'കമൽ ഹാസന് ജീവിതത്തിൽ ഒരു മൂല്യങ്ങളുമില്ല, വഴങ്ങാത്തതിന് ആ നടിയുടെ മുഖത്തടിച്ചു'; സുനിൽ പരമേശ്വരൻ
മലയാള സിനിമയുടെ കാരണവർ എന്ന വിശേഷണം സ്വന്തമായുള്ള വ്യക്തിയാണ് മധു. മാധവൻ നായർ എന്ന മധു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും സീനിയർ ആയ സൂപ്പർ സ്‌റ്റാറും അതിലുപരി സിനിമയുടെ സകല മേഖലകളിലും തന്റെ കഴിവ് തെളിയിച്ച വ്യക്തിത്വവുമാണ്. ഇപ്പോൾ അഭിനയത്തിൽ സജീവമല്ലെങ്കിൽ പോലും പുതിയ സിനിമകളെ കൃത്യമായി പിന്തുടരുന്ന അദ്ദേഹം പല കാര്യങ്ങളിലും സ്വന്തം അഭിപ്രായം തുറന്ന് പറയുകയും ചെയ്യുന്ന ആളാണ്.
അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ തൊണ്ണൂറ്റിരണ്ടാം പിറന്നാൾ ആഘോഷിച്ചത്. അതിനിടയിൽ ഗായകൻ ജി വേണുഗോപാൽ അദ്ദേഹത്തെ കുറിച്ച് പങ്കുവച്ച ഒരു കുറിപ്പ് വലിയ രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായിരുന്നു. ഇതിൽ വേണുഗോപാലിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്. മധു സാർ ഇപ്പോൾ കഴിയുന്ന ചുറ്റുപാടും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒക്കെയായിരുന്നു അതിൽ പറഞ്ഞിരുന്നത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കാന്തല്ലൂർ സ്വാമി എന്ന പേരിൽ പ്രശസ്‌തനായ സുനിൽ പരമേശ്വരൻ. മധു സാറിനെ കുറിച്ചുള്ള ആ കുറിപ്പ് വായിച്ചപ്പോൾ താൻ ശരിക്കും ഞെട്ടിപ്പോയെന്നാണ് സുനിൽ പരമേശ്വരൻ പറയുന്നത്. കമൽ ഹാസനെ കുറിച്ചും അദ്ദേഹം ചില വെളിപ്പെടുത്തലുകൾ നടത്തി, കമലിന് ജീവിതത്തിൽ ഒരു മൂല്യവും ഇല്ലെന്നായിരുന്നു സുനിൽ പറഞ്ഞത്. ഡിഎൻഎ മലയാളം ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സുനിൽ പരമേശ്വരന്റെ വാക്കുകൾ
മധു സാറിനെ കുറിച്ച് ഒരു വിവാദമുണ്ടായി. മധു സാർ അനാഥനാണെന്നും അദ്ദേഹം ദാരിദ്ര്യത്തിൽ ആണെന്നും ഒരു കലാകാരൻ എഴുതുകയും ലോകത്തെ അറിയിക്കുകയും ചെയ്‌തപ്പോൾ ഞാൻ ഞെട്ടിപ്പോയി എന്നുള്ളതാണ് സത്യം. ഈ ലോകത്ത് എനിക്ക് മാനസികമായി വളരെ അധികം അടുപ്പമുള്ള വ്യക്തിയാണ് അദ്ദേഹം, ഇപ്പൊ കാണാൻ പോയിട്ടില്ലെങ്കിൽ പോലും. നല്ല ചെറുപ്പകാലത്ത് ഞാൻ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്‌തിട്ടുണ്ട്.
വൈകുന്നേരങ്ങളിൽ ഒരുപാട് സിനിമകൾ ഷൂട്ട് ചെയ്‌ത പുളിയറക്കോണത്തെ സ്ഥലത്ത് പോയി ഞാൻ ഇരുന്നിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ഇരിക്കുന്ന ഓരോ നിമിഷവും ഓരോ തമാശകളും കാര്യങ്ങളും ഒക്കെ പറയുമായിരുന്നു. മധു സാറിന്റെ മനസ് ആ ശരീരം പോലെ വലിയതായിരുന്നു. അദ്ദേഹത്തിന്റെ ഉമാ സ്‌റ്റുഡിയോയിൽ രാഷ്ട്രീയക്കാർക്ക് പ്രവേശനമില്ല എന്ന് എഴുതിയിരുന്നു. അന്ന് കോൺഗ്രസ് പ്രവർത്തകർ ഭീകരമായ പ്രശ്‌നങ്ങളുണ്ടാക്കി.
മധു സാറിന്റെ ഹൃദയം തകരുകയില്ല. സിനിമയിൽ പോലും ആരെയെങ്കിലും കൊല്ലാൻ മടിയുള്ള ആളാണ് അദ്ദേഹം. ആ അദ്ദേഹത്തെ കുറിച്ചാണ് അനാവശ്യം പറഞ്ഞത്, അദ്ദേഹത്തിന്റെ കുടുംബത്തെ പറ്റി മോശം പറഞ്ഞത്. ഒരു കളങ്കവും മനസിൽ ഇല്ലാത്ത ആളാണ് മധു സാർ. ശ്രീവിദ്യയെ വിവാഹം ചെയ്‌താൽ ദോഷമാണെന്ന് അന്ന് ജോർജ് തോമസിനോട് പറഞ്ഞതാണ്. അദ്ദേഹം മരിച്ചപ്പോൾ അന്ന് കമൽ ഹാസനും മധു സാറും പോയി നോക്കി നിന്നു.
മരിച്ചവരെ സ്‌മരിക്കാത്ത ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ഒരു നിമിഷം കൊണ്ട് മറന്നുപോകും. കമൽ ഹാസനെ കുറിച്ച് പറഞ്ഞാൽ അദ്ദേഹത്തിന് മനുഷ്യ ബന്ധങ്ങളോ മൂല്യങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു. പക്ഷേ, ശ്രീവിദ്യയെ വിവാഹം ചെയ്യണമെന്നും കുടുംബജീവിതം നയിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അഭിനയിക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ കാര്യം.
അയാളുടെ ഒരു കഥ ഞാൻ കേട്ടിട്ടുണ്ട് കമൽ ഹാസന്റെ. തേവർ മകൻ ആണെന്ന് തോന്നുന്നു, അങ്ങനെ ഏതോ സിനിമയുടെ സമയത്ത് നമ്മുടെ കാർത്തിക എന്ന് പറയുന്ന നല്ലൊരു നടിയുണ്ടായിരുന്നു. ബാലചന്ദ്രമേനോൻ കൊണ്ട് വന്നതാണ്. അയാളുടെ ഇഷ്‌ടങ്ങൾക്ക് നിന്ന് കൊടുക്കാത്തത് കൊണ്ട് കൈ ഉയർത്തി ഒറ്റ അടിയങ്ങ് കൊടുത്തു, അവരുടെ കണ്ണിൽ നിന്ന് പൊന്നീച്ച പറന്നുപോയി. ഇതുപോലെയുള്ള ആളുകൾക്ക് ഇടയിലാണ് മധു സാറിനെ പോലെ ഉള്ള നല്ല മനുഷ്യർ ഉള്ളത്.












Click it and Unblock the Notifications