വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ലക്ഷ്‌മി ഗോപാലസ്വാമി; 'അമ്മയാകുന്നത് ഉത്തരവാദിത്തം'
മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്‌ട നായികയാണ് ലക്ഷ്‌മി ഗോപാലസ്വാമി. രണ്ടായിരത്തിന്റെ തുടക്കത്തിൽ ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ കടന്നുവന്ന അവർ എല്ലാവരുടെയും മനസ്സിൽ ചിരപ്രതിഷ്‌ഠ നേടുകയായിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങൾ, അരയന്നങ്ങളുടെ വീട്, ഇവിടം സ്വർഗമാണ് എന്നിങ്ങനെ എത്രയോ സിനിമകളിൽ അവർ നായികാ വേഷത്തിൽ എത്തുകയുണ്ടായി. അവയിൽ പലതും സൂപ്പർ ഹിറ്റുമായിരുന്നു.
അഭിനയത്തിനൊപ്പം തന്നെ നൃത്തത്തിലും മികവ് തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ലക്ഷ്‌മി ഗോപാലസ്വാമി. ഒട്ടേറെ നൃത്ത പരിപാടികളിൽ അവർ പങ്കെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇപ്പോഴും അഭിനയരംഗത്ത് തന്നെയുണ്ടെങ്കിലും അവർ അത്ര സജീവമല്ല. എന്നാൽ ഇതുവരെയും താരം വിവാഹം കഴിക്കാത്തത് എന്താണെന്ന് ആരാധകർ എപ്പോഴും ചോദിക്കാറുണ്ട്. ഇപ്പോഴിതാ അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ലക്ഷ്‌മി ഗോപാലസ്വാമി.

ലക്ഷ്‌മി ഗോപാലസ്വാമിയുടെ വാക്കുകൾ
സത്യം പറഞ്ഞാൽ എനിക്ക് കല്യാണം എന്ന ആഗ്രഹം ഒരിക്കലും ഉണ്ടായിരുന്നില്ല. മാതൃത്വം നല്ലൊരു കാര്യമാണ്. പക്ഷേ എനിക്ക് അതിന് താൽപര്യം തോന്നിയിട്ടില്ല. കൊറേ അമ്മമാർ രാവിലെ സ്‌കൂളിൽ പോവാൻ നിൽക്കുന്ന കുട്ടിക്ക് വലിയ ബാഗ് ഒക്കെ ഇട്ട് കൊടുക്കുന്നത് കാണുമ്പോൾ ഞാൻ വിചാരിക്കാറുണ്ട്, ഇത് എത്ര വലിയ കാര്യമാണെന്ന്. ശരിക്കും അമ്മ ആവുക എന്ന് പറയുന്നത് ഒരു ചെറിയ കാര്യമൊന്നുമല്ല, ഭയങ്കര പാടാണ് അത്.
എന്റെ അമ്മ എപ്പോഴും എന്നെക്കുറിച്ച് ആലോചിച്ചു വേവലാതിപ്പെടാറുണ്ട്. എനിക്കങ്ങനെ മാതൃത്വത്തിന്റെ തോന്നൽ ഒന്നും ഉണ്ടായിട്ടില്ല. ചില സ്ത്രീകൾക്ക് അതെപ്പോഴും ഒരു ആഗ്രഹമാണ്. നമ്മുടെ സ്വന്തം ഒരു ഫാമിലി ഉണ്ടാക്കണമെന്നും കുട്ടികളെ ഉണ്ടാക്കണമെന്നുമൊക്കെ ചില സ്ത്രീകൾക്ക് എപ്പോഴും ആഗ്രഹം തോന്നാറുണ്ട്. എനിക്ക് ഒരുകാലത്തും അങ്ങനെയൊരു തോന്നൽ ഉണ്ടായിട്ടില്ലെന്നതാണ് സത്യം.
എന്റെ ഒരുപാട് ഫ്രണ്ട്സ് സിംഗിൾ ആണ്. കല്യാണം കഴിക്കാതെ ഇപ്പോഴും സിംഗിൾ ആയി ജീവിക്കുന്നവർ ഒരുപാട് പേരുണ്ട്. കുട്ടികളെ ഒക്കെ എനിക്ക് വളരെയധികം ഇഷ്‌ടമാണ്. എന്നാൽ അത് പ്രത്യേക ഉത്തരവാദിത്തമാണ്. എനിക്കെന്തോ അതിനോട് ഒരു പേടിയാണ്. ചിലപ്പോഴൊക്കെ ഒറ്റയ്ക്കായിപ്പോയി എന്ന് തോന്നാറുണ്ട്. പക്ഷേ ഞാൻ വിശ്വസിക്കുന്നത് എല്ലാത്തിനുമുള്ള പരിഹാരം നമ്മളിൽ തന്നെയുണ്ടെന്നാണ്.
പങ്കാളി ഒക്കെ ഉണ്ടെങ്കിൽ കൊറേ കൂടി കാര്യങ്ങൾ ചെയ്യാമെന്ന് തോന്നിയിട്ടുണ്ട്. പക്ഷെ അത് എപ്പോഴും നമുക്ക് പറ്റിയ ആളാണ്. ഇപ്പോഴത്തെ കാലത്ത് സ്ത്രീകൾക്ക് ട്രാവൽ ഗ്രൂപ്പുകളുണ്ട്, നമുക്ക് ആളുകളുമായി ബന്ധപ്പെടാനും മറ്റും സോഷ്യൽ മീഡിയ പോലെ ഒട്ടേറെ അവസരങ്ങളുണ്ട്. ഒരു ടൈപ്പ് ബന്ധം തന്നെ ഇതിനൊക്കെ വേണമെന്ന് പറയുന്നതിൽ അർത്ഥമില്ല.
കേരളീയ വിഭവങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്‌ടം അവിയലും പായസവുമൊക്കെയാണ്. ബേസിക്കലി എനിക്ക് പാചകം ഒട്ടും വശമില്ല. ക്‌ളീനിംഗ് ആണ് എനിക്ക് വശമുള്ളത്. പാചകത്തോട് ഒക്കെ ഒരു പാഷൻ ഉണ്ടെങ്കിൽ മാത്രമേ അതുകൊണ്ട് കാര്യമുള്ളൂ. ഞാൻ ഓർഡർ ചെയ്‌തു കഴിക്കാറ് മാത്രമേ ഉള്ളൂ. ഉണ്ടാക്കുന്നത് എനിക്ക് ഒട്ടും അറിയില്ല.












Click it and Unblock the Notifications