'അമ്മയെ നാഥനില്ലാ കളരി എന്ന് വിളിച്ചത് തെറ്റ്, താരങ്ങളുടെ പ്രതിഫലമാണോ സിനിമയെ തകർക്കുന്നത്?'; ഷാജോൺ
മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടനയുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദങ്ങൾ വേറൊരു തലത്തിലേക്ക് നീങ്ങുന്ന കാഴ്‌ചയാണ് ഇപ്പോൾ കാണുന്നത്. തുടക്കത്തിൽ നിർമ്മാതാവ് ജി സുരേഷ് കുമാർ നടത്തിയ ആരോപണങ്ങളുടെ ചുവടുപിടിച്ച് പലരും അത് ഏറ്റുപിടിക്കുകയും അതിനെ എതിർക്കുകയും ഒക്കെ ചെയ്യുന്ന കാഴ്‌ചയും നാം കാണുകയുണ്ടായി. അത് വലിയൊരു വിവാദത്തിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്.
പല താരങ്ങൾക്കും നിർമ്മാതാക്കളുടെ സംഘടനയുടെ ആവശ്യങ്ങൾക്ക് എതിരെ രംഗത്ത് വന്നിരുന്നു. അതിനിടെ സുരേഷ് കുമാറിനെ വിമർശിച്ച മറ്റൊരു നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിന്റെ പോസ്‌റ്റിന് താഴെയും താരങ്ങൾ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വിവാദത്തിൽ തന്റെ നിലപാട് വ്യക്തമായിരിക്കുകയാണ് നടനായ കലാഭവൻ ഷാജോൺ.

നിർമ്മാതാക്കളുടെ ആവശ്യങ്ങൾ ഷാജോൺ തള്ളുകയാണ് ചെയ്‌തത്. താരങ്ങളുടെ പ്രതിഫലം മാത്രമാണോ സിനിമയുടെ പരാജയത്തിന് കാരണമാവുന്ന ഘടകമെന്നും അദ്ദേഹം ചോദിക്കുന്നു. ഒരു മേശയ്ക്ക് അപ്പുറവും സംസാരിച്ചാൽ തീരാവുന്ന പ്രശ്‌നം മാത്രമാണ് ഉണ്ടായിരുന്നതെന്നും താര സംഘടനയായ അമ്മയെ വിമർശിച്ചത് ശരിയായില്ലെന്നും ഷാജോൺ ചൂണ്ടിക്കാണിക്കുന്നു.
ഷാജോണിന്റെ വാക്കുകൾ
പറഞ്ഞാൽ തീരാത്ത പ്രശ്‌നങ്ങൾ ഒന്നുമില്ലല്ലോ. പിന്നെ ഒരു വ്യവസായം ആവുമ്പോൾ അതിന് അകത്ത് സംഘടനകൾ ഉണ്ടാവും, അതിനകത്ത് ഇഷ്യൂസ് ഒക്കെയുണ്ടാവും. ഒരു മേശയുടെ ചുറ്റുമിരുന്നാൽ തീരാവുന്ന പ്രശ്‌നങ്ങളേ ഉണ്ടായിരുന്നുള്ളൂ. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറയുന്നത് അവർ അമ്മയ്ക്ക് ഒരു കത്ത് കൊടുത്തിരുന്നു, അതിന് പക്ഷേ ഒരു മറുപടി കിട്ടിയിരുന്നില്ല എന്നാണ്. അതിന് മറുപടി നമ്മൾ കൊടുത്തതാണ്.
ഞാനും അമ്മ അഡ്‌ഹോക് കമ്മിറ്റി മെമ്പറാണ്. ഇത്തരം ഒരു കമ്മിറ്റി ആയതിനാൽ തന്നെ ഒരു കാര്യത്തിലും ഒരു തീരുമാനം എടുക്കാൻ നമ്മൾക്ക് കഴിയില്ലല്ലോ. അവിടെ ഒരു പ്രസിഡന്റോ സെക്രട്ടറിയോ ഒന്നുമില്ല. എല്ലാവർക്കും തുല്യ സ്ഥാനങ്ങൾ മാത്രമേയുള്ളൂ. അടുത്ത ജൂണിൽ ജനറൽ ബോഡി ചേർന്നാൽ മാത്രമേ ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കാൻ കഴിയുള്ളൂ. എന്നാൽ മാത്രമേ ചർച്ചയ്ക്ക് എങ്കിലും എടുക്കാനാവൂ.
അവർക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടായിരിക്കാം സുരേഷേട്ടനും കൂടെയുള്ളവരും ഒരു പത്രസമ്മേളനം വിളിച്ചത്. അവർക്ക് അവരുടെ കാര്യങ്ങൾ പറയാം. പക്ഷേ നാഥനില്ലാ കളരി എന്നൊരു വാക്ക് ഉപയോഗിച്ചു. അതിൽ അമ്മയുടെ അംഗങ്ങൾക്ക് ഒരുപാട് വിഷമമുണ്ട്. ഒരിക്കലും അമ്മ നാഥനില്ലാ കളരി അല്ല. ആരോപണങ്ങൾ വന്നപ്പോൾ എല്ലാവരും ഒരുമിച്ച് രാജിവെച്ചെങ്കിലും അതിന് ശേഷവും അമ്മയിപ്പോൾ നല്ല പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
അവർ എന്തുകൊണ്ട് നാഥനില്ലാ കളരി എന്ന് വിളിച്ചെന്ന് എനിക്ക് മനസിലാവുന്നില്ല. അവർക്ക് പ്രശ്‌നങ്ങൾ വന്നപ്പോൾ എല്ലാം അമ്മ സഹായിച്ചിട്ടേ ഉള്ളൂ. എല്ലാവരും സുഹൃത്തുക്കളാണ്. പ്രശ്‌നങ്ങൾക്ക് ഒക്കെയും ഉടൻ അവസാനിക്കും. സമരം ഒരിക്കലും ഇൻഡസ്ട്രിക്ക് ഗുണം ചെയ്യില്ല. താരങ്ങളുടെ പ്രതിഫലം മാത്രമാണോ സിനിമ തകർക്കാൻ കാരണം? അതൊരു സംഘടനയ്ക്കും തീരുമാനിക്കാൻ കഴിയില്ലല്ലോ, ഒരു കലാകാരന്മാരും സ്വയം തീരുമാനിക്കേണ്ടത് ആണത്.












Click it and Unblock the Notifications