'കലാഭവൻ മണി സ്നേഹമുള്ളവൻ, അന്ന് പണം തന്ന് സഹായിച്ചു, മകന്റെ പഠനത്തിലും സഹായിച്ചു'; ശാന്തി വില്യംസ്
മലയാള സിനിമയിൽ കാലമെത്ര കഴിഞ്ഞാലും ആരും മറക്കാൻ ഇടയില്ലാത്ത പേരുകളിൽ ഒന്നാണ് കലാഭവൻ മണിയുടേത്. രണ്ടര പതിറ്റാണ്ട കാലത്തെ സിനിമാ ജീവിതത്തിന് ഇടയിൽ കലാഭവൻ മണി അഭിനയ മികവ് കൊണ്ടും ആഴം കൊണ്ടും നമ്മളെ ഞെട്ടിച്ചത് പോലെ തന്നെ ആരാധകരോടുള്ള സ്നേഹം കൊണ്ടും ഏറെ പേര് നേടിയിരുന്നു. കലാഭവൻ മണിയുടെ സഹായം ലഭിച്ച സിനിമക്കാരും അല്ലാത്തവരും ഒട്ടേറെയുണ്ട്.
അത്തരത്തിൽ അധികമാരും അറിയാത്ത, എവിടെയും പറഞ്ഞു കേട്ടിട്ടില്ലാത്ത സഹായത്തിന്റെ കഥ വെളിപ്പെടുത്തുകയാണ് ഇപ്പോൾ പ്രമുഖ ക്യാമറാമാൻ വില്യംസിന്റെ ഭാര്യയും നടിയുമായ ശാന്തി വില്യംസ്. മലയാളത്തിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ശാന്തിയുടെ ഭർത്താവ് വില്യംസ് അറിയപ്പെടുന്ന ക്യാമറാമാൻ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ അവസാനകാലം ദുരിതപൂർണമായിരുന്നു.

അന്ന് സിനിമയിൽ നിന്ന് ആരും തന്നെ സഹായിച്ചില്ലെന്ന് ശാന്തി വില്യംസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. മോഹൻലാലിനെതിരെയും അവർ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ മലയാള സിനിമയിൽ നിന്ന് തനിക്ക് സഹായം ലഭിച്ചത് കലാഭവൻ മണിയിൽ നിന്നാണെന്ന് പറയുകയാണ് ശാന്തി. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ശാന്തി വില്യംസ് ഇക്കാര്യങ്ങൾ പങ്കുവച്ചത്. ശാന്തി വില്യംസിന്റെ വാക്കുകൾ ഇങ്ങനെ.
അന്ന് കരുണാനിധി കലൈഞ്ചർ ആയിരുന്നു മുഖ്യമന്ത്രി. എന്റെ ഹസ്ബൻഡ് മരിച്ച വിവരം പുള്ളി ഒക്കെ അറിഞ്ഞിരുന്നു. അങ്ങനെയാണ് എന്നെ സഹായിക്കണമെന്ന് കരുതി പ്രഭുവും നമ്മുടെ നവ്യ നായരും അഭിനയിച്ച പാസ കിളികൾ എന്ന ചിത്രത്തിൽ എനിക്കൊരു വേഷം തരുന്നത്. ഒരു ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ, 50,000 രൂപ ആയിരുന്നു സാലറി. എന്നെ സഹായിക്കാൻ വേണ്ടി മാത്രമാണ് ആ വേഷം തന്നത്.
ആ സിനിമയിൽ കലാഭവൻ മണിയും ഉണ്ടായിരുന്നു. ഞാൻ അവിടെ നിൽക്കുകയായിരുന്നു. അപ്പോഴാണ് മണി അങ്ങോട്ട് വന്നത്. ചേച്ചി എപ്പോൾ എത്തി എന്നാണ് എന്നോട് ചോദിച്ചത്. വില്ലിയേട്ടൻ മരിച്ചപ്പോൾ ഞാൻ വിദേശത്തായിരുന്നു അതാണ് വരാൻ പറ്റാഞ്ഞത്, വിളിക്കാൻ ആണേൽ എന്റെ കൈയിൽ നമ്പറും ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞു. ഞാൻ അത് കേട്ട് ചിരിച്ചുനിന്നതേ ഉള്ളൂ. അങ്ങനെ ഞാൻ അവിടെ നിന്ന് അടുത്ത ഷൂട്ട് ഉണ്ടായിട്ട് പോയി.
റയിൽവേ സ്‌റ്റേഷനിൽ വണ്ടി കാത്തുനിൽക്കുകയാണ്, നോക്കുമ്പോൾ പെട്ടെന്ന് ഒരു പയ്യൻ വന്ന് എന്റെ കൈയിൽ ഒരു പൊതി കൊണ്ട് തന്നു. മണി അതിന് മുൻപ് എന്നെ വിളിച്ചിരുന്നു. ചേച്ചിക്ക് എന്റെ വക ഇത്തിരി കാശാണ് എന്ന് പറഞ്ഞു. എന്റെ സ്വന്തം ചേട്ടനാണ് വില്ലിച്ചേട്ടൻ എന്നാണ് മണി പറഞ്ഞത്. അവർ ഒരുമിച്ച് വർക്ക് ചെയ്‌തിട്ടുണ്ട്. അങ്ങനെ അന്ന് ആദ്യം മണി എനിക്ക് പണം തന്ന് സഹായിച്ചു.
പിന്നെ എന്റെ മോനെ കോളേജിൽ ചേർക്കാൻ നേരവും ഇതുപോലെ എന്നെ സഹായിച്ചു. 25000 രൂപ അടയ്ക്കണമായിരുന്നു കോളേജിൽ. ഒരു ദിവസം മണി എന്നെ വിളിച്ചു. എന്താണ് പ്രശ്‌നം ചോദിച്ചിട്ട് ഇതുപോലെ പണം തന്നു. അങ്ങനെയാണ് മോനെ കോളേജിൽ ചേർത്തത്, മൂത്ത മോളെ പഠിപ്പിച്ചതും സംവിധയകാൻ തിരുമുരുകനാണ്. ശങ്കർ സാറും ഒരുപാട് സഹായിച്ചിരുന്നു.
പാപനാശം സിനിമയുടെ സെറ്റിൽ വച്ചാണ് മണിയെ പിന്നെ കാണുന്നത്. വല്ലാതെ മെലിഞ്ഞിരുന്നു. ഞാൻ ചോദിച്ചു എന്ത് പറ്റി മോനെ ഇങ്ങനെ എന്ന്, അപ്പോഴാണ് പറഞ്ഞത് എന്തൊക്കെയോ സുഖമില്ല വല്ലാത്ത തോന്നലുകൾ എന്നൊക്കെ, അന്ന് ഞാൻ പറഞ്ഞിരുന്നു ആയുർവേദ ചികിത്സ നടത്താൻ. നീ നിന്റെ ആരോഗ്യം നോക്കണമെന്നൊക്കെ പറഞ്ഞിരുന്നു.
ജനുവരി ഒന്നിനാണ് മണിയുടെ പിറന്നാൾ. മണിയുടെ പിറന്നാൾ ദിവസം ഞങ്ങൾ എപ്പോഴും വിളിക്കുമായിരുന്നു രാത്രി പന്ത്രണ്ട് മണിക്ക്. പെട്ടെന്ന് ഒരു ദിവസം മണി മരിച്ചുവെന്ന് പറഞ്ഞപ്പോൾ എനിക്ക് ഒട്ടും വിശ്വാസമായില്ല. അത് കേട്ടയിടത്ത് തന്നെ തരിച്ചിരുന്നപ്പോയി. വെള്ളം പോലും കുടിക്കാതെ അവിടെ തന്നെ ഒരു ദിവസം ഇരുന്നു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അത്.












Click it and Unblock the Notifications