരകയാതനകൾ ചിത്രീകരിച്ചിരിക്കുന്നു. മോഹൻലാൽ, പ്രഭു, അമരീഷ് പുരി തുടങ്ങിയവർ അഭിനയിച്ചു.
ചക്‌ദേ ഇന്ത്യ: ഷാരൂഖ് ഖാൻ നായകനായ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സ്‌പോർട്‌സ് ഡ്രാമകളിൽ ഒന്നാണിത്. കൂടാതെ ഇന്ത്യയുടെ ദേശീയ വിനോദമായി കണക്കാക്കുന്ന ഹോക്കി പ്രമേയമാക്കിയ ഈ ചിത്രം രാജ്യസ്നേഹത്തിന്റെ മറ്റൊരു വേർഷനാണ് വരച്ചു കാട്ടുന്നത്. ഷിമിത് അമീനാണ് സിനിമ സംവിധാനം ചെയ്‌തത്. ഇതിലെ രംഗങ്ങൾ പലതും ഇന്നും വൈറലാണ്.
സ്വദേശ്: അശുതോഷ് ഗൊവാരിക്കർ സംവിധാനം ചെയ്‌ത ഈ ചിത്രം സാധാരണ ദേശ സ്നേഹ സിനിമകളുടെ തീമിൽ നിന്ന് ഉപരിയായി വളരെ ചർച്ച ചെയ്യപ്പെട്ട ഒരു സിനിമയാണ്. ഇന്ത്യയിലെ ഗ്രാമങ്ങളുടെ നേര്ക്കാഴ്ച്ച വരച്ചുകാട്ടിയ സിനിമയാണ് ഇത്. ഷാരൂഖ് ഖാൻ നാസയിലെ ശാസ്ത്രജ്ഞനായ മോഹൻ ഭാർഗവ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഉറി ദി സർജിക്കൽ സ്ട്രൈക്ക്: ആധുനിക ഇന്ത്യയിലെ പ്രധാന സംഭവ വികാസങ്ങളിൽ ഒന്നായ ഉറിയിലെ സർജിക്കൽ സ്‌ട്രൈക്കിനെ കുറിച്ച് പ്രതിപാദിക്കുന്നത് സിനിമയാണ് ഇത്. ആദ്യത്യ ധർ ആണ് ഈ സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. വിക്കി കൗശൽ, പരേഷ് റാവൽ, മോഹിത് റെയ്‌ന, യാമി ഗൗതം എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നു. നിരവധി അവാർഡുകളും ചിത്രം വാരിക്കൂട്ടിയിരുന്നു.












Click it and Unblock the Notifications