'ഒന്നുമില്ലായ്‌മയിൽ നിന്ന് ലിസി കോടീശ്വരിയായി, എന്തിനാ അവരുടെ സമാധാനം കളയുന്നത് എന്ന് അവർ ചോദിച്ചു'; ശാന്തിവിള
മലയാള സിനിമയിൽ എൺപതുകളിൽ ശക്തമായ കഥാപാത്രങ്ങൾ ചെയ്‌ത താരങ്ങളിൽ ഒരാളായിരുന്നു ലിസി. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു അവർ. മോഹൻലാൽ-ലിസി താരജോഡി അന്ന് പ്രേക്ഷകരുടെ മനം കവർന്നതായിരുന്നു. ചിത്രം, താളവട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. പ്രിയദർശൻ ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്ന ലിസി പിന്നീട് അദ്ദേഹത്തിന്റെ ജീവിതത്തിലേക്കും പ്രവേശിച്ചു.
വിവാഹ ശേഷം സിനിമാ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന ലിസി പക്ഷേ ഇപ്പോഴും ബിസിനസിൽ സജീവമാണ്. ചെന്നൈയിൽ റെക്കോർഡിങ് സ്‌റ്റുഡിയോ ഉൾപ്പെടെ സ്വന്തമായി ഉള്ള വ്യക്തി കൂടിയാണ് ലിസി. കുറച്ച് വർഷങ്ങൾക്ക് മുൻപാണ് എല്ലാ പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് പ്രിയനും ലിസിയും പിരിയുകയാണ് എന്ന് പ്രഖ്യാപിച്ചത്.

ലിസിയുടെ മകളായ കല്യാണി പ്രിയദർശൻ സിനിമയിൽ തിളങ്ങുന്ന സമയം കൂടിയാണ് ഇത്. ഇപ്പോഴിതാ ലിസിയുമായി ബന്ധപ്പെട്ട വിശേഷം പങ്കുവയ്ക്കുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. അടുത്തിടെ താൻ ലിസിയെ വിളിച്ചിരുന്നുവെന്നും അവരുമായി സംസാരിക്കുമ്പോൾ കല്യാണി കാര്യത്തിൽ വാചാലയായി എന്നും ശാന്തിവിള കോറൽ ഗ്ലോബിലൂടെ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
രണ്ട് ദിവസം മുൻപ് ഞാൻ നമ്മുടെ സിനിമാ നായികാ താരം ലിസിയെ വിളിച്ചു. ചെറിയൊരു കാര്യം, ഒരു സംശയം ചോദിയ്ക്കാൻ വേണ്ടിയാണ് ഞാൻ അവരെ വിളിച്ചത്. കൃത്യമായിട്ട് അവർ അതിനുള്ള മറുപടിയും തന്നു. സംസാരത്തിന് ഇടയിൽ ലിസിയുടെ, പ്രിയദർശന്റെ മകൾ കല്യാണിയുടെ കാര്യത്തെപ്പറ്റി ഞാൻ സംസാരിച്ചു. ലോക എന്ന സിനിമയിലൂടെ കല്യാണി ഇപ്പോൾ കസറുകയാണല്ലോ. പ്രിയദർശന്റെ മകൾ, ലിസിയുടെ മകൾ എന്നിങ്ങനെയുള്ള പരിചയപ്പെടുത്തലുകൾ ഇനി കല്യാണിക്ക് വേണ്ടി വരില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ലിസിയുടെ സന്തോഷം കേൾക്കണമായിരുന്നു.
ഏതൊരു അമ്മയും സന്തോഷിക്കുന്നതിന്റെ പത്തിരട്ടി സന്തോഷം ലിസിയിൽ നിന്നുണ്ടായി. ഏതൊക്കെയോ ദൈവങ്ങളെ ലിസി വിളിക്കുന്നത് കേൾക്കുന്നുണ്ടായിരുന്നു. മലയാളി വേഷത്തിൽ മദ്രാസിലെ ഓണം ആഘോഷിച്ചതൊക്കെ സംസാരത്തിനിടയിൽ വന്നു. ഞാൻ പറഞ്ഞു ഓണം കലക്കി കേട്ടോ എന്ന്. അപ്പോൾ അതിനെ കുറിച്ചും ഒരുപാട് സംസാരിച്ചു. ഇപ്പോൾ ഇതൊക്കെ ഓർമ്മിപ്പിച്ചത് കല്യാണി പറഞ്ഞ ചില കാര്യങ്ങൾ കണ്ടപ്പോഴാണ്.
അമ്മയുടെ വിചാരം ഞാനാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പർ സ്‌റ്റാർ എന്നാണ്. ഇൻസ്‌റ്റഗ്രാമിലെ എന്റെ എല്ലാ ഫാൻ പേജുകളുടെ അടിയിലും ലിസി ലക്ഷ്‌മി ലൈക്ക് ചെയ്യുന്നത് കാണാം. അതായത് ലിസി ഹിന്ദു മതം സ്വീകരിച്ചപ്പോൾ പേര് മാറ്റിയിരുന്നു ലിസി ലക്ഷ്‌മി. അപ്പോൾ കല്യാണിയെ കുറിച്ച് എന്ത് വന്നാലും ലിസി അതിന്റെ താഴെ ലൈക്ക് ചെയ്യും. അതുകണ്ട കല്യാണി നേരിട്ട് ചോദിച്ചത്രേ എന്തിനാണ് എല്ലാ പോസ്‌റ്റിലും ലൈക്ക് ചെയ്യുന്നത് എന്ന്.
എന്റെ കൊച്ചിന്റെ ഫോട്ടോ ഞാൻ ലൈക്ക് ചെയ്‌തില്ലെങ്കിൽ വേറെയാര് ചെയ്യും എന്നാണ് ലിസി നിഷ്‌കളങ്കമായി ലിസി തിരിച്ചുചോദിച്ചു. ലിസിയോട് സംസാരിക്കുമ്പോൾ ഒക്കെ വീട്ടുകാര്യങ്ങളാണ് കൂടുതലും ചോദിക്കാറുള്ളത്. ഞങ്ങൾ ഇതുവരെയും ഒരു സിനിമയിലും സഹകരിച്ചിട്ടില്ല, മാത്രമല്ല ഒരിക്കൽ പോലും കണ്ടിട്ടുമില്ല. എന്നിട്ടും നല്ല അടുപ്പമാണ് കാത്തുസൂക്ഷിക്കുന്നത്.
ലിസിയോട് ഒരിക്കൽ ഞാൻ തുറന്ന് ചോദിച്ചു, ലിസിക്ക് എന്തെങ്കിലും ഒക്കെ മനസ് തുറന്ന് സംസാരിക്കാൻ ഉണ്ടെങ്കിൽ മദ്രാസിൽ വന്ന് ചിത്രീകരിക്കാം. പറയാം ചേട്ടാ എന്നാണ് അപ്പോൾ പറഞ്ഞത്. അന്ന് രാത്രി എനിക്ക് ലിസി ഒരു മെസേജ് അയച്ചിരുന്നു. എന്തിനാ ചേട്ടാ മറ്റുള്ളവരുടെ മനസമാധാനം ഞാൻ ആയിട്ട് ഇല്ലാതാക്കുന്നത് എന്നാണ് അതിൽ പറഞ്ഞത്. കുട്ടികൾ വലുതായി, അവർക്ക് പ്രയാസമാകും എന്നാണ് ലിസി എന്നോട് പറഞ്ഞത്.












Click it and Unblock the Notifications