'ഹണി റോസിനെ എന്തിനാണ് കുറ്റം പറയുന്നത്? അവർ ആരെയും വഴി തെറ്റിച്ചിട്ടില്ലല്ലോ..'' ചോദ്യവുമായി എംഎ നിഷാദ്
അടുത്തിടെ കേരളത്തിനെ പിടിച്ചുകുലുക്കിയ സംഭവങ്ങളിൽ ഒന്നായിരുന്നു ഹണി റോസ്-ബോബി ചെമ്മണ്ണൂർ വിവാദം. പൊതുവേദിയിൽ വച്ച് ബോബി ചെമ്മണ്ണൂർ നടത്തിയ അപകീർത്തിപരമായ പരാമർശങ്ങളുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ പിന്നീട് വലിയ നിയമ പോരാട്ടം തന്നെയാണ് നടന്നത്. വിഷയവുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂർ ജയിലിൽ കിടക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ഈ വിവാദത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഹണി റോസിന്റെ വസ്ത്രധാരണമാണ്. ഹണിയുടെ വസ്‌ത്രധാരണ രീതിയെ വിമർശിച്ചു നിരവധി പേരാണ് രംഗത്ത് വന്നത്. രാഹുൽ ഈശ്വർ അടക്കമുള്ളവർ വ്യാപകമായ വിമർശനം ഉന്നയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം ഇതുമായി ബന്ധപ്പെട്ട ചില വാഗ്വാദങ്ങളും നടക്കുകയുണ്ടായി.

എന്നാൽ ഇപ്പോഴിതാ ഹണി റോസ് വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകൻ എംഎ നിഷാദ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് എംഎ നിഷാദിന്റെ പ്രതികരണം. ഹണി നിയമം അനുസരിച്ചുള്ള വസ്ത്രധാരണ രീതി മാത്രമാണ് പിന്തുടരുതെന്നും അതിന് അവരെ കുറ്റം പറയാൻ പറ്റില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. സിനിമയിലെ റിവ്യൂ രീതികളെ കുറിച്ചും അദ്ദേഹം മനസ് തുറക്കുകയുണ്ടായി.
എംഎ നിഷാദിന്റെ വാക്കുകൾ
ഞാൻ പകൽ സിനിമ ചെയ്യുമ്പോൾ അന്ന് ഹണി റോസ് അഭിനയിക്കാൻ വന്നിരുന്നു. അവർ വളരെ കഷ്‌ടപ്പെട്ടാണ് ഇവിടം വരെ എത്തിയത്. ഇന്ത്യയിലെ നിയമം അനുസൃതമായ വസ്ത്രധാരണമാണ് അവർ നടത്തുന്നത്. അവരുടെ വസ്ത്രധാരണത്തെ ഇഷ്‌ടപ്പെടുന്ന വലിയൊരു വിഭാഗം ആളുകൾ ഇവിടെയുണ്ട്. അവരെ ആളാക്കുന്നതാണ് ആരാണ്? ഇവിടുത്തെ ജനങ്ങൾ അല്ലേ..
പിന്നെ അവരെ കുറ്റം പറയുന്നത് എന്തിനാണ്. എന്തിനാണ് ഹണി റോസിനെ കുറ്റം പറയുന്നത്. അവർ അവരുടെ ഇഷ്‌ടത്തിന് ജീവിക്കുന്നു. അവർ ആരെയും വഴിതെറ്റിച്ചിട്ടൊന്നുമില്ല. അവർ അവരുടെ രീതിയിൽ അവരുടെ ശരീരത്തിന്റെ സൗന്ദര്യം അവർക്ക് അറിയാം. അവർ അത് ഇന്ത്യയുടെ നിയമം അനുശാസിക്കുന്ന രീതിയിൽ, അത് വിചിത്രമാണോ അല്ലയോ എന്നത് എന്നോട് ചോദിക്കരുത്, ആ രീതിയിലാണ് അവർ വസ്‌ത്രം ധരിക്കുന്നത്.
അതിന് അവരെ തെറി വിളിക്കുകയും ബോഡി ഷെയിമിങ് ചെയ്യുകയും ചെയ്യേണ്ട കാര്യമില്ല. അത് അവരുടെ ഇഷ്‌ടമാണ്. നിങ്ങൾക്ക് താൽപര്യം ഇല്ലെങ്കിൽ അവരെ ഒഴിവാക്കി നിങ്ങൾക്ക് മുന്നോട്ട് പോകാവുന്നതാണ്. അത്രയേ ഉള്ളൂ കാര്യം. അതുപോലെ സിനിമയിലെ പെയ്‌ഡ് റിവ്യൂ ശരിയാണോ എന്ന് തോന്നിക്കുന്ന കാര്യങ്ങളാണ് സമീപ കാലത്തായി കാണുന്നത്.
എന്റെ കൈയിൽ തെളിവുകൾ ഒന്നുമില്ല. തെളിവില്ലാത്ത കാര്യത്തെ കുറിച്ച് എനിക്ക് പറയാൻ കഴിയില്ല. അത് തെളിയിക്കപ്പെടേണ്ടതാണ്. ജോജു ഒക്കെ കുറച്ചുകൂടി വയലന്റ് ആയി പ്രതികരിക്കുന്ന ആളാണ്. ഓരോരുത്തർ പ്രതികരിക്കുന്ന രീതി വ്യത്യസ്‌തമാണ്. വളരെ ബുദ്ധിമുട്ടായി തോന്നിയാൽ അത് ഞാൻ നിയമപരമായി നേരിടുകയാണ് ചെയ്യുക. ഫോണിൽ കൂടി വിളിച്ച് തെറി പറയേണ്ട കാര്യമില്ല.












Click it and Unblock the Notifications