ധ്യാൻ ശ്രീനിവാസനെ ബോംബ് സ്‌റ്റാർ എന്ന് വിശേഷിപ്പിക്കുന്നത് ശരിയാണോ? ജഗദീഷിന്റെ കുറിക്ക് കൊള്ളുന്ന മറുപടി
മലയാള സിനിമയിൽ കഴിവ് തെളിയിച്ച താര പുത്രന്മാർ ഒരുപാട് പേരുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തങ്ങളുടെ പേര് ഇൻഡസ്ട്രിയുടെ ഭാഗമാക്കി മാറ്റിയവർ. എന്നാൽ ഇടക്കാലത്ത് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതെ പിന്നിലേക്ക് പോയ താരപുത്രൻമാരും ഏറെയുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്‌തരാണ് ശ്രീനിവാസന്റെ രണ്ട് മക്കളും. അഭിനയത്തിലും സംവിധാനത്തിലും തിരക്കഥ എഴുത്തിലും ഒക്കെ മികവ് തെളിയിച്ചവരാണ് വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും.
വിനീത് രണ്ട് പതിറ്റാണ്ടോളമായി പല രീതിയിൽ തന്റെ മികവ് തെളിയിച്ചപ്പോൾ ഇളയവനായ ധ്യാൻ ശ്രീനിവാസൻ അധിക കാലം ആയിട്ടില്ല മലയാളിക്ക് പരിചിതനായിട്ട്. എന്നാൽ അഭിമുഖങ്ങളിലും അല്ലാതെയും പുലർത്തുന്ന നിഷ്‌കളങ്കത ധ്യാൻ ശ്രീനിവാസന് വലിയ ആരാധക പിന്തുണ തന്നെ ഇക്കാലയളവിൽ നേടി കൊടുത്തിട്ടുണ്ടെന്നതാണ് പ്രധാന കാര്യം. എന്നാൽ ധ്യാൻ ശ്രീനിവാസന് സിനിമയിൽ ഇത് നല്ല കാലമല്ല.

അടിക്കടി ഉണ്ടാവുന്ന പരാജയങ്ങൾ ധ്യാൻ ശ്രീനിവാസന്റെ കരിയറിൽ പല ചോദ്യങ്ങളും ഉയർത്തിയിരുന്നു.വർഷത്തിൽ പത്തോളം സിനിമകൾ ചെയ്യുമ്പോഴും അവയിൽ ഭൂരിഭാഗവും എട്ടു നിലയിൽ പൊട്ടിയതോടെ ബോംബ് സ്‌റ്റാർ എന്ന വിശേഷണമാണ് ധ്യാനിന് ഓൺലൈൻ മീഡിയകളും ചില റിവ്യൂർമാരും ചാർത്തി നൽകിയത്. ഇപ്പോഴിതാ ഈ പേരിനെ കുറിച്ച് പ്രതികരിക്കുകയാണ് മുതിർന്ന നടൻ ജഗദീഷ്.
വ്യക്തിപരമായി ഇത്തരം പേരുകൾ വിളിച്ച് പരിഹസിക്കുന്നതിനോട് തനിക്ക് ഒട്ടും യോജിപ്പില്ലെന്നാണ് ജഗദീഷ് പറയുന്നത്. ഏത് നായകൻ ആണെങ്കിലും ഈ രീതി ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വലിയ പ്രതീക്ഷകളോടെ ആയിരിക്കും ഈ സിനിമകൾ എല്ലാം നിർമ്മിച്ചിരിക്കുകയെന്നും എന്നാൽ പ്രേക്ഷകർ നിരാശരായാൽ സിനിമകൾ പരാജയപ്പെടുമെന്നും ജഗദീഷ് ചൂണ്ടിക്കാണിക്കുന്നു.
'വ്യക്തിപരമായി ഇത്തരം പേരുകൾ വിളിക്കുന്നതിനോട് എനിക്ക് യാതൊരു യോജിപ്പുമില്ല. ഏത് നായകൻ ആണെങ്കിലും അതിപ്പോൾ സൂപ്പർഹിറ്റ് സിനിമകൾ ചെയ്യുന്ന ആളെ ആ രീതിയിലും മോശം സിനിമകൾ ചെയ്യുന്നയാളെ ആ രീതിയിലും വിളിക്കുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. ജയിക്കുമെന്ന പ്രതീക്ഷയോടെ തന്നെയായിരിക്കും ഈ സിനിമകൾ വന്നിട്ടുണ്ടാവുക. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ വരുമ്പോൾ അവരെ നിരാശപ്പെടുത്തിയാൽ അവർ പ്രതികരിക്കും' ജഗദീഷ് പറഞ്ഞു.
'അവ ഒരിക്കലും നായകനോടുള്ള ദേഷ്യമല്ല പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്, നായകനിൽ അർപ്പിച്ച പ്രതീക്ഷ ഇല്ലാതായതിലുള്ള ദേഷ്യമാണ്. ഇന്നൊരാൾ ആയിരിക്കും നാളെ വേറെ ഒരാൾ ആയിരിക്കും. എന്നോട് അവർ പ്രകടിപ്പിക്കുന്നത് ആ പ്രതീക്ഷ തകർത്തത്തിലുള്ള ദേഷ്യം ആണെന്നെ ഞാൻ കരുതൂ. ഞാനും വലിയ പ്രമോഷൻ ചെയ്‌ത് ഒരു പടത്തിൽ നിരാശപ്പെടുത്തിയാൽ ഇത് തന്നെ അനുഭവിക്കേണ്ടി വരും' അദ്ദേഹം വ്യക്തമാക്കി.
കലാകാരന് സാമൂഹിക പ്രതിബദ്ധത ഉണ്ടാവണം എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. സമൂഹത്തോട് വളരെ വലിയ ഉത്തരവാദിത്തമുണ്ട്. ഒരു പരസ്യത്തിൽ അഭിനയിക്കാൻ പോലും പേടിയാണ്. ധ്യാൻ ശ്രീനിവാസന് എതിരെ ഒളിയമ്പുമായി ജഗദീഷ് എന്ന് കൊടുക്കരുത്. അതെനിക്ക് വളരെ വിഷമമുള്ള കാര്യമാണ്. എന്നെ കൈപിടിച്ചുയർത്തിയ ശ്രീനിവാസന്റെ മകനാണ് ധ്യാൻ, എന്റെ അനിയനെ പോലെയാണ്. ധ്യാനിനോട് വിയോജിപ്പുണ്ടെന്ന് കൊടുത്തോളൂ..' ജഗദീഷ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications