15 വർഷത്തെ പ്രണയം, ഒടുവിൽ ആനന്ദക്കണ്ണീർ; നടി കീർത്തി സുരേഷ് വിവാഹിതയായി, സാക്ഷിയായി ദളപതി വിജയ്
തെന്നിന്ത്യൻ സിനിമയിലെ തിളങ്ങുന്ന താരമായ കീർത്തി സുരേഷ് വിവാഹിതയായി. ആന്റണി തട്ടിലാണ് വരൻ. പതിനാല് വർഷത്തെ അടുപ്പത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. ഗോവയിൽ ഒരു റിസോർട്ടിൽ വച്ചായിരുന്നു എല്ലാ ആഡംബരങ്ങളോടും കൂടിയ വിവാഹം നടന്നത്. വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കീർത്തി സുരേഷ് തന്നെയാണ് പങ്കുവച്ചത്. ഹിന്ദു മതാചാരപ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഗോൾഡൻ-ഗ്രീൻ സാരിയിലാണ് കീർത്തി സുരേഷ് വിവാഹദിനത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇതിന് പുറമേ ചുവന്ന സാരിയിലുള്ള മറ്റൊരു ചിത്രവും കീർത്തി തന്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. കീർത്തിയുടെയും ആന്റണിയുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഉൾപ്പെട ഗോവയിൽ വച്ചു നടന്ന ചടങ്ങിൽ പങ്കെടുത്തു.

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർതാരങ്ങളിൽ ഒരാളും അടുത്തിടെ രാഷ്ട്രീയ പ്രവേശനം നടത്തുകയും ചെയ്‌ത ദളപതി വിജയ് ചടങ്ങുകൾ സാക്ഷിയാവാൻ ഗോവയിൽ എത്തിയിരുന്നു. റിസോർട്ടിലെ സുരക്ഷാ ജീവനക്കാർക്ക് ഒപ്പമുള്ള വിജയുടെ ചിത്രങ്ങൾ നേരത്തെ വലിയ രീതിയിൽ വൈറലായിരുന്നു. വിജയ്ക്ക് പുറമേ മറ്റ് പ്രധാന സിനിമ താരങ്ങൾ ആരെങ്കിലും ചടങ്ങിൽ പങ്കെടുത്തോ എന്ന കാര്യം വ്യക്തമല്ല.
പിതാവും മലയാളത്തിലെ പ്രമുഖ നിർമ്മാതാവുമായ ജി സുരേഷ് കുമാറിനെയും മാതാവ് മേനകയെയും ചിത്രങ്ങളിൽ കാണാം. സിനിമയിൽ വന്നിട്ട് 11 വർഷങ്ങൾ മാത്രമായിട്ടുള്ള കീർത്തി സുരേഷ് അതിന് മുൻപ് തന്നെ ആന്റണിയുമായി അടുപ്പത്തിലായിരുന്നു. 15 വർഷത്തോളമായി ഇരുവരും പ്രണയത്തിൽ ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നേരത്തെ ആന്റണി തട്ടിലുമായുള്ള വിവാഹത്തെ കുറിച്ചുള്ള വിവരം കീർത്തി തന്നെ പങ്കുവച്ചിരുന്നു. ഇതോടെ ആരാധകർ വലിയ അമ്പരപ്പാണ് പ്രകടിപ്പിച്ചത്. തന്റെ സ്വകാര്യ ജീവിതം എപ്പോഴും രഹസ്യമാക്കി നിർത്തിയിട്ടുള്ള കീർത്തി ആന്റണിയുമായുള്ള ബന്ധത്തെ കുറിച്ചോ തന്റെ പ്രണയത്തെ കുറിച്ചോ യാതൊരു സൂചന പോലും ഇതുവരെ എവിടെയും നൽകിയിരുന്നില്ല.
കൊച്ചി സ്വദേശിയായി ആന്റണി ഗൾഫിലാണ് ജോലി ചെയ്യുന്നത്, എഞ്ചിനീയറായ അദ്ദേഹം നിലവിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. ഇരുവരും പഠനകാലത്ത് തന്നെ സുഹൃത്തുക്കളായിരുന്നു. തുടർന്നാണ് വിവാഹത്തിലേക്ക് എത്തിയത്. ജി സുരേഷ് കുമാറിന്റെയും മേനകളുടെയും മകളായ കീർത്തി സുരേഷ് പ്രിയദർശൻ സംവിധാനം ചെയ്‌ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നത്.
നായികയായി സിനിമയിൽ അരങ്ങേറുന്നത് മുൻപ് തന്നെ ബാലതാരമായും കീർത്തി ശോഭിച്ചിരുന്നു. കുബേരൻ, പൈലറ്റ്സ് എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചത്. ഗീതാഞ്ജലിക്ക് ശേഷം മലയാളത്തിൽ മാത്രമല്ല തെലുഗു, തമിഴ് ഭാഷകളിലേക്ക് കൂടി കീർത്തി തന്റെ അഭിനയമേഖല വ്യാപിപ്പിച്ചിരുന്നു. ഇതോടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളായി കീർത്തി മാറുകയും ചെയ്‌തു.
കീർത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം ബേബി ജോൺ റിലീസിന് ഒരുങ്ങുകയാണ്. ഇത് എന്ന മായം എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച കീർത്തി സുരേഷ് വിജയ്, സൂര്യ, ശിവകാർത്തികേയൻ എന്നിങ്ങനെ മുൻനിര താരങ്ങളുടെ നായികയായി അഭിനയിച്ചിരുന്നു. തുടർന്ന് 2018ൽ പുറത്തിറങ്ങിയ മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരം നേടിയിരുന്നു.












Click it and Unblock the Notifications