'ജോജുവിനെ കണ്ട് പഠിക്കണം, തീർപ്പ് കണ്ടപ്പോൾ മുരളി ഗോപി വിളിച്ച് ഒരു കാര്യം പറഞ്ഞു'; ശ്രീകാന്ത് മുരളി
മലയാളത്തിൽ ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷക പ്രതികരണം നേടിയ നടനായിരുന്നു ശ്രീകാന്ത് മുരളി. തുടക്കത്തിൽ സഹ സംവിധായകൻ ആയിട്ടായിരുന്നു അദ്ദേഹം സിനിമയിൽ വന്നത്. പ്രമുഖ സംവിധായകൻ പ്രിയദർശന്റെ സംവിധാന സഹായിയായി വർഷങ്ങളോളം പ്രവർത്തിച്ച അനുഭവ പരിചയവുമായി അഭിനയ രംഗത്തേക്ക് കടന്നുവന്നയാളാണ് ശ്രീകാന്ത് മുരളി. അതുകൊണ്ട് തന്നെ അഭിനയത്തിൽ അദ്ദേഹത്തിനൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.
നിരവധി ചിത്രങ്ങളിലാണ് താരം അനായാസ അഭിനയത്തിലൂടെ മികച്ച പ്രകടനം കാഴ്‌ച വച്ചത്. അടുത്തിടെ പുറത്തിറങ്ങിയ ഒട്ടേറെ സിനിമകളുടെ ഭാഗമായി ശ്രീകാന്ത് മുരളി പ്രവർത്തിച്ചിരുന്നു. നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്‌ത ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയത്തിലേക്ക് കടന്നത്. ഒരു പരസ്യ ചിത്ര സംവിധായകൻ കൂടിയായ ശ്രീകാന്ത് നിലവിൽ തിരക്കേറിയ നടനാണ്.

എബി, ഹോം, വൈറസ്, രേഖാചിത്രം എന്നിങ്ങനെ നിരവധി സിനിമകളിൽ ശ്രീകാന്ത് മുരളി തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. ആസിഫ് അലി നായകനായ രേഖാചിത്രത്തിൽ മികച്ച വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്‌തത്. അതിനിടെ ഇപ്പോഴിതാ അഭിനയ ജീവിതത്തിലെ തന്റെ വിവിധ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീകാന്ത് മുരളി. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിൽ കൂടെ അഭിനയിച്ച ആളുകളെ കുറിച്ചും അദ്ദേഹം മനസ് തുറന്നു.
അതിൽ അലൻസിയർ, ജോജു ജോർജ് എന്നീ അഭിനേതാക്കളെ കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞിരുന്നു. അലൻസിയറിനെ വളരെയധികം ഇഷ്‍ടമാണെന്നും ജോജു ജോർജ് അത്ഭുതപ്പെടുത്തിയ നടൻ ആണെന്നുമാണ് ശ്രീകാന്ത് മുരളി പറയുന്നത്. എല്ലാവരും കണ്ടുപഠിക്കേണ്ട കാര്യമാണ് ജോജുവിന്റത് എന്നും അദ്ദേഹം വെളിപ്പെടുത്തി. മാസ്‌റ്റർബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശ്രീകാന്ത് മുരളിയുടെ വാക്കുകൾ
സംതൃപ്‌തി എന്ന് പറയുന്നതിൽ കാര്യമില്ല. നമുക്കല്ല വേഷങ്ങൾ ചെയ്യുമ്പോൾ തൃപ്‌തി തോന്നേണ്ടത്. അത് കണ്ട് അഭിപ്രായം പറയുന്ന ആളുകളാണ്. നാഗേന്ദ്രൻസ് ഹണിമൂൺ എന്നൊരു ചിത്രം അടുത്തിടെ ഞാൻ അഭിനയിച്ചു. നിത്യ മേനോന്റെ അച്ഛന്റെ ഒരു ചിത്രത്തിൽ അഭിനയിച്ചു. തീർപ്പ് എന്ന ചിത്രത്തിലും നേരത്തെ അഭിനയിച്ചു. തീർപ്പ് ചെയ്‌തു കഴിഞ്ഞപ്പോൾ മലയാളത്തിലെ പ്രഗത്ഭനായ റൈറ്റർ കൂടിയായ മുരളി ഗോപി എന്നെ വിളിച്ചു പറഞ്ഞു അത് നന്നായിട്ടുണ്ടെന്ന്.
എന്നെ അത്ഭുതപ്പെടുത്തിയ നടൻമാർ എന്ന് പറയുമ്പോൾ മലയാളത്തിന് പുറത്താണെങ്കിൽ എനിക്ക് പരിചയം ഇല്ലെങ്കിൽ പോലും അത്ഭുതം തോന്നിയ ആളുകളുണ്ട്. രാജ്‌കുമാർ റാവു, ഇർഫാൻ ഖാൻ, നവാസുദ്ധീൻ സിദ്ദിഖി അങ്ങനെ എത്രയോ പേർ. മലയാളത്തിൽ ആണെങ്കിൽ നെടുമുടി വേണുച്ചേട്ടൻ, തിലകൻ ചേട്ടൻ, ഇപ്പോഴത്തെ തലമുറയിൽ ആണെങ്കിൽ ഷൈൻ ടോം ചാക്കോ നല്ല നടനാണ്.
പിന്നെ അലൻ ചേട്ടൻ, അലൻസിയർ. എന്നെ ഒരുപാട് ഞെട്ടിച്ച നടനാണ് അദ്ദേഹം. ജോജു ജോർജ് അത്ഭുതപ്പെടുത്തിയ നടനാണ്. തമിഴിലും തെലുഗുവിലും ഒക്കെ അദ്ദേഹം വിജയിച്ച നടനാണ്. ഇപ്പോഴും അദ്ദേഹത്തിന്റെ എനർജിയും ആകാംഷയും ഒക്കെ കാണണം. അത്രയധികം കഠിനാധ്വാനം ചെയ്യുന്ന ഒരു നടൻ കൂടിയാണ് അദ്ദേഹം.
പല കാര്യത്തിലും കണ്ടുപഠിക്കേണ്ട രീതികളാണ് ജോജുവിന്റേത്. ഇരട്ടയിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായ ട്വിൻ ബ്രദേഴ്‌സിന്റെ സുഹൃത്തായിരുന്നു ഞാൻ. അപ്പോൾ ഓരോ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു തരാറുണ്ട്. പിന്നെ സിദ്ദിഖ് ഇക്കയുടെ കൂടെയും, അങ്ങനെ തന്നെയാണ്. അദ്ദേഹവും ഓരോ പടത്തിൽ അഭിനയിക്കുമ്പോഴുംഓരോ കാര്യങ്ങൾ നമുക്ക് പറഞ്ഞു തരും.












Click it and Unblock the Notifications