ജയിലര്‍ വന്‍ വിജയം, ജവാന്റെ വിതരണവും റെക്കോര്‍ഡ് തുകയ്ക്ക് പിടിച്ച് ഗോകുലം; റിലീസ് ഈ സംസ്ഥാനങ്ങളില്‍
കൊച്ചി: കേരളത്തില്‍ അപ്രതീക്ഷിത ഹിറ്റായി മാറിയിരിക്കുകയാണ് ജയിലര്‍. വിതരണക്കാര്‍ക്ക് വന്‍ ലാഭമാണ് ചിത്രം സമ്മാനിച്ചിരിക്കുന്നത്. റിലീസിന് മുമ്പ് വരെ ചിത്രം നല്ല രീതിയില്‍ ഓടുമോ എന്നൊന്നും ഉറപ്പില്ലായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷള്‍ക്കും അപ്പുറത്തുള്ള വിജയമാണ് ചിത്രം നേടിയത്. കേരളത്തില്‍ ചിത്രം വിതരണത്തിനെടുത്ത ഗോകുലം മൂവീസിനാണ് വന്‍ ലാഭമുണ്ടായിരിക്കുന്നത്.
ഇതിന് പിന്നാലെ ഷാരൂഖ് ഖാന്റെ ജവാന്റെ വിതരണാവകാശവും അവര്‍ സ്വന്തമാക്കിയിരിക്കുകയാണ്. റെക്കോര്‍ഡ് തുകയ്ക്കാണ് ജവാന്‍ ഗോകുലം വിതരണം ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും കൂടിയാണ് ചിത്രം ഗോകുലം പ്രദര്‍ശനത്തിനെത്തിക്കുക. തമിഴ്‌നാട്ടില്‍ റെഡ് ജയന്റ് മൂവീസിനൊപ്പമാകും ചിത്രം ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കുക. കേരള ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ഡ്രീം ബിഗ് ഫിലിംസാണ്.

അതേസമയം ചിത്രത്തിനായി ഗോകുലം 50 കോടിക്ക് മുകളില്‍ മുടക്കി വിതരണാവകാശം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഒരു ഹിനി ചിത്രത്തിന് തമിഴ്‌നാട്ടില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ട്രാക്കിംഗ് ഏജന്‍സികളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രീബ്യൂഷന്‍ രംഗം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജവാന്‍ തമിഴ്‌നാട്ടില്‍ കൂടി വിതരണം ചെയ്യുന്നത്.
തമിഴ്‌നാട്ടിലേക്ക് കൂടി വിതരണം വ്യാപിപ്പിക്കുമ്പോള്‍ പെര്‍ഫെക്ടായിട്ടുള്ള ചിത്രത്തോടെ തുടങ്ങണമെന്നായിരുന്നു ആഗ്രഹം. ജവാനിലൂടെ അതിന്റെ തുടക്കമാവുകയാണെന്നും ഗോകുലം മൂവീസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. അതേസമയം ഒരുപാട് പ്രത്യേകതകളുമായിട്ടാണ് ജവാന്‍ റിലീസാവുന്നത്. ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് ഇതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യന്‍ സംവിധായകനായ അറ്റ്‌ലി ഹിന്ദിയില്‍ ചെയ്യുന്ന ആദ്യ ചിത്രമാണിത്. നയന്‍താരയുടെ ആദ്യ ബോളിവുഡ് ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം ജവാന്‍ ലോകവ്യാപകമായി അഡ്വാന്‍സും ആരംഭിച്ചിട്ടുണ്ട്. എല്ലായിടത്തും നിന്നും റെക്കോര്‍ഡ് അഡ്വാന്‍സാണ് രേഖപ്പെടുത്തിയത്. പഠാന്റെ ആദ്യ ദിന കളക്ഷനെ ഇത് മറികടക്കുമെന്നാണ് സൂചന. പഠാന്‍ നേരത്തെ ബോക്‌സോഫീസില്‍ ആയിരം കോടി നേടിയിരുന്നു.
ചിത്രത്തില്‍ വിജയ് അതിഥി വേഷത്തില്‍ എത്തുന്നു എന്ന റിപ്പോര്‍ട്ടും വൈറലായിട്ടുണ്ട്. ചിത്രത്തിന്റെ മൂല്യം ഇരട്ടിയാക്കുന്നതും വിജയുടെ സാന്നിധ്യമാണ്. ജവാന് പുറമേ വിജയ്‌യുടെ ലിയോയും ഗോകുലം തന്നെയാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. വമ്പന്‍ റെക്കോര്‍ഡുകള്‍ ചിത്രത്തിലൂടെ വന്നേക്കാമെന്നാണ് വിലയിരുത്തല്‍. അതേസമയം കേരളത്തിലെ തിയേറ്ററുകളിലെല്ലാം വലിയ ആള്‍ക്കൂട്ടമാണ് ജയിലര്‍ കാണാന്‍ ഉള്ളതെന്ന് തിയേറ്റര്‍ ഉടമകള്‍ സ്ഥിരീകരിച്ചു. അധിക ഷോകള്‍ വരെ പലയിടത്തും വെച്ചിരുന്നതായി ഇവര്‍ പറഞ്ഞു.












Click it and Unblock the Notifications