'അന്ന് കല്യാണം കഴിക്കുകയാണേൽ ശ്രീനാഥിനെ മതിയെന്ന് പറഞ്ഞു, ഇന്ന് ഒരു കാര്യത്തിൽ വിഷമമുണ്ട്; ശാന്തി കൃഷ്‌ണ
മലയാള സിനിമയിൽ ഒരു കാലത്ത് സൗന്ദര്യത്തിന്റെ പ്രതിരൂപങ്ങളായി തിളങ്ങി നിന്നിരുന്ന നായികയായിരുന്നു ശാന്തി കൃഷ്‌ണ. ബോംബെയിൽ കഴിഞ്ഞിരുന്ന പാലക്കാട് അയ്യർ കുടുംബത്തിൽ പിറന്ന ശാന്തി കൃഷ്‌ണയുടെ സിനിമാ ജീവിതം സംഭവ ബഹുലമായിരുന്നു. നടനും അന്നത്തെ സഹതാരവുമായിരുന്ന ശ്രീനാഥുമായുള്ള പ്രണയവും പിന്നാലെയുള്ള വിവാഹവും ഒക്കെ അന്നത്തെ കാലത്തെ പ്രധാന ചർച്ചാ വിഷയമായിരുന്നു.
എന്നാൽ ഈ വിവാഹത്തിന് അധിക നാൾ ആയുസ് ഉണ്ടായിരുന്നില്ല. പതിനൊന്ന് വർഷങ്ങൾ ഒരുമിച്ച് ജീവിച്ച ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. പിന്നെ ശാന്തി കൃഷ്‌ണയും ശ്രീനാഥും വേറെ വിവാഹങ്ങൾ കഴിക്കുകയും ചെയ്‌തു. എങ്കിലും ശാന്തി കൃഷ്‌ണയുടെ രണ്ടാമത്തെ വിവാഹ ജീവിതവും വിജയം കണ്ടില്ല. എന്നാൽ ഈ ബന്ധത്തിൽ അവർക്ക് രണ്ട് മക്കൾ ജനിച്ചിരുന്നു. ഇപ്പോൾ അവരുടെ കാര്യവും സിനിമാ അഭിനയവും ഒക്കെയായി കഴിയുകയാണ് താരം.

ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ചും അതിലുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ശാന്തി കൃഷ്‌ണ. നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കാത്തത് ജീവിതത്തിൽ എന്നും ഒരു വേദനയായി നിലനിൽക്കുമെന്നാണ് ശാന്തി കൃഷ്‌ണ പറയുന്നത്. അന്ന് ശ്രീനാഥിനെ തന്നെയേ വിവാഹം കഴിക്കൂ എന്ന് വാശിപിടിച്ചുവെന്നും ശാന്തി കൃഷ്‌ണ പറയുന്നു. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം.
ശാന്തി കൃഷ്‌ണയുടെ വാക്കുകൾ
അത് പറയാമോ എന്ന് എനിക്കറിയില്ല. എനിക്കൊരു നല്ല ജീവിത പങ്കാളിയെ കിട്ടിയില്ല എന്ന കാര്യത്തിൽ വിഷമമുണ്ട്. അതിപ്പോഴും ഉണ്ട്. എനിക്ക് രണ്ട് കല്യാണം കഴിഞ്ഞിട്ടും എന്റെ ആഗ്രഹം പോലെയൊരു ജീവിത പങ്കാളിയെ ലഭിച്ചില്ലലോ. അതിന്റെയൊരു വിഷമം അവിടെയുണ്ടാകും എപ്പോൾ. ഒരു വ്യക്തി എന്ന നിലയിൽ എന്റെ മനസിൽ ഒരുപാട് സ്നേഹം ഇപ്പോഴുമുണ്ട് കൊടുക്കാനായിട്ട്, പക്ഷേ അങ്ങനെയുള്ള ഒരാൾ എന്നെ മനസിലാക്കി വന്നില്ല.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഞാൻ കണക്കാക്കുന്നത് എന്റെ മക്കളും ഫാമിലിയുമാണ്. ആ കുടുംബത്തിൽ ജനിച്ചത് വലിയൊരു ഭാഗ്യമാണ്. മക്കൾ ഇല്ലെങ്കിൽ ഞാനില്ല. എന്റെ മകൻ എപ്പോഴും എന്നെ എൻകറേജ് ചെയ്യാറുണ്ട്. ഞാൻ പറഞ്ഞില്ലേ എന്റെ ലൈഫിൽ രണ്ട് തവണ കല്യാണം നടന്നിട്ടും ആ ജീവിത പങ്കാളികൾ എനിക്കൊപ്പം നിന്നില്ല. എനിക്ക് അത്രയേ വിധിച്ചിട്ടുണ്ടാവൂ.
പ്രേമത്തിന് വേണ്ടി ഏതറ്റം വരെയും പോവുന്ന ആളായിരുന്നില്ല ഞാൻ. അതൊക്കെ അങ്ങ് അറിയാതെ വന്നു പോയതാണ്. ഫിസിക്കൽ അട്രാക്ഷനും ഉണ്ടാവും. കാരണം ശ്രീനാഥ് അന്ന് ഭയങ്കര സുന്ദരനായിരുന്നു. അന്ന് എനിക്ക് പത്തൊൻപത് വയസ് മാത്രമായിരുന്നു. ഇരുപതാം വയസിലാണ് ഞാൻ കല്യാണം കഴിക്കുന്നത്. ഇന്നത്തെ കാലത്ത് ഏതേലും പെൺകുട്ടി അങ്ങനെ ചെയ്യുമോ.
അന്ന് ഡേറ്റിങ് ഒന്നും ഉണ്ടായിരുന്നില്ല. കത്തുകൾ എഴുതാറുണ്ടായിരുന്നു. അന്ന് ഫോണൊക്കെ വരുമ്പോൾ എന്തോ സന്തോഷമായിരുന്നു. അന്നൊക്കെ ഭയങ്കര സന്തോഷമായിരുന്നു. ആ ഒരുപ്രായം ആയിരുന്നു. അച്ഛൻ പറഞ്ഞാലും അമ്മ പറഞ്ഞാലും എന്ത് എന്നുള്ള ലൈനായിരുന്നു. ഇപ്പോഴേ പോയി കല്യാണം ഒന്നും കഴിച്ചേക്കരുത് എന്നാണ് പറഞ്ഞത്. പക്ഷേ എനിക്ക് കല്യാണം കഴിക്കുവാണേൽ ശ്രീനാഥ് അല്ലാതെ വേറെയാരും വേണ്ട എന്നായിരുന്നു.
ഇപ്പോൾ ആലോചിക്കുമ്പോൾ അതൊക്കെ മണ്ടത്തരമായിട്ട് തോന്നും. പക്ഷേ അതാണ് ജീവിതം. ചിലർ കേൾക്കും ചിലർ കേൾക്കില്ല. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഡിസിഷൻ ഞാൻ തന്നെ എടുത്തു, പക്ഷേ അത് ശരിയായില്ല. ചെറുപ്പത്തിലേ വായിച്ച റൊമാന്റിക് നോവലുകൾ ഒക്കെ തെറ്റായ രീതിയിൽ സ്വാധീനിച്ചിരിക്കാം.












Click it and Unblock the Notifications