ആദ്യ വേഷത്തിന് ശമ്പളമില്ല, രണ്ടാമത്തെ സിനിമയ്ക്ക് കിട്ടിയത് 6000; മമിത ബൈജുവിന്റെ നിലവിലെ പ്രതിഫലം 15 കോടിയോ?
മലയാളത്തിൽ കഴിവുറ്റ നായികമാർക്ക് ഒരുകാലത്തും പഞ്ഞമുണ്ടായിട്ടില്ല. സിനിമയുടെ തുടക്കകാലത്ത് ആയാലും ഇപ്പോൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായാലും നായികമാരുടെ കാര്യത്തിൽ ഇതുവരെയും മലയാള സിനിമയ്ക്ക് അലയേണ്ടി വന്നിട്ടില്ല. എന്നുമാത്രമല്ല തെന്നിന്ത്യയിലെ മറ്റ് ഭാഷകളിൽ വെന്നിക്കൊടി പാറിക്കാനും വിജയിക്കാനും ഒക്കെ നായികമാർക്ക് എന്നും സാധിച്ചിട്ടുണ്ട്. ശോഭന, നയൻതാര, ഉർവശി ഒക്കെ ഇതിന് ഉദാഹരണമാണ്.
പുതിയ തലമുറയിലെ നായികമാരും ഇക്കാര്യത്തിൽ ഒട്ടും മോശമല്ല. പ്രേമം എന്ന സൂപ്പർഹിറ്റ് സെൻസേഷണൽ ചിത്രത്തിലൂടെ തിളങ്ങിയ അനുപമ പരമേശ്വരൻ ഇപ്പോൾ തമിഴിലും തെലുങ്കിലും ഒക്കെയാണ് കൂടുതലായി അഭിനയിക്കുന്നത്. നയൻതാര മലയാളത്തിൽ നിന്ന് തമിഴിലേക്ക് ചേക്കേറി സൂപ്പർതാര പദവി നേടിയെടുത്ത വ്യക്തിയാണ്. അമല പോൾ, ഐശ്വര്യ ലക്ഷ്‌മി, രജിഷ വിജയൻ, നിഖില വിമൽ എന്നിവരും മറ്റ് ഭാഷകളിൽ തിളങ്ങുന്നുണ്ട്.

എന്നാൽ പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ ദക്ഷിണേന്ത്യയാകെ തരംഗമായി മാറിയ നായികയാണ് മമിത ബൈജു. പ്രേമലുവിലെ റീനു എന്ന കഥാപാത്രത്തോളം അത്രത്തോളം പ്രേക്ഷക പ്രീതി നേടിയിരുന്നു. തുടർന്ന് മലയാളത്തിൽ നിന്ന് മറ്റ് ഭാഷകളിലേക്ക് ചേക്കേറിയിരിക്കുകയാണ് ഇപ്പോൾ മമിത ബൈജുവും. ബാല സംവിധാനം ചെയ്‌ത വണങ്കനിൽ ആദ്യം നിശ്ചയിച്ചത് മമിത ബൈജുവിനെ ആയിരുന്നു. സൂര്യക്ക് ഒപ്പമായിരുന്നു ഇത്.
എന്നാൽ ചില കാരണങ്ങളാൽ സൂര്യ ചിത്രത്തിൽ നിന്ന് പിന്മാറിയതോടെ മമിതയും ആ പ്രോജക്റ്റ് ഉപേക്ഷിച്ചെങ്കിലും വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപുള്ള അവസാന ചിത്രമെന്ന് കരുതപ്പെടുന്ന ജനനായകനിൽ സുപ്രധാന വേഷത്തിൽ മമിത ബൈജുവും എത്തുന്നുണ്ട്. ഇതോടെ മമിതയുടെ മാർക്കറ്റ് കുത്തനെ ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിലും മമിത പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
അതിന് മുന്നോടിയായി മമിത നായികയായി എത്തുന്ന ഒരു ചിത്രം പ്രദർശനത്തിന് ഒരുങ്ങുമ്പോൾ വരുന്ന വാർത്തയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. വന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ നിലവിൽ ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും പ്രതിഫലം പറ്റുന്ന നായികയായി മമിത ബൈജു മാറിയിരിക്കുകയാണ്. പ്രദീപ് രംഗനാഥൻ നായകനാവുന്ന ഡ്യൂഡ് എന്ന ചിത്രത്തിനായി മമിത കൈപ്പറ്റിയ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ചിത്രത്തിനായി 15 കോടി രൂപ പ്രതിഫലമായി മമിത വാങ്ങിയെന്നാണ് വിവിധ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പേജുകളും റിപ്പോർട്ട് ചെയ്യുന്നത്. കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും മമിതയ്ക്ക് ഈ ചിത്രത്തിനായി ഇത്രയും ഉയർന്ന തുക പ്രതിഫലമായി ലഭിച്ചെന്നാണ് ലഭ്യമായ വിവരം. അങ്ങനെയെങ്കിൽ ഇക്കാര്യത്തിൽ നിലവിൽ മുൻപിലുള്ള നയൻതാരയും തൃഷയും ഒക്കെ പിന്നിലായി എന്നാണ് അർത്ഥം.
ഇരുവരും ഒരു ചിത്രത്തിനായി നിലവിൽ 13 കോടി വരെയാണ് വാങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഡ്യൂഡ് എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിൽ നായികയായി മമിത ബൈജുവാണ് അഭിനയിക്കുന്നത്. ഇതിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. അതിനിടയിലാണ് ഞെട്ടിക്കുന്ന പ്രതിഫല കണക്കുകളുടെ വാർത്ത കൂടി പുറത്തുവരുന്നത്.
എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം മമിത പണ്ട് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്. നേരത്തെ ആദ്യ ചിത്രത്തിലെ വേഷത്തിന് തനിക്ക് പ്രതിഫലം ഒന്നും ലഭിച്ചിട്ടില്ലെന്നാണ് മമിത ബൈജു പറയുന്നത്. രണ്ടാമത്തെ ചിത്രത്തിലെ അഭിനയത്തിന് 6000 രൂപ ശമ്പളമായി കിട്ടിയെന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അവിടെ നിന്നാണ് 15 കോടിയിലേക്കുള്ള ഉയർച്ച ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications