'ദൃശ്യം മൂന്നാംഭാഗത്തിന്റെ ക്ലൈമാക്‌സ് കിട്ടിയെന്നാണ് ജീത്തു ഭായ് പറഞ്ഞത്..'; കലാഭവൻ ഷാജോൺ
മലയാളികളുടെ പ്രിയ താരമാണ് കലാഭവൻ ഷാജോൺ, കോമഡിയിൽ നിന്ന് സ്വഭാവ നടനിലേക്കുള്ള താരത്തിന്റെ മാറ്റം പെട്ടെന്നായിരുന്നു. ജീത്തു ജോസഫ് ഒരുക്കി മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രത്തിൽ ഷാജോൺ അവതരിപ്പിച്ച സഹദേവൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഷാജോൺ.
തന്റ്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷാജോണിന്റെ പ്രതികരണം. ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഷാജോൺ പ്രതികരിച്ചത്. അതിനെ കുറിച്ച് തനിക്ക് കൂടുതൽ അറിയില്ലെന്നായിരുന്നു താരം പറഞ്ഞത്.

ജീത്തു ജോസഫ് ദൃശ്യത്തിന്റെ അടുത്ത ഭാഗത്തെ കുറിച്ച് ചില സൂചനകളൊക്കെ തന്നെനും, ക്ലൈമാക്‌സ് ഉൾപ്പെടെ കിട്ടിയെന്ന് പറഞ്ഞതായുമാണ് ഷാജോൺ വ്യക്തമാക്കുന്നത്. മൂന്നാം ഭാഗം ഉണ്ടാവാൻ താൻ പ്രാർത്ഥിക്കുകയാണെന്ന് പറഞ്ഞ ഷാജോൺ ഒരിക്കൽ കൂടി ആ കോമ്പിനേഷന് വേണ്ടി താൻ കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.
'ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ച് കൂടുതൽ ഒന്നും എനിക്കറിയില്ല. ദൃശ്യത്തിന്റെ അടുത്ത ഭാഗത്തെ പറ്റി എന്തോ സൂചനകളൊക്കെ ജീത്തു ഭായ് പറയുന്നുണ്ട്. ക്ലൈമാക്‌സ് എന്തോ കിട്ടിയെന്ന് പറയുന്നുണ്ട്. അങ്ങനെ ഉണ്ടാവട്ടെ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. ഒരിക്കൽ കൂടി ആ കോമ്പിനേഷനിൽ അഭിനയിക്കാൻ പറ്റിയാൽ അത് എന്റെ ഭാഗ്യമാണ്.' ഷാജോൺ പറയുന്നു.
അതേസമയം ദൃശ്യം 2 ഹിന്ദിയുടെ സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പതക്കും സഹ രചയിതാക്കളും മൂന്നാം ഭാഗത്തിന്റെ ആശയം ജീത്തു ജോസഫിന് മുന്നില്‍ അവതരിപ്പിച്ചുവെന്ന നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അഭിഷേക് പതക്ക് അവതരിപ്പിച്ച ആശയം ജീത്തുവിന് ഇഷ്‌ടമായെന്നും ഇതിനെ മുന്‍നിര്‍ത്തി അദ്ദേഹം ചിത്രത്തിന്റെ തിരക്കഥ രൂപപ്പെടുത്തുകയാണെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ അടുത്തിടെ ദൃശ്യം മൂന്നാം ഭാഗത്തെ കുറിച്ചുള്ള അപ്‌ഡേറ്റ് ജീത്തു ജോസഫ് തന്നെ പുറത്തുവിട്ടിരുന്നു. മൂന്നാം ഭാഗത്തിന്റെ ക്ലൈമാക്‌സ് ലാലേട്ടനോട് പങ്കുവെച്ചെന്നും അതുമായി മുന്നോട്ട് പോവാനാണ് പറഞ്ഞതെന്നും ജീത്തു ജോസഫ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications