8 മിനിറ്റിന് പ്രതിഫലം 35 കോടി, ഭാര്യയും ബോളിവുഡ് സൂപ്പർസ്‌റ്റാർ; അജയ് ദേവ്ഗൺ ആള് പുലിയാണ് കേട്ടോ...
ഇന്ത്യൻ സിനിമയിൽ മൂന്ന് തവണ ദേശീയ അവാർഡ് നേടിയ നായക നടൻമാർ വിരളമാണ്. അവരിൽ ഒരാളാണ് അജയ് ദേവ്ഗൺ. മമ്മൂട്ടി കമൽ ഹാസൻ, മിഥുൻ ചക്രബർത്തി എന്നിവർക്കൊപ്പമാണ് അജയ് ദേവ്ഗൺ എന്ന നടന്റെയും സ്ഥാനം. എന്നാൽ അഭിനേതാവ് എന്ന നിലയിലെ അംഗീകാരങ്ങൾ മാത്രമല്ല അൻപത്തഞ്ച് കാരനായ അജയ് ദേവ്ഗൺ സമ്പാദ്യത്തിലും ഒട്ടും പിറകിലല്ല.
താരത്തിന്റെ അടുത്തിടെ ഇറങ്ങിയ സിനിമകൾ ഉൾപ്പെടെ വലിയ രീതിയിൽ വാണിജ്യ വിജയം കൈവരിച്ചിരുന്നു. ഇതോടെ താരത്തിന്റെ പ്രതിഫലവും വൻ തോതിൽ ഉയർന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. കുറച്ചു നാളുകൾക്ക് മുൻപ് വന്ന റിപ്പോർട്ടുകൾ പ്രകാരം എസ്എസ് രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ആർആർആറിന് വേണ്ടി റെക്കോർഡ് തുകയാണ് അജയ് ദേവ്ഗൺ കൈപ്പറ്റിയതെന്നാണ്.

ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് അജയ് ദേവ്ഗൺ പ്രത്യക്ഷപ്പെട്ടത്. വെറും എട്ട് മിനിറ്റുകൾ മാത്രമാണ് താരം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതിനായി 35 കോടി രൂപയാണ് അദ്ദേഹം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ഒരു മിനിറ്റിന് നാലര കോടി രൂപ എന്ന വൻ തുക. സിനിമയിൽ രാംചരൺ അവതരിപ്പിച്ച അല്ലൂരി സീതരാമ രാജുവിന്റെ പിതാവിന്റെ വേഷത്തിലാണ് താരം അഭിനയിച്ചത്.
ഏതാണ്ട് 550 കോടി ബജറ്റിൽ നിർമ്മിച്ച ഈ സിനിമയുടെ ആഗോള കളക്ഷൻ 1,230 കോടി രൂപയായിരുന്നു എന്നാണ് ട്രേഡ് അനലിസ്‌റ്റുകൾ വെളിപ്പെടുത്തിയത്. അജയ് ദേവ്ഗണിന്റെ ക്യാമിയോയുടെ ബലത്തിൽ നോർത്ത് സ്‌റ്റേറ്റുകളിൽ നിന്ന് വലിയ തോതിൽ ചിത്രം പണം വാരിക്കൂട്ടിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. താരത്തിന്റെ മാർക്ക് വാല്യൂ മുന്നിൽ കണ്ട് തന്നെയാണ് നിർമ്മാതാക്കൾ ഇത്രയും ഭീമമായ തുക മുടക്കാൻ തയ്യാറായത്.
അതേസമയം, അജയ് ദേവ്ഗൺ തന്റെ കരിയർ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഭാര്യയും ബോളിവുഡ് സൂപ്പർതാരവുമായ കാജോളും ഇതിന് പിന്തുണയുമായി രംഗത്തുണ്ട്. ജൂലായ് 12ന് റിലീസ് ചെയ്യാനിരിക്കുന്ന റൊമാന്റിക് ഡ്രാമയായ 'ഔറോൺ മേ കഹൻ ദം ഥാ'യിലാണ് സൂപ്പർ താരം ഇനി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുക. നവംബർ 15ന് മറ്റൊരു ചിത്രമായ റെയ്‌ഡ് 2 റിലീസ് ചെയ്യും.
അജയ് ദേവ്ഗണിന്റെ ആസ്‌തി
ഫൈനാൻഷ്യൽ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് അജയ് ദേവ്ഗണിന്റെ ആകെ ആസ്‌തി ഏകദേശം 427 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്. അഭിനയ ജീവിതത്തിൽ നിന്ന് തന്നെയാണ് ഇതിൽ ഭൂരിഭാഗവും താരം നേടിയെടുത്തത്. ബോക്‌സ് ഓഫീസിലെ മിന്നും പ്രകടനങ്ങൾ താരത്തിന്റെ വിലയേറ്റുന്നു എന്നതാണ് വാസ്‌തവം.
കൂടാതെ താരത്തിന് സ്വന്തമായി ഒരു നിർമ്മാണ കമ്പനിയും, വിഎഫ്എക്‌സ് കമ്പനിയുമുണ്ട് എന്നത് പലർക്കും അറിയാത്ത കാര്യമാണ്. അജയ് ദേവ്ഗൺ ഫിലിംസ് എന്ന പേരിൽ രജിസ്‌റ്റർ ചെയ്‌ത കമ്പനി നിരവധി ചിത്രങ്ങൾ പ്രൊഡ്യൂസ് ചെയ്‌തിരുന്നു. കൂടാതെ എൻവൈ വിഎഫ്എക്‌സ് വാല എന്ന കമ്പനിയും താരത്തിന്റെ പേരിലുണ്ട്.
ഇതിന് പുറമെ ആഡംബര കാറുകളുടെ വൻ ശേഖരവും ഒന്നിലേറെ വസതികളും താരത്തിന് സ്വന്തമായുണ്ട് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജുഹുവിലുള്ള അപ്പാർട്മെന്റ് ഫ്ലാറ്റും, മുംബൈയിലെ ആഡംബര വസതിയും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ലണ്ടനിൽ വലിയൊരു ബംഗ്ലാവും താരത്തിന്റെ പേരിലുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications