'കലാഭവൻ മണിയേയും ശ്രീനിവാസനെയും മലയാളികൾ സൂപ്പർ സ്‌റ്റാറുകളായി അംഗീകരിച്ചില്ല, കാരണം'; സന്തോഷ് പണ്ഡിറ്റ്
ലോ ബജറ്റ് സിനിമകളിലൂടെ ഒരുകാലത്ത് തരംഗമായി മാറിയ വ്യക്തിയായിരുന്നു സന്തോഷ് പണ്ഡിറ്റ്. പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ ഇത്രത്തോളം സജീവമല്ലാതിരുന്ന കാലത്ത് സന്തോഷ് പണ്ഡിറ്റ് ഉണ്ടാക്കിയ ഓളം വേറെ തന്നെയായിരുന്നു. പലപ്പോഴും നെഗറ്റീവ് പബ്ലിസിറ്റി എന്ന സംഭവം കൃത്യമായി മുതലെടുത്ത വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അങ്ങനെയാണ് സന്തോഷ് പണ്ഡിറ്റ് മലയാളികൾക്ക് ഇടയിൽ തന്റെ സാന്നിധ്യം അറിയിച്ചത്.
പിന്നീട് സോഷ്യൽ മീഡിയ സജീവമായതോടെ സന്തോഷ് പണ്ഡിറ്റ് അവിടെയും തന്റെ മികവ് തെളിയിക്കുകയും ആളുകളെ കൈയിലെടുക്കുകയും ഒക്കെ ചെയ്യുകയായിരുന്നു. പിന്നീട് തന്റെ സിനിമാ നിർമ്മാണത്തിന് ഒപ്പം ചാരിറ്റി ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് കൂടി അദ്ദേഹം തിരിഞ്ഞിരുന്നു. അതിലൂടെ വലിയൊരു ആരാധകവൃന്ദത്തെയും അദ്ദേഹം സൃഷ്‌ടിച്ചു. അടുത്തകാലത്താണ് സന്തോഷ് പണ്ഡിറ്റ് ധാരാളം അഭിമുഖങ്ങൾ നൽകി തുടങ്ങിയത്.

ഇപ്പോഴിതാ സിനിമയിൽ നിലനിൽക്കുന്ന ചില പ്രവണതകളെ കുറിച്ചും, അത്തരം വിഷയങ്ങളെ കുറിച്ചും ഒക്കെ സംസാരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. മലയാള സിനിമയിൽ സൂപ്പർതാരങ്ങളെ തീരുമാനിക്കുന്നതിൽ പോലും ചില മാനദണ്ഡങ്ങൾ ഉണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. കലാഭവൻ മണിയേയും, ശ്രീനിവാസനെയും ഒന്നും മലയാളികൾ സൂപ്പർതാരമായി അംഗീകരിക്കാൻ തയ്യാറായില്ലെന്നും ചാപ്റ്റർ ഫോറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ
നിങ്ങൾ മലയാളത്തിലെ സൂപ്പർസ്‌റ്റാറുകളുടെ കാര്യം തന്നെ എടുത്തുനോക്കൂ. നല്ല സായിപ്പിനെ പോലെ വെളുത്ത, ഭംഗിയുള്ള ആളുകളെ മാത്രമേ മലയാളികൾ സൂപ്പർതാരമായി അംഗീകരിക്കൂ. അപ്പോൾ നിങ്ങൾ ചോദിക്കും അച്ചൻകുഞ്ഞിനെയും കലാഭവൻ മണിയേയും ശ്രീനിവാസനെയും ഒക്കെ നമ്മൾ അംഗീകരിച്ചതല്ലേ എന്ന്. ആ ചോദ്യമായിരിക്കും നമ്മുടെ മനസിൽ ആദ്യമായി വരിക.
ഇവരെയൊക്കെ ഒരു സൂപ്പർസ്‌റ്റാറായി ആണോ നമ്മൾ അംഗീകരിച്ചത്. മികച്ച നടൻമാർ എന്ന നിലയിൽ മാത്രമാണ് നമ്മൾ ഇവരെ കണ്ടിട്ടുള്ളത്. ഈ പറയുന്ന നടൻമാർ പത്താളെ ഇടിച്ചു ഡയലോഗ് പറഞ്ഞ് നിന്നാൽ നിങ്ങൾക്ക് ഇഷ്‌ടപ്പെടില്ല. നിങ്ങൾ ഈ പറയുന്ന സുന്ദരകുട്ടപ്പൻമാർ ആയ നടൻമാർ ആണെങ്കിൽ മാത്രമേ നമ്മൾ കൈയടിക്കൂ. നോർത്തിലോ തമിഴ്‌നാട്ടിലോ ധനുഷിനെ പോലെയുള്ള നടൻമാരെ നോക്കൂ.
അദ്ദേഹം അഭിനയിക്കുന്നത് അജിത്തോ രജനികാന്തോ അഭിനയിക്കുന്നത് പോലെ തന്നെയല്ലേ. ഇവിടെ സൗന്ദര്യം ഇല്ലാത്ത നടൻമാരെ വിജയിപ്പിക്കില്ല. അങ്ങനെ വിജയിച്ചിട്ടുള്ളത് ചുരുക്കമാണ്, കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, ചിന്താവിഷ്‌ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം ഇവയൊക്കെ ആയിരിക്കും. അവിടെ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? ഈ നായകൻമാർക്ക് എന്തെങ്കിലും കുറവുകൾ കാണും.
ഇതിലൊക്കെ നായകനെ അങ്ങനെയാണ് പ്ലേസ് ചെയ്‌തിരിക്കുന്നത്. നായകന് ഭയങ്കര അപകർഷത ബോധം ആയിരിക്കും. അവരെ ചവുട്ടിത്തേക്കും. എന്നിട്ട് നിങ്ങൾ പറയുകയാണ് അവരെ അംഗീകരിച്ചല്ലോ എന്ന്. മലയാളികൾ സൗന്ദര്യം കുറഞ്ഞ നടൻമാരെ അംഗീകരിക്കുന്നത് അങ്ങനെയല്ല, അവർ ഒരിക്കലും ഹീറോ ആയി അത്തരം നടൻമാരെ കാണുകയില്ല എന്നതാണ് സത്യം. അക്കാര്യത്തിൽ മലയാളികൾ എപ്പോഴും അങ്ങനെയാണ്.
അതുപോലെ തന്നെ പറയുന്ന ഒന്നാണ് മലയാളികൾക്ക് ഒട്ടും വർഗീയത ഇല്ലെന്ന്. അതൊക്കെ വെറുതെയാണ്. അതിനെ കുറിച്ച് അറിയണമെങ്കിൽ ഏതെങ്കിലും വാർത്തയുടെ അടിയിൽ നോക്കിയാൽ മതി. കൊന്നവന്റെ മതം, കൊന്നവന്റെ ജാതി, കൊല്ലപ്പെട്ടവന്റെ ജാതി, ഇത് മാത്രം നോക്കിയാൽ മതി. കേരളത്തിൽ വർഗീയത ഇല്ലെന്ന് എങ്ങനെ പറയാൻ കഴിയും. ഇവിടുത്തെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പേരിൽ തന്നെ മതമുണ്ട്. പിന്നെ എങ്ങനെയാണ് അത് പറയാൻ കഴിയുക.












Click it and Unblock the Notifications