നയന്‍താരയ്ക്ക് തൊട്ടുപിന്നില്‍, ജാന്‍വി സകലരെയും പിന്നിലാക്കി, രാംചരണ്‍ ചിത്രത്തില്‍ പ്രതിഫലം ഇത്ര
ശ്രീദേവിയെ പോലെ ദക്ഷിണേന്ത്യ ഒന്നാകെ സൂപ്പര്‍ താര നായികയാവാന്‍ ഒരുങ്ങി ജാന്‍വി കപൂര്‍. വമ്പന്‍ ചിത്രങ്ങളാണ് നടിയെ തേടി തെലുങ്ക് സിനിമയില്‍ നിന്ന് വന്നിരിക്കുന്നത്. തമിഴില്‍ നിന്നും ജാന്‍വിക്ക് മികച്ച ഓഫറുകളുണ്ട്. സൂര്യയുടെ നായികയായി നടി വരുമെന്നും അഭ്യൂഹങ്ങളുണ്ട്. ഹിന്ദിയില്‍ ധഡക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ അരങ്ങേറ്റം.
മറാത്തിയില്‍ വന്‍ ഹിറ്റായി മാറിയ സായ്‌റത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം. ധഡക്കില്‍ ജാന്‍വിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടുള്ള അഞ്ച് വര്‍ഷം കൊണ്ട് ഹിന്ദിയിലെ മുന്‍നിര നായികയായി ജാന്‍വി മാറുകയായിരുന്നു. ഇപ്പോഴിതാ സൗത്തിന്ത്യന്‍ സിനിമയിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് നടി.

തെലുങ്കില്‍ രണ്ട് സൂപ്പര്‍ താര ചിത്രങ്ങളാണ് ജാന്‍വി സ്വന്തമാക്കിയിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആറിന്റെ ബിഗ് ബജറ്റ് ചിത്രം ദേവരയിലാണ് ജാന്‍വി നായികയാവുന്നത്. രണ്ടാമതായി രാംചരണിന്റെ കരിയറിലെ പതിനാറാം ചിത്രത്തിലെ നായികയാവാനാണ് ജാന്‍വി ഒരുങ്ങുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തുടരെ ചിത്രങ്ങളുമായി സജീവമാകാന്‍ ഒരുങ്ങുകയാണ് രാംചരണ്‍.
ശങ്കറിന്റെ ഗെയിം ചേഞ്ചറാണ് രാംചരണിന്റേതായി ഇനി വരാനിരിക്കുന്നത്. അത് കഴിഞ്ഞുള്ള ചിത്രത്തിലാണ് ജാന്‍വലി നായികയാവുക. അതേസമയം ജൂനിയര്‍ എന്‍ടിആര്‍ നീണ്ട ഇടവേളയെടുത്താണ് ഇപ്പോള്‍ പുതിയ ചിത്രവുമായി എത്തുന്നത്. ദേവര ഹിറ്റ് സംവിധായകന്‍ കൊരട്ടല ശിവയാണ് ഒരുക്കുന്നത്.
ദേവരയിലും അതുപോലെ രാംചരണിന്റെ പുതിയ ചിത്രത്തിലും റെക്കോര്‍ഡ് പ്രതിഫലമാണ് നടിക്ക് ലഭിച്ചിരിക്കുന്നത്. നയന്‍താരയ്ക്ക് തൊട്ടുപിന്നിലെത്തിയിരിക്കുകയാണ് പ്രതിഫലത്തില്‍ ജാന്‍വി. ദക്ഷിണേന്ത്യയില്‍ സാമന്ത, ശ്രീലീല, രശ്മിക മന്ദാന തുടങ്ങിയവരെ എല്ലാം നടി പിന്നിലാക്കിയിരിക്കുകയാണ്.
തെലുങ്ക് സിനിമയില്‍ ഒരു നടി വാങ്ങിക്കുന്ന ഉയര്‍ന്ന പ്രതിഫലമാണ് ജാന്‍വിക്ക് ദേവരയില്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്ത് കോടിയാണ് ചിത്രത്തിലെ പ്രതിഫലം. ഇത് ജാന്‍വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ്. അതേസമയം പല നിര്‍മാതാക്കളും ഇത്ര വലിയ പ്രതിഫലം ജാന്‍വിക്ക് നല്‍കിയതിനെ ചോദ്യം ചെയ്യുന്നുണ്ട്. കാരണം മറ്റൊരു നടിക്കും ഇത്ര പ്രതിഫലമില്ല.
പൂജ ഹെഗ്‌ഡെ, രശ്മിക മന്ദാന, ശ്രീലീല എന്നിവരെല്ലാം നാല് കോടി രൂപയാണ് ഒരു ചിത്രത്തിനായി വാങ്ങുന്ന പ്രതിഫലം. സോഷ്യല്‍ മീഡിയയിലെ ജനപ്രീതിയും, അതുപോലെ ബോളിവുഡിലെ പോപ്പുലാരിറ്റിയും നോക്കിയാണ് നടി പത്ത് കോടി ആവശ്യപ്പെട്ടത്.
അതേസമയം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളിലേക്ക് ജാന്‍വിയെ നിര്‍മാതാക്കള്‍ പരിഗണിക്കുന്നത് ജനപ്രീതി കൊണ്ട് തന്നെയാണ്. അതേസമയം നയന്‍താര പതിനൊന്ന് കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. ഇതോടെ നയന്‍സിന് തൊട്ടുപിന്നിലെത്തിയിരിക്കുകയാണ് പ്രതിഫലക്കാര്യത്തില്‍ ജാന്‍വി.
രാംചരണിന്റെ ചിത്രം സംവിധാനം ചെയ്യുന്നത് ബുച്ചിബാബു സനയാണ്. ഉപ്പന എന്ന ചിത്രത്തിലൂടെ വന്‍ വിജയം നേടിയ സംവിധായകനാണ് ബുച്ചിബാബു. ഇതിഹാസ ഗുസ്തി താരം കോഡി രാമമൂര്‍ത്തി നായിഡുവിന്റെ ബയോപിക്കാണ് ചിത്രമെന്നാണ് സൂചന.
ആറ് കോടിയാണ് നിര്‍മാതാക്കള്‍ ജാന്‍വിക്കായി ഓഫര്‍ ചെയ്തിരിക്കുന്നത്. നടി ഇതിനോട് അനുകൂല മറുപടിയാണ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാതാക്കള്‍ ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. ഈ പ്രതിഫലവും മറ്റേത് തെലുങ്ക് നടിയേക്കാളും മുന്നിലാണ്.












Click it and Unblock the Notifications