'കേരളം എന്റെ വീടാണ്, ആ നന്ദി കാണിക്കുന്നത് ഒരിക്കലും പബ്ലിസിറ്റിക്ക് വേണ്ടിയല്ല'; കമൽ ഹാസൻ
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടനാണ് കമൽ ഹാസൻ. കരിയറിന്റെ തുടക്കകാലത്ത് മലയാളത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന് ഒട്ടേറെ നല്ല വേഷങ്ങൾ ലഭിച്ചത്. അതും മലയാളത്തിലെ ഇതിഹാസ തുല്യരായി നടൻമാർക്കും സംവിധായകർക്കും ഒപ്പം പ്രവർത്തിക്കാനും കമൽ ഹാസന് ഭാഗ്യം ലഭിച്ചിരുന്നു. ഒരു ബാലതാരമായി തുടങ്ങിയ കമലിനെ നായകസ്ഥാനത്തേക്ക് കൊണ്ട് എത്തിച്ചത് മലയാള സിനിമയായിരുന്നു, അത് അദ്ദേഹം എന്നും ഓർത്തിരുന്നു.
കേരളത്തോടും മലയാളികളോടും തനിക്കുള്ള സ്നേഹം ഒരിക്കലും കമൽ ഹാസൻ മറച്ചുവെച്ചിരുന്നില്ല. പല അഭിമുഖങ്ങളിലും അദ്ദേഹം അത് എടുത്തുപറഞ്ഞിരുന്നു. മലയാളത്തിലെ നടന്മാരുമായുള്ള ഓർമ്മകളും അദ്ദേഹം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനായി കേരളത്തിൽ എത്തിയ കമൽ ഹാസൻ ഒരിക്കൽ കൂടി ആ ഇഷ്‌ടം വെളിപ്പെടുത്തുകയാണ്.

കേരളം തന്റെ വീടാണെന്നും ഒരിക്കലും മറക്കാനാവാത്ത ഒരുപാട് സൗഹൃദങ്ങൾ ഇവിടെയാണ് തനിക്ക് ഉണ്ടായിരുന്നതെന്നും കമൽ ഹാസൻ പറഞ്ഞു. എംജി സോമൻ അടക്കമുള്ള താരങ്ങളുമായുള്ള സൗഹൃദത്തെ കുറിച്ചും അദ്ദേഹം മനസ് തുറന്നു. മണിരത്നം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കമൽ ഹസനുമായി ഒന്നിക്കുന്ന തഗ് ലൈഫ് ജൂൺ അഞ്ചിനാണ് തിയേറ്ററുകളിൽ എത്തുന്നത്. ഇതിന്റെ പ്രചാരണാ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ സംസാരിച്ചത്.
കമൽ ഹാസന്റെ വാക്കുകൾ
എല്ലാവർക്കും നമസ്‌കാരം. കേരളത്തിൽ വരുമ്പോൾ എപ്പോഴും ഞാൻ വളരെ സന്തോഷവാനാണ്. നിങ്ങളിൽ ചിലർ വിചാരിക്കും ഇത് കേരളത്തിൽ വരുമ്പോൾ എല്ലായ്പോഴും ഞാൻ പറയുമെന്ന്. ഞാനിത് തമിഴ്‌നാട്ടിൽ നിന്ന് പറയും, ആന്ധ്രയിൽ നിന്നും പറയും. അനുപമ ചോപ്രയുടെ ഇന്റർവ്യൂവിലും പറയും. ഞാൻ ഹീറോ ആയിട്ട് ജനിച്ച ഭൂമിയാണ് ഇത്. കേരളം എന്റെ വീടാണ്. സ്വന്തം വീട്ടിൽ തിരിച്ചുവരുന്ന ഒരു പ്രതീതിയാണ് എനിക്ക്.
റിലാക്‌സ് ചെയ്യാൻ ഞാൻ തിരഞ്ഞെടുക്കുന്ന ഇടമാണ് ഇത്. ഞാനൊരു അവിശ്വാസിയാണ് എന്നിട്ടും ഈ ദേശത്തെ ഞാൻ സ്നേഹിക്കുന്നു. സിനിമയുടെ തുടക്കകാലത്ത് എന്റെ നല്ല സുഹൃത്തുക്കൾ എല്ലാവരും ഇവിടെ നിന്നായിരുന്നു. സഹോദരനെ പോലെയൊരു എംജി സോമനും അങ്ങനെ എത്രയോ പേർ. എന്റെ ചിന്തയിൽ എപ്പോഴും ഉള്ള കാര്യങ്ങളാണ് അതൊക്കെ.
ഇവിടെയാണ് എനിക്ക് എല്ലാം, ഞാൻ വളർന്നത് ഇവിടെയാണ്. ആ നന്ദി കാണിക്കുന്നത് ഒരിക്കലും പബ്ലിസിറ്റിക്ക് വേണ്ടിയല്ല. വളരെ നല്ല ഒരുപാട് ശീലങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട്. ഇന്ന് ഞാൻ വളരെ സന്തോഷവാനാണ്. ഇന്നും നിങ്ങൾ ഓർക്കുന്നു. സിനിമയ്ക്ക് ഭാഷ ഇല്ലെന്നാണ് പറയാറുള്ളത്. എന്നാലും എനിക്ക് മലയാളത്തിൽ ഒരു ചിത്രം ചെയ്യണം.
അതേസമയം. സൂപ്പർതാരം കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രമായ തഗ് ലൈഫ് അടുത്ത മാസം അഞ്ചിനാണ് പ്രദർശനത്തിന് എത്തുക. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ഇത് നേടിയിരിക്കുന്നത്. 36 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. അവസാനം ഒന്നിച്ചത് നായകൻ എന്ന കൾട്ട് ക്ലാസിക് ചിത്രത്തിന് വേണ്ടിയായിരുന്നു.
എആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്‌മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്‌ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.












Click it and Unblock the Notifications