വിവാഹമോചന വാർത്ത സത്യമോ? പ്രതികരിക്കാതെ ജയം രവി, കാരണം ദളപതി വിജയ് നൽകിയ ഈ ഉപദേശം
തമിഴ് സിനിമാ ലോകത്ത് വിവാഹ മോചന വാർത്തകൾ പുതുമയുള്ള കാര്യമല്ല. എന്നാൽ നടൻ ജയം രവിയുടെ കാര്യത്തിൽ ഇത് അപ്രതീക്ഷിതമായിരുന്നു. താരത്തെ ഇതുവരെയും വിവാഹ മോചന വാർത്തകളോട് പ്രതികരിക്കുകയോ ഇക്കാര്യം ഔദ്യോഗികമായി ആരെങ്കിലും സ്ഥിരീകരിക്കുകയോ ചെയ്‌തിട്ടില്ലെങ്കിലും അഭ്യൂഹങ്ങൾ ശക്തമാണ്. ഇക്കാര്യത്തിൽ ജയം രവിയുടെ ഭാര്യ ആർതിയും നേരിട്ട് പ്രതികരണം അറിയിച്ചിട്ടില്ല.
എന്നാൽ ജയം രവിയുടെ മൗനത്തിന് പിന്നിലെ കാരണം ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ പേരുകളിൽ ഒന്നായ ദളപതി വിജയ് ആണെന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്. നേരത്തെ തന്നെ വിജയോടുള്ള ആരാധന ജയം രവി തുറന്നുപറഞ്ഞിട്ടുള്ളതാണ്. അതിനിടയിലാണ് താരത്തിന്റെ വിവാഹ മോചന വാർത്തയുമായി ബന്ധപ്പെട്ടും വിജയുടെ പേര് ഉയർന്നുകേൾക്കുന്നത്.

വിജയ് നൽകിയ ഉപദേശം കണക്കിലെടുത്താണ് ജയം രവി ഇക്കാര്യത്തിൽ പ്രതികരണം ഒന്നും അറിയിക്കാതെ ഇരിക്കുന്നതെന്നാണ് ചില ആരാധകർ വാദിക്കുന്നത്. 'സത്യസന്ധമല്ലാത്ത ഒരു ഗോസിപ്പിനെ ഒരിക്കലും വിശദീകരിക്കാന്‍ ശ്രമിക്കരുത്. വിശദീകരിക്കാന്‍ ശ്രമിക്കുന്തോറും അത് സത്യമായി മാറും, അല്ലെങ്കില്‍ അങ്ങനെ മാറ്റപ്പെടും' എന്നായിരുന്നു വിജയുടെ വാക്കുകൾ.
ഇത് ശിരസാവഹിച്ചു കൊണ്ടാണ് ജയം രവി വിഷയത്തിൽ മൗനം തുടരുന്നതെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകളോട് ജയം രവിയോ ഭാര്യ ആര്‍തിയോ എന്തിന് പ്രതികരിക്കണം എന്നും ആരാധകർ ട്വീറ്റിലൂടെ ചോദിക്കുന്നു. വിവാഹ മോചന വാർത്തകളിൽ കഴമ്പില്ലെന്നും പൊന്നിയിൻ സെൽവൻ നായകന്റെ ആരാധകർ എക്‌സിൽ പറയുന്നു.
അതേസമയം, ജയം രവിയുടെ ഭാര്യയും പ്രശസ്‌ത സീരിയൽ സിനിമാ നിർമ്മാതാവുമായ സുജാത വിജയകുമാറിന്റെ മകളുമായ ആർതി രവിയുടെ ഇൻസ്‌റ്റഗ്രാമിൽ നിന്ന് ജയം രവിയും കുടുംബവും ഒത്തുള്ള ചിത്രങ്ങൾ കാണാതായതോടെയാണ് വിവാദങ്ങളുടെ തുടക്കം. നിരന്തരം കുടുംബവുമായുള്ള ഫോട്ടോകൾ പങ്കുവയ്ക്കുന്ന താരപത്നി പക്ഷേ ഇൻസ്‌റ്റഗ്രാമിൽ നിന്ന് ജയം രവിയുമൊത്തുള്ള ചിത്രങ്ങൾ നീക്കം ചെയ്യുകയായിരുന്നു.
ഇതോടെയാണ് ഇരുവരും പിരിയുകയാണെന്ന വാർത്തകൾ പുറത്തുവന്നത്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലെ ഒരു നായികയുമായി ജയം രവി കാട്ടിയ അടുപ്പമാണ് ബന്ധത്തിലെ വിള്ളലിന് കാരണമെന്ന് വരെ ചില റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ പ്രതികരണങ്ങൾ ഒന്നും നടത്താൻ ഇതുവരെ തയ്യാറായിട്ടില്ല.
പക്ഷേ കഴിഞ്ഞ ദിവസം ജയം രവിയുടെ ആദ്യ ചിത്രമായ ജയത്തിന്റെ 25ആം വാർഷികം ആഘോഷിച്ച വേളയിൽ ഈ പോസ്‌റ്റർ ആർതിയും പങ്കുവച്ചിരുന്നു. കൂടാതെ ഇവരുടെ ഇൻസ്‌റ്റഗ്രാം ഐഡിയിൽ ഇപ്പോഴും ജയം രവിയുടെ പേരുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഇതോടെ വിവാഹ മോചനമെന്ന പ്രചരണം തെറ്റാണെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.
പോരാത്തതിന് ജയം രവി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുമില്ല. പതിനഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ് ഇരുവരുടെയും ദാമ്പത്യ ജീവിതം. 2009ലായിരുന്നു ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ജയം രവിയുടെയും ആർതിയുടെയും വിവാഹം നടന്നത്. അഭിമുഖങ്ങളിലും, സിനിമാ പ്രമോഷൻ പരിപാടികളിലും ഒരുമിച്ചെത്തുന്ന ഇരുവരുടെയും ഡിവോഴ്‌സ് വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് പല ആരാധകരും.












Click it and Unblock the Notifications