"അവനെ വീട്ടിൽ കയറി അടിക്കണമെന്നാണ് മാധവ് പറഞ്ഞത്, നന്മയും മനുഷ്യത്വവുമുള്ള നടനാണ് സുരേഷ് ഗോപി"
മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായ സുരേഷ് ഗോപി രാഷ്ട്രീയത്തിലും സജീവമാണ്. മുൻപ് വളരെ ജനപ്രീതി ഉണ്ടായിരുന്ന അദ്ദേഹത്തിന് പക്ഷേ അടുത്തകാലത്തായി വിമർശകർ വളരെയധികമാണ്. ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതിന് പിന്നാലെയാണ് താരത്തിന് എതിരെ കാര്യമായി എതിർപ്പ് ഉയർന്നുവന്നത്. ഇതിൽ അദ്ദേഹത്തിന്റെ കുടുംബത്തെയും പലരും വലിച്ചിഴച്ചിരുന്നു.
സുരേഷ് ഗോപിയുടെ രണ്ട് ആൺമക്കളും നിലവിൽ സിനിമയിൽ സജീവമാണ്. ഗോകുൽ ഇതിനിടയിൽ ഒട്ടേറെ സിനിമകളിൽ നായകനായും സഹതാരമായും ഒക്കെ വേഷമിടുകയും പ്രേക്ഷകരുടെ കൈയ്യടി നേടുകയും ഒക്കെ ചെയ്‌തിരുന്നു. അടുത്തകാലത്തായി സുരേഷ് ഗോപിയുടെ ഇളയമകനായ മാധവ് സുരേഷും സിനിമയിൽ ഒരുകൈ നോക്കുന്നുണ്ട്.

മാധവ് അഭിമുഖങ്ങളിൽ പെരുമാറുന്ന രീതി കണ്ടുകൊണ്ട് താരത്തിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സംവിധായകൻ കൂടിയായ ആലപ്പി അഷ്‌റഫ്. തന്റെ കുടുംബത്തെ ചിലർ മോശമായി പറയുമ്പോൾ ഈ ചെറുപ്പക്കാർ പ്രതികരിക്കുന്നത് തെറ്റാണോ എന്നാണ് ആലപ്പി അഷ്‌റഫ് ചോദിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
ഈയിടെ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് സോഷ്യൽ മീഡിയയിലൂടെ തനിക്കും തന്റെ കുടുംബത്തിനും വേദന സമ്മാനിച്ച കമന്റിനെ കുറിച്ച് പരാമർശിക്കുകയുണ്ടായി. നിന്റെ ഭാര്യയെയും പെൺമക്കളെയും എനിക്ക് തന്നിട്ട് പോവൂ എന്നായിരുന്നു ആ കമന്റ്. മാധവ് പറയുന്നു അത് കേട്ടയുടൻ ആദ്യം തോന്നിയത് അവന്റെ വീട്ടിൽ കേറി അടി കൊടുക്കണമെന്നാണ്. എന്നാൽ അങ്ങനെ നമുക്ക് ചെയ്യാൻ കഴിയില്ല. ഇത്തരം വൃത്തികെട്ട, സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്ക് എതിരെ പ്രതികരിക്കാനോ നടപടി എടുക്കാനോ ഒരു സംഘടനയും രംഗത്ത് വന്നില്ല.
മലയാള സിനിമയിൽ നന്മയും മനുഷ്യത്വവും സഹപ്രവർത്തകരോട് അനുകമ്പയും ഒക്കെയുള്ള നടനാണ് സുരേഷ് ഗോപി എന്നതിൽ യാതൊരു സംശയവുമില്ല. മുൻപ് അദ്ദേഹം രാഷ്ട്രീയമായി സജീവമാവുന്നതിന് മുൻപ് എല്ലാവരും തള്ളിപ്പറഞ്ഞപ്പോൾ സുരേഷ് ഗോപിയെ കുറിച്ച് ഞാൻ ഇട്ട ഒരു പോസ്‌റ്റ് നിങ്ങൾക്ക് ഇപ്പോഴും ഫേസ്‌ബുക്കിൽ കാണാം. ആറന്മുള പൊന്നമ്മയുടെ കൊച്ചുമകൾ കൂടിയാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധിക.
നല്ലൊരു മനസിന് ഉടമയാണ് അവർ, മറ്റുള്ളവരുടെ വേദന കണ്ട് സഹായിക്കുന്നതിൽ സുരേഷ് ഗോപിയോടൊപ്പം എന്നും നിന്നിട്ടുള്ള ആളാണ് അവർ. പല പ്രതിസന്ധികളിലും സുരേഷ് ഗോപിക്ക് താങ്ങും തണലുമായി നിന്നത് അവരാണ്. സുരേഷ് ഗോപിയുടെ മകൾ മരിച്ചപ്പോൾ അദ്ദേഹം വിങ്ങിപ്പൊട്ടുന്ന ആ മുഖം ഇന്നും എനിക്ക് മറക്കാൻ കഴിയില്ല.
പപ്പയുടെ സ്വന്തം അപ്പൂസിൽ ഡോ. ഗോപൻ എന്ന വേഷം ശരിക്കും ആദ്യം അഭിനയിച്ച മുരളി ആയിരുന്നു. എന്നാൽ മറ്റൊരു സിനിമയിൽ നായകവേഷം കിട്ടിയപ്പോൾ മുരളി ഒന്നും പറയാതെ ഈ സിനിമ ഉപേക്ഷിച്ചു പോവുകയായിരുന്നു. ഷൂട്ടിംഗ് പ്രതിസന്ധിയിൽ ആയപ്പോൾ ഫാസിൽ സഹായം അഭ്യർത്ഥിച്ചത് സുരേഷ് ഗോപിയോട് ആയിരുന്നു. വലിയ തിരക്കിൽ ആയിരുന്നിട്ടും അദ്ദേഹം വന്നു അഭിനയിച്ചു. ഇന്നത്തെ സിനിമാക്കാർക്ക് ഇല്ലാത്തതാണ് ഈ പരസഹായം.
മലയാള സിനിമയിൽ സഹജീവികളെ സഹായിക്കുക എന്ന പ്രവണത പ്രേം നസീറിന് ശേഷം മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരോട് കൂടി അവസാനിക്കാനാണ് സാധ്യത. ധ്യാൻ പറഞ്ഞ വാക്കുകളാണ് എനിക്ക് ഓർമ്മ വരുന്നത്. എനിക്ക് സാമൂഹ്യ പ്രതിബദ്ധത ഉണ്ടെന്ന് ഞാൻ പറഞ്ഞോ, എനിക്ക് അങ്ങനെ ഇല്ല. ഇതാണ് ഇപ്പോഴത്തെ മലയാള സിനിമയുടെ അവസ്ഥ.












Click it and Unblock the Notifications