ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണം, ഡോക്ടറുടെ കൊലപാതകത്തില്‍ കെഎസ് ചിത്ര
കൊച്ചി: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ഗായിക കെഎസ് ചിത്ര. ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തേക്കാള്‍ ഭീകരമായ കുറ്റകൃത്യമാണിതെന്നും ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണമെന്നും ചിത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
രാജ്യമാകെ കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് പ്രതികരണവുമായി ചിത്ര രംഗത്തെത്തിയത്. കേസ് നേരത്തെ സിബിഐ ഏറ്റെടുത്തിരുന്നു. എന്നാല്‍ കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായിട്ടില്ല. കൂടുതല്‍ പ്രതികളെ ഇതുവരെ പിടിക്കാനായിട്ടില്ല.

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ ആശുപത്രിക്ക് ഉള്ളില്‍ ഒരു വനിതാ ഡോക്ടറെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവവും, തെളിവ് നശിപ്പിക്കാനുള്ള തുടര്‍ ശ്രമങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ കേട്ട് ഞാന്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഓരോ ഇന്ത്യക്കാരനും ലജ്ജിച്ച് മുഖം താഴ്ത്തണം.
ഡല്‍ഹിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന നിര്‍ഭയ സംഭവത്തേക്കാള്‍ ഭീകരമാണ് ഈ കുറ്റകൃത്യം. അന്വേഷണങ്ങള്‍ നേരിട്ട് നിരീക്ഷിക്കാനും സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഞാന്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. പരേതയായ ആത്മാവിന് വേണ്ടി തലകുമ്പിട്ട് പ്രാര്‍ഥിക്കുകയാണെന്നും ചിത്ര സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അതേസമയം നേരത്തെ നിരവധി സെലിബ്രിറ്റികള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. മറ്റൊരു ക്രൂരമായ ബലാത്സംഗം, സ്ത്രീകള്‍ ഇന്ത്യയില്‍ മാത്രമല്ല ഒരിടത്തും സുരക്ഷിതരല്ലെന്നും ആലിയ ഭട്ട് നേരത്തെ കുറിച്ചിരുന്നു. നിര്‍ഭയ സംഭവം നടന്ന് ഒരു ദശാബ്ദം പിന്നിട്ടിട്ടും യാതൊന്നും മാറിയിട്ടില്ലെന്നും ആലിയ പറഞ്ഞു.
നടന്‍ വിജയ് വര്‍മയും സംഭവത്തില്‍ പ്രതികരിച്ചിരുന്നു. നമ്മളെ രക്ഷിക്കുന്ന ഡോക്ടര്‍മാരെ എങ്കിലും ദയവായി രക്ഷിക്കൂ. ഡോക്ടര്‍മാര്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഇപ്പോഴെങ്കിലും ശ്രദ്ധ നല്‍കണമെന്നും വിജയ് വര്‍മ ആവശ്യപ്പെട്ടു.
സ്ത്രീകളുടെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് നടന്‍ വീര്‍ ദാസ് പറഞ്ഞു. തീര്‍ത്തും പൈശാചികമായ സംഭവമാണിത്. പ്രതിയെ തൂക്കികൊല്ലണമെന്നും നടി പരിനീത ചോപ്ര ആവശ്യപ്പെട്ടു.നടന്‍ ജോണ്‍ എബ്രഹാമിന്റെ പ്രതികരണവും വൈറലായിട്ടുണ്ട്.
ഇന്ത്യയില്‍ സ്ത്രീകളും, കുട്ടികളും, മൃഗങ്ങളും ഒട്ടും സുരക്ഷിതരല്ലെന്ന് ജോണ്‍ എബ്രഹം പറഞ്ഞു. ഇന്ത്യയിലെ പുരുഷന്‍മാര്‍ സ്ത്രീകളെ എങ്ങനെ നോക്കി കാണണമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അവരെ എങ്ങനെ സംരക്ഷിക്കാമെന്ന് പുരുഷന്‍മാര്‍ മനസ്സിലാക്കണമെന്നും ജോണ്‍ പറഞ്ഞു.
ക്രിക്കറ്റര്‍ സൂര്യകുമാര്‍ യാദവും സോഷ്യല്‍ മീഡിയയില്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. നിങ്ങളുടെ മകനെയും, സഹോദരന്‍മാരെയും, പിതാവിനെയും ഭര്‍ത്താവിനെയും സുഹൃത്തുക്കളെയും സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കണമെന്നാണ് സൂര്യകുമാര്‍ യാദവ് ടെലഗ്രാമില്‍ കുറിച്ചത്.












Click it and Unblock the Notifications