'മനസ് കൈവിട്ടു പോവുന്നു, ബിഗ് ബോസ് എന്നെ വാതിലിലൂടെ പുറത്തേക്ക് വിടൂ..'; ആവശ്യം ആവർത്തിച്ച് രേണു!
ബിഗ് ബോസ് മലയാളം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. നാല് ആഴ്‌ചകൾ കഴിഞ്ഞപ്പോൾ വളരെ അപ്രതീക്ഷിതമായ സംഭവ വികാസങ്ങളാണ് ബിഗ് ബോസ് വീട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. ആദ്യ ആഴ്‌ചകളിൽ തന്നെ പല എവിക്ഷനുകളും കാണികളുടെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ടായിരുന്നു ബിഗ് ബോസ് വീട്ടിൽ നടന്നിരുന്നത്. തുടക്കത്തിൽ എന്തെങ്കിലും കാണിക്കുന്നത് മുൻപ് തന്നെ മുൻഷി രഞ്ജിത് പുറത്തേക്ക് പോയിരുന്നു.
പിന്നാലെ നന്നായി കളിച്ചിരുന്ന ആർജെ ബിൻസി, ശാരിക, കലാഭവൻ സരിക എന്നിവരും വീടുവിട്ടു. എന്നാൽ ഈ വിടവ് നികത്താൻ കരുത്തരായ ചില മത്സരാർത്ഥികളെ വൈൽഡ് കാർഡായി ബിഗ് ബോസ് കൊണ്ട് വന്നിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ ആദ്യത്തേതിലും ആളെണ്ണം കൂടിയെന്നതാണ് മത്സരങ്ങൾ കടുപ്പത്തിൽ ആക്കുന്നത്.

അതിനിടയിൽ പല താരങ്ങളും ചേരി തിരിഞ്ഞ് പരസ്‌പരം ഏറ്റുമുട്ടുന്നതും നമുക്ക് കാണാൻ കഴിഞ്ഞിരുന്നു. അവിടെ നിന്നെല്ലാം മാറ്റങ്ങൾ വരുമെന്നും ഒറ്റയ്ക്ക് ഒറ്റയ്ക്കുള്ള പോരാട്ടം തുടങ്ങുമെന്നും കരുതി ഇരിക്കുന്ന പ്രേക്ഷകരുടെ പ്രതീക്ഷകൾ അസ്ഥാനത്താവുകയാണ്. മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ ഇത്തവണ ഏറെ തരംഗമാവുമെന്ന് കരുതിയിരുന്ന പല മത്സരാർത്ഥികളും വെള്ളത്തിൽ വരച്ച വര പോലെയായി എന്നതാണ്.
അതിൽ പ്രധാനിയാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയായ, അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു. സോഷ്യൽ മീഡിയയിൽ തിളങ്ങി നിന്നിരുന്ന രേണു താനുമായി ബന്ധപ്പെട്ട വിവാദങ്ങളെ പോലും മൈലേജ് ആക്കിയാണ് ഇക്കുറി ബിഗ് ബോസ് വീട്ടിലേക്ക് കാലെടുത്ത് വച്ചത്. എന്നാൽ ആദ്യ മാസം പിന്നിടുമ്പോഴും പറയത്തക്ക നിമിഷങ്ങളൊന്നും ബിഗ് ബോസിൽ രേണുവിന്റേതായി ഉണ്ടായിട്ടില്ല.
ബിഗ് ബോസ് വീട്ടിൽ ഗെയിം എന്താണ് എന്നറിയാതെ എത്തിയ വ്യക്തിയാണ് രേണു സുധിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആദ്യ ദിവസങ്ങളിൽ മുതൽ അവർ സ്‌തംഭിച്ച നിലയിൽ ആണെന്നും ഇപ്പോഴും ബിഗ് ബോസിന്റെ ഒഴുക്കിന് അനുസരിച്ച് നീന്താൻ അവർക്ക് കഴിയുന്നില്ലെന്നുമാണ് കൂടുതൽ പേരും ചൂണ്ടിക്കാണിക്കുന്നത്.
അത് ശരിയാണെന്ന് അവർ തന്നെ പലവട്ടം തെളിയിച്ചിട്ടുമുണ്ട്. വന്നത് മുതൽ അവർ പലപ്പോഴും ആവർത്തിക്കുന്ന കാര്യമാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് പോവണമെന്നത്. നേരത്തെ ഒരു വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ തന്നെ ഇക്കാര്യം എടുത്തുചോദിക്കുകയും രേണുവിനെ ആരും ബിഗ് ബോസിൽ പിടിച്ചുനിർത്തില്ലെന്നും പോവണമെങ്കിൽ അതിനുള്ള സൗകര്യം ഒരുക്കാമെന്നും പറഞ്ഞിരുന്നു.
എന്നാൽ അതിനെ ചിരിച്ചുകൊണ്ടാണ് രേണു നേരിട്ടത്. തനിക്ക് അങ്ങനെ പോവണമെന്നില്ല എന്നായിരുന്നു രേണു പറഞ്ഞത്. എന്നിട്ടും പലവട്ടം അവർ ആ നിലപാട് ആവർത്തിക്കുന്നത് ബിഗ് ബോസ് പ്രേക്ഷകർ പലവട്ടം കാണുകയുണ്ടായി. ഇപ്പോഴിതാ വീണ്ടും ബിഗ് ബോസിനോട് തന്നെ വീട്ടിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ട് വന്ന രേണുവിനെയാണ് പ്രേക്ഷകർ കാണുന്നത്.
ബിഗ് ബോസ് എന്നെ വാതിലിലൂടെ പുറത്തേക്ക് വിടൂ. എന്നെ വീട്ടിൽ വിടുമോ? എനിക്ക് വീട്ടിൽ പോകണം. എന്റെ മൈൻഡ് ഓക്കെയല്ല . എനിക്കെന്റെ കുഞ്ഞിനെ കാണണം. ബിഗ് ബോസ് ആ പ്രധാന വാതിൽ തുറന്ന് തരുവോ? ബിഗ് ബോസ് പ്ലീസ്. എനിക്ക് വീട്ടിൽ പോകണം. എനിക്ക് എന്റെ പിള്ളേരെ കാണണം. മനസിന് പറ്റുന്നില്ല ബിഗ് ബോസ്. മനസ് എന്റെ കൈവിട്ട് പോകുന്നു; എന്നായിരുന്നു രേണു സുധി ക്യാമറ നോക്കി പറഞ്ഞത്.
ആരും ഇല്ലാത്ത നേരത്ത് ഗാർഡൻ ഏരിയയ്ക്ക് സമീപം ഇരുന്ന് കൊണ്ടായിരുന്നു ബിഗ് ബോസിനോട് രേണു തന്റെ ആവശ്യം ഉന്നയിച്ചത്. എന്നാൽ ഇതോടെ രേണുവിനെ ഇക്കുറി വീക്കെൻഡ് എപ്പിസോഡ് സമയത്ത് മോഹൻലാൽ വരുമ്പോൾ വീട്ടിലേക്ക് പറഞ്ഞയക്കുമോ എന്നാണ് കൂടുതൽ പ്രേക്ഷകരും ചോദിക്കുന്നത്. നേരത്തെ ഒരിക്കൽ മോഹൻലാൽ കൊടുത്ത മുന്നറിയിപ്പും അവർ സൂചിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications