'പുറത്ത് ഭയങ്കര വാചകമടി, എന്നാൽ അമ്മ വേഷം ചെയ്യാൻ ആ നടി തയ്യാറായില്ല..'; വെളിപ്പെടുത്തി ജീത്തു ജോസഫ്
മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടിക എടുത്താൽ അതിൽ മുൻപന്തിയിൽ തന്നെ കാണുന്ന ഒരാളാണ് ജീത്തു ജോസഫ്. ഓരോ ചിത്രം കഴിയുന്തോറും കൂടുതൽ കൂടുതൽ മെച്ചപ്പെട്ട് വരുന്ന അദ്ദേഹത്തിന്റെ ത്രില്ലർ ചിത്രങ്ങൾക്ക് പ്രത്യേക ആരാധകർ തന്നെയുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്‌ത 'നേര്' എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി അദ്ദേഹം മാധ്യമങ്ങൾക്ക് മുൻപിലെത്തുകയാണ്.
ഇതിനിടയിൽ മുൻപ് താൻ സംവിധാനം ചെയ്‌ത മമ്മി ആൻഡ് മി എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയപ്പോൾ ഉണ്ടായ ദുരനുഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് ജീത്തു ജോസഫ്. മമ്മി ആൻഡ് മിയിൽ അമ്മ വേഷം ചെയ്യാനായി ഒരു നടിമാരെ സമീപിച്ചെങ്കിലും അവരാരും അതിന് തയ്യാറായില്ലെന്നാണ് ജീത്തു പറയുന്നത്. ഒടുവിൽ ഈ ചിത്രത്തിൽ ഉർവശിയായിരുന്നു അമ്മ വേഷം അഭിനയിച്ചത്.

'ആ ചിത്രത്തിന്റെ കാസ്‌റ്റ് സെക്കൻഡറി ആയിരുന്നില്ല. അന്ന് ഒരു അമ്മ വേഷം ചെയ്യാനായി ഒരുപാട് നടിമാരുടെ അടുത്തേക്ക് ചെന്ന് ചോദിച്ചിരുന്നു, എന്നാൽ അവരാരും തയ്യാറായില്ല. ന്യൂസിലും മറ്റുമൊക്കെ വെച്ചലക്കി വാചകം അടിക്കുന്ന നടിമാരെ ഞാൻ കണ്ടു. ഹീറോയുടെ പുറകിൽ കൈയ്യും കെട്ടി ഇരിക്കുന്ന റോളുകൾ ചെയ്യാൻ താത്പര്യം ഇല്ലെന്നൊക്കെ പറഞ്ഞുകൊണ്ട്' ജീത്തു പറയുന്നു.
'അതിനിടയിൽ ഒരു പഴയകാല നായിക ഭയങ്കര ഡയലോഗ് അടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അങ്ങനെ ഓടി അവരുടെ അടുത്തെത്തി. എന്നാൽ അമ്മ വേഷമാണ് ചെയ്യേണ്ടതെന്ന് കേട്ടപ്പോൾ അവരും പിൻവലിഞ്ഞു. അപ്പോൾ എനിക്ക് തോന്നി ഇവരെന്താ ഈ പറയുന്നതെന്ന്' അദ്ദേഹം കൂട്ടിച്ചേർത്തു. അവസാനം ഞാൻ ഉർവശി ചേച്ചിയുടെ അടുത്തേക്ക് എത്തി. അപ്പോൾ എന്തോ അസുഖം കാരണം ചേച്ചി മെലിഞ്ഞിരിക്കുകയായിരുന്നു. അങ്ങനെയാണ് ചേച്ചി ഈ സിനിമയിലേക്ക് എത്തുന്നത്; ജീത്തു പറഞ്ഞു.
'ചിത്രത്തിൽ അച്ഛന്റെ വേഷത്തിന് മുകേഷേട്ടനെ നേരത്തെ ഫിക്‌സ് ചെയ്‌തിരുന്നു. അങ്ങനത്തെ ഒരു കാസ്‌റ്റ് തന്നെയായിരുന്നു നമ്മൾ ഉദ്ദേശിച്ചത്. ബാക്കിയെല്ലാം ഒരു ദൈവാനുഗ്രഹം പോലെ സംഭവിച്ചതാണ്.' ജീത്തു ജോസഫ് ചിത്രത്തിലെ കാസ്റ്റിങ് പൂർത്തിയാക്കതിനെ കുറിച്ച് പറഞ്ഞുവയ്ക്കുന്നു.
അതേസമയം, മോഹൻലാൽ നായകനായി ജീത്തു ജോസഫ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് 'നേര്'. പ്രിയാമണി, അനശ്വര രാജൻ, ജഗദീഷ്, സിദ്ദിഖ്, ശ്രീധന്യ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. ഡിസംബർ 21നാണ് ചിത്രം പ്രദർശനത്തിന് എത്തുക.
നടിയും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദൃശ്യം ഒന്ന്, ദൃശ്യം രണ്ട്, ട്വൽത് മാൻ, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'നേര്' എന്ന പ്രത്യേകതയുമുണ്ട്. ഒരു കോർട്ട് റൂം ഡ്രാമയാണ് ചിത്രമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.












Click it and Unblock the Notifications