പിറന്നാളുകാരി ദീപിക ചില്ലറക്കാരിയല്ല, 2024ല്‍ 1050 കോടിയുടെ പ്രൊജക്ടുകള്‍ കൈയ്യില്‍; പ്രതിഫലം ഇത്ര
ബോളിവുഡിന്റെ സ്‌മൈലിംഗ് ബ്യൂട്ടി ദീപിക പദുക്കോണിന്റെ 38ാം പിറന്നാളാണ് ഇന്ന്. ബി ടൗണ്‍ മൊത്തം നടിക്ക് പിറന്നാളാശംസ നേരുകയാണ്. എന്നാല്‍ 2023ല്‍ ബോളിവുഡില്‍ ഏറ്റവും മൂല്യമേറിയ നായിക ദീപികയാണെന്ന് എത്ര പേര്‍ക്കറിയാം. പത്താനിലൂടെ 1000 കോടി ക്ലബില്‍ കയറുന്ന ആദ്യ ബോളിവുഡ് നടിയായി ദീപിക മാറിയിരുന്നു.
തൊട്ടുപിന്നാലെ വന്ന ജവാനിലും തകര്‍പ്പന്‍ പ്രകടനത്തിലൂടെ വീണ്ടും നേട്ടം. മൊത്തം രണ്ടായിരത്തിലേറെ കോടിയുടെ ബിസിനസാണ് നടിയുടെ ചിത്രങ്ങള്‍ നടത്തിയത്. ഷാരൂഖ് ഖാന്റെ ഭാഗ്യനായികയെന്ന വിശേഷണവും ദീപികയ്ക്കുണ്ട്. ഓം ശാന്തി ഓം മുതല്‍ ജവാന്‍ വരെ എല്ലാം മെഗാ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളാണ്.

അതേസമയം ദീപിക 2024ലും ബോളിവുഡ് ഭരിക്കുമെന്ന് ഉറപ്പാണ്. ഈ വര്‍ഷം മൂന്ന് വമ്പന്‍ ചിത്രങ്ങളാണ് ദീപികയുടേതായി പുറത്തിറങ്ങാനുള്ളത്. ഷാരൂഖിനെയും, സല്‍മാന്‍ ഖാനെയും ബിസിനസില്‍ ദീപിക 2024ല്‍ പിന്നിലാക്കുമെന്ന് ഉറപ്പാണ്. ഈ വര്‍ഷം ആദ്യം ദീപികയുടേതായി എത്തുന്നത് ഫൈറ്ററാണ്. ഹൃതിക് റോഷനൊപ്പം ആദ്യമായി ദീപിക സ്‌ക്രീന്‍ പങ്കിടുന്ന ചിത്രമാണിത്.
250 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. രണ്ടാമത്തെ ചിത്രം സിംഗം എഗെയിനാണ്. ഇതില്‍ ലേഡി സിംഗമായിട്ടാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്. രോഹിത് ഷെട്ടിയും പോലീസ് യൂണിവേഴ്‌സ് ചിത്രത്തില്‍ ആദ്യമായി ഒരു വനിത പോലീസ് താരം എത്തുകയാണ്. ദീപികയ്ക്കാണ് ആ ഭാഗ്യം ലഭിച്ചിരിക്കുന്നത്.
അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, ടൈഗര്‍ ഷ്‌റോഫ് എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ ചിത്രത്തിലുണ്ട്. 200 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഈ വര്‍ഷം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി റിലീസാവുന്ന കല്‍ക്കി എഡിയാണ് മറ്റൊരു ദീപിക ചിത്രം.ഇതില്‍ പ്രഭാസിനൊപ്പമാണ് നടി വേഷമിടുന്നത്.
ഈ വര്‍ഷം ജനുവരി 12ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ റിലീസ് നീട്ടുകയായിരുന്നു. 60 കോടിയാണ് ഈ ചിത്രത്തിന്റെ ബജറ്റ്. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ റിലീസുണ്ടാവും. മൂന്ന് മൂന്ന് പ്രൊജക്ടുകള്‍ ചേരുമ്പോള്‍ 1050 കോടിയുടെ ചിത്രങ്ങളാണ് ദീപികയ്ക്ക് ലഭിക്കുക. മറ്റൊരു നടിക്കും ഈ നേട്ടം സ്വപ്‌നം കാണാനാവില്ല.
അതേസമയം ദീപികയുടെ പ്രതിഫലം 15 കോടിക്കും മുപ്പത് കോടിക്കും ഇടയിലാണ്. ജവാനില്‍ നടി പ്രതിഫലമൊന്നും വാങ്ങാതെയാണ് അഭിനയിച്ചത്. ഫൈറ്ററില്‍ ദീപിക 20 കോടി പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആസ്തിയിലും ദീപിക വളരെ മുന്നിലാണ്. 500 കോടിയാണ് നടിയുടെ ആസ്തി. ബോളിവുഡിലെ സമ്പന്നയായ നടിമാരില്‍ ഒരാളാണ് അവര്‍.
2016-17 കാലയളവില്‍ പത്ത് കോടിയാണ് നടി നികുതിയായി അടച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി അടച്ച നടിമാരുടെ പട്ടികയില്‍ ദീപിക മാത്രമാണ് ഉണ്ടായിരുന്നത്. 2019ല്‍ 48 കോടിയായിരുന്നു ദീപികയുടെ വരുമാനം. പരസ്യങ്ങള്‍ക്കായി 8 കോടിയും നടി വാങ്ങുന്നുണ്ട്.












Click it and Unblock the Notifications