'ഭാര്യയുടെ മരണശേഷം ജനാർദ്ദനന്റെ ജീവിതം സംഘർഷഭരിതമായി, മക്കൾ കോടികളുടെ കടം ഉണ്ടാക്കി'; ആലപ്പി അഷ്‌റഫ്
മലയാള സിനിമയിലെ അഭിനയ പ്രതിഭകളിൽ മുഖ്യസ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് ജനാർദ്ദനൻ. സിനിമയിൽ വന്നിട്ട് അഞ്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും വേണ്ടത്ര അംഗീകാരങ്ങൾ ലഭിക്കാതെ പോയ താരം കൂടിയാണ് അദ്ദേഹം. കരിയറിൽ ഇതുവരെ എഴുന്നൂറോളം സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്. 1971ൽ ആദ്യത്തെ കഥ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഇപ്പോഴും അദ്ദേഹം അഭിനയത്തിൽ സജീവമാണ്.
എന്നാൽ ജനാർദ്ദനന്റെ വ്യക്തിജീവിതം അധികമാരും അറിയാത്ത ഒരു കാര്യമായിരുന്നു. വില്ലൻ വേഷങ്ങളിൽ തുടങ്ങി പിന്നീട് സഹതാരത്തിലേക്കും കൊമേഡിയനിലേക്കും ഒക്കെ വളർന്ന ജനാർദ്ദനൻ എന്ന പ്രതിഭയുടെ കുടുംബ ജീവിതം പലർക്കും അറിയാത്ത കാര്യമാണ്. ഇപ്പോഴിതാ ജനാർദ്ദനന്റെ വ്യക്തിജീവിതത്തെ കുറിച്ചും കരിയറിൽ ഉണ്ടായ വഴിത്തിരിവുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ആലപ്പി അഷ്‌റഫ്.

ജീവിതത്തെ എന്നും ആഘോഷമാക്കിയ വ്യക്തിയായിരുന്നു ജനാർദ്ദനൻ എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. എയർഫോഴ്‌സിൽ ഉണ്ടായിരുന്ന ജോലി രാജിവെച്ചാണ് അദ്ദേഹം സിനിമയിലേക്ക് വന്നതെന്നും ആലപ്പി അഷ്‌റഫ് പറയുന്നുണ്ട്. ഭാര്യയുടെ മരണശേഷം സംഘർഷ സാഹചര്യങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നെന്നും മക്കൾ ഉണ്ടാക്കിയ കോടികളുടെ കടം ഒരു പരാതിയുമില്ലാതെ അദ്ദേഹം വീട്ടിയെന്നും ആലപ്പി അഷ്‌റഫ് പറയുന്നു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
അതിസുന്ദരനും വേറിട്ട ശബ്‌ദത്തിന് ഉടമയുമായ ജനാർദ്ദനനെ ഞാൻ ഒരു ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് പരിചയപ്പെടുന്നത്. അദ്ദേഹത്തിന് മദ്രാസിൽ വലിയൊരു സുഹൃത്തുവലയം തന്നെയുണ്ടായിരുന്നു. ജീവിതം എന്നും ആഘോഷമാക്കിയ വ്യക്തിയായിരുന്നു ജനാർദ്ദനൻ. എയർഫോഴ്‌സിലെ ജോലി രാജിവെച്ച് നാട്ടിലെത്തിയ ജനാർദ്ദനൻ കൊല്ലത്തെ ഒരു ബാറിലെത്തുകയായിരുന്നു. ആ ബാറിന്റെ ഉടമയായ നിർമ്മാതാവ് എസ്കെ നായരെ കണ്ടുമുട്ടിയത് അവിടെ വച്ചായിരുന്നു.
എസ്കെ നായർ നിർമിച്ച ചെമ്പരത്തി എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ടീമിന്റെ ഭാഗമായി ജനാർദ്ദനൻ മാറി. ആ ചിത്രത്തിന്റെ നായികയെ പ്രശസ്‌ത സംവിധായകനായ സേതുമാധവൻ പണി തീരാത്ത വീട് എന്ന ചിത്രത്തിൽ അഭിനയിപ്പിച്ചു. അങ്ങനെ ജനാർദ്ദനനും സേതുമാധവനും നല്ല സുഹൃത്തുക്കളായി. അതോടെയാണ് അഭിനയരംഗത്തേക്ക് ജനാർദ്ദനൻ കടന്നുവരുന്നത്.
വില്ലൻ വേഷങ്ങളായിരുന്നു അദ്ദേഹം ആദ്യമൊക്കെ ചെയ്‌തിരുന്നത്. പിന്നീട് സിനിമാനിർമാണവും നടത്തി. അദ്ദേഹം നല്ലൊരു ഭക്ഷണപ്രിയനാണ്. രുചികരമായ വിഭവങ്ങൾ ഒക്കെ പാചകം ചെയ്യും. വില്ലൻ വേഷങ്ങളിൽ നിന്ന് കോമഡി വേഷങ്ങൾ ചെയ്‌ത് തുടങ്ങുകയായിരുന്നു അദ്ദേഹം. അതിൽ വിജയിക്കുകയും ചെയ്‌തു. സിനിമാരംഗത്ത് ശത്രുക്കളില്ലാത്ത നടൻമാരിൽ ഒരാളായിരുന്നു ജനാർദ്ദനൻ. ആരുടേയും വേഷം തട്ടിയെടുക്കുകയോ ഒന്നും ചെയ്‌തിട്ടില്ല.
ചേച്ചിയുടെ മരണശേഷം ജനാർദ്ദനൻ ചേട്ടന്റെ ജീവിതം കൂടുതൽ സംഘർഷഭരിതമായി. ഭാര്യയുടെ വേർപാട് അദ്ദേഹത്തെ മാനസികമായി തളർത്തി. മക്കൾ ഉണ്ടാക്കിവച്ച കോടിക്കണക്കിന് രൂപയുടെ കടങ്ങളെല്ലാം ഒരു പരാതിയുമില്ലാതെ അദ്ദേഹം തീർക്കുകയുണ്ടായി. ആ കടങ്ങളിൽ പലതും മക്കൾ പലരെയും സഹായിച്ചു വെട്ടിലായതുമാണ്. ഇതൊക്കെയും ഉള്ളിലൊതുക്കി അദ്ദേഹം സധൈര്യം മുന്നോട്ട് പോവുകയായിരുന്നു.












Click it and Unblock the Notifications